Connect with us

From the print

കോഴിക്കോട് കോര്‍പറേഷന്‍: ഇടത് കോട്ട തകര്‍ക്കുമോ യു ഡി എഫ്

ആറ് കോര്‍പറേഷനുകളില്‍ ഭരണം ഉറപ്പായും കിട്ടുമെന്ന് സി പി എമ്മിന് കണ്ണുംപൂട്ടി പറയാവുന്ന കോര്‍പറേഷനാണ് കോഴിക്കോട്. എന്നാല്‍, 48 വര്‍ഷത്തെ കോട്ട ഇത്തവണ പൊളിക്കുമെന്ന് യു ഡി എഫ്.

Published

|

Last Updated

കോഴിക്കോട് | ആറ് കോര്‍പറേഷനുകളില്‍ ഭരണം ഉറപ്പായും കിട്ടുമെന്ന് സി പി എമ്മിന് കണ്ണുംപൂട്ടി പറയാവുന്ന കോര്‍പറേഷനാണ് കോഴിക്കോട്. സംസ്ഥാനത്ത് എത്ര രാഷ്ട്രീയ കൊടുങ്കാറ്റടിച്ചിട്ടും ഇളകാത്ത കോട്ട. ഇടത് മുന്നണിയുടെ കൈപ്പിടിയിലില്ലാത്ത കണ്ണൂര്‍ കോര്‍പറേഷന്‍ ഇത്തവണ പിടിച്ചെടുക്കുമെന്ന് ആത്മവിശ്വാസം കൊള്ളുന്ന സി പി എമ്മിന് കോഴിക്കോട്ട് ഒരു കോട്ടവും തട്ടില്ലെന്ന് ഉറപ്പ്. എന്നാല്‍, 48 വര്‍ഷത്തെ കോട്ട ഇത്തവണ പൊളിക്കുമെന്ന് യു ഡി എഫ്. അതിനവരുടെ പക്കലുള്ള മാജിക് എന്താണെന്ന് വ്യക്തമായിട്ടില്ല. സ്ഥാനാര്‍ഥിപ്പട്ടിക നേരത്തേ പുറത്തുവിട്ട് തങ്ങള്‍ സജ്ജമെന്ന് അവര്‍ തെളിയിച്ചു. വാര്‍ഡ് കമ്മിറ്റികളും നേരത്തേ രൂപവത്കരിച്ച് പ്രവര്‍ത്തന രംഗത്തിറങ്ങി.

സെറ്റപ്പില്‍ യു ഡി എഫ്
എന്നാല്‍, പരമ്പരാഗതമായി സി പി എമ്മിന്റെ കൈപ്പിടിയിലുള്ള കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ പാകത്തില്‍ താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ വിജയിച്ചോ എന്ന് പറയണമെങ്കില്‍ തിരഞ്ഞെടുപ്പ് കഴിയേണ്ടി വരും. വി എം വിനുവിന് വോട്ടില്ലെന്ന് തെളിഞ്ഞതോടെ മേയര്‍ സ്ഥാനാര്‍ഥി സര്‍പ്രൈസ് പൊളിഞ്ഞെങ്കിലും മുമ്പത്തേക്കാളും അല്‍പ്പം മെച്ചപ്പെട്ട സെറ്റപ്പിലാണ് ഇത്തവണ യു ഡി എഫിന്റെ മത്സരം. വിമതരുടെ ശല്യം ചിലയിടങ്ങളിലുണ്ടെങ്കിലും കഴിഞ്ഞ തവണത്തേത് പോലെയില്ല.

രമേശ് ചെന്നിത്തലക്കാണ് കോഴിക്കോട് കോര്‍പറേഷന്‍ പിടിക്കാനുള്ള സംഘടനാ ചുമതല. പാറോപ്പടിയില്‍ നിന്ന് മത്സരിക്കുന്ന കെ പി സി സി ജനറല്‍ സെക്രട്ടറി പി എം നിയാസാകും ജയിച്ചാല്‍ മേയര്‍. എന്നാല്‍, വിനുവിന് ശേഷം കോണ്‍ഗ്രസ്സ് ഔദ്യോഗികമായി ആരെയും ഉയര്‍ത്തിക്കാണിക്കുന്നില്ല. സി പി എമ്മിലും സ്ഥിതി ഇതുതന്നെ. എങ്കിലും ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹ്്മദിന്റെ പേര് പരിഗണനയിലുണ്ട്.

സി പി എം ആധിപത്യം
പുതിയ വിഭജനത്തോടെ കോര്‍പറേഷന്‍ വാര്‍ഡുകള്‍ 75ല്‍ നിന്ന് 76 ആയി. 2020ല്‍ ഇടത് മുന്നണിക്ക് കിട്ടിയ 50 സീറ്റുകളില്‍ 46ഉം സി പി എമ്മിന്റേതായിരുന്നു. സി പി ഐ, എന്‍ സി പി, ആര്‍ ജെ ഡി, കോണ്‍ഗ്രസ്സ് (എസ്) ഓരോന്ന് വീതവും.

ബി ജെ പി പ്രതീക്ഷ
കഴിഞ്ഞ രണ്ട് തവണയും ബി ജെ പിക്ക് കിട്ടിയത് ഏഴ് സീറ്റുകള്‍. എന്നാല്‍, കഴിഞ്ഞ തവണ 22 സീറ്റുകളില്‍ രണ്ടാം സ്ഥാനവും ചില സീറ്റുകളില്‍ വലിയ മുന്നേറ്റവും ഉണ്ടായതിനാല്‍ ഇപ്രാവശ്യം ഈ സീറ്റുകളില്‍ ജയിക്കാന്‍ ശ്രമിക്കുമെന്നാണ് അവരുടെ അവകാശവാദം. യു ഡി എഫിലെ പടലപ്പിണക്കങ്ങളോ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതകളോ ആയിരുന്നു ബി ജെ പിക്ക് കഴിഞ്ഞ തവണ മുന്നേറാന്‍ വഴിയൊരുക്കിയതെങ്കില്‍ ഇപ്രാവശ്യം അതുണ്ടാകാന്‍ സാധ്യതയില്ല. കഴിഞ്ഞ തവണ പത്തോളം വിമതരാണ് കോണ്‍ഗ്രസ്സിന് തിരിച്ചടിയായത്. എല്‍ ഡി എഫിനാണെങ്കില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ നില മെച്ചപ്പെടുത്താന്‍ കഴിയുമെന്നതില്‍ ഒരു സംശയവുമില്ല.

തദ്ദേശത്തിലെ യു ഡി എഫ്
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോര്‍പറേഷന്‍ വാര്‍ഡുകളില്‍ യു ഡി എഫിന് വലിയ ലീഡ് കിട്ടുന്നുണ്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ മികവുണ്ടാക്കാന്‍ കഴിയുന്നില്ല. 2015ലും 2020ലും 18 സീറ്റുകള്‍ മാത്രമാണ് യു ഡി എഫിന് കിട്ടിയത്. 2010ല്‍ നിലവിലുണ്ടായിരുന്ന 55ല്‍ 34 സീറ്റും യു ഡി എഫിന് നേടാനായെങ്കിലും പുതുതായി കൂട്ടിച്ചേര്‍ത്ത എലത്തൂരും ബേപ്പൂരും ഭരണം നിലനിര്‍ത്താന്‍ സി പി എമ്മിനെ സഹായിച്ചു. കോഴിക്കോട് നോര്‍ത്ത്, സൗത്ത്, എലത്തൂര്‍, ബേപ്പൂര്‍ എന്നിങ്ങനെ നാല് നിയമസഭാ മണ്ഡലങ്ങളാണ് കോഴിക്കോട് കോര്‍പറേഷനിലുള്ളത്.

ഇടതിന് ആയുധം വികസനം
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നഗരത്തിലുണ്ടാക്കിയ വികസനമാണ് എല്‍ ഡി എഫിന്റെ പ്രചാരണായുധം. പാളയം പുതിയ മാര്‍ക്കറ്റ്, ബീച്ച് മോഡി പിടിപ്പിക്കല്‍, മാലിന്യനിര്‍മാര്‍ജന പദ്ധതികള്‍ തുടങ്ങിയവയാണ് പ്രധാനമായും ഇടതുപക്ഷം എടുത്തുകാണിക്കുന്നത്. ഇതിന് പുറമെ യുനസ്‌കോ സാഹിത്യനഗരം പദവി, വയോജന സൗഹൃദ നഗരം, സുരക്ഷിത നഗരം തുടങ്ങിയ ബഹുമതികളും വോട്ടാകുമെന്നാണ് എല്‍ ഡി എഫ് ഉറച്ച് വിശ്വസിക്കുന്നത്.

അഴിമതി, വികസന മുരടിപ്പ്
എന്നാല്‍, അഴിമതിയും വികസന മുരടിപ്പുമാണ് യു ഡി എഫ് ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പലവട്ടം കോര്‍പറേഷനിലേക്ക് മാര്‍ച്ച് ഉള്‍പ്പെടെ നടത്തിയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ തിരുവനന്തപുരത്തും കൊച്ചി കോര്‍പറേഷനിലും ഉള്ളതുപോലെ വമ്പന്‍ വികസന പദ്ധതികള്‍ കോഴിക്കോട്ട് ഉണ്ടായിട്ടില്ലെങ്കിലും ആരെയും പിണക്കാത്ത ഭരണം കാഴ്ചവെക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ജനങ്ങളുമായി ഉണ്ടാക്കിയ ബന്ധം ഇടത് മുന്നണിക്ക് പോസിറ്റീവാണ്.

മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് കോതി ആവിക്കല്‍ത്തോട് ഉള്‍പ്പെടെ ചില പ്രതിഷേധങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍ മറ്റ് പ്രതിസന്ധികളോ സമര കോലാഹലങ്ങളോ ഉണ്ടായില്ല. ആവിക്കല്‍ത്തോട്ടിലും കോതിയിലും ജനങ്ങളുടെ ഹിതമനുസരിച്ച് കോര്‍പറേഷന്‍ പദ്ധതി പിന്നീട് നിര്‍ത്തിവെക്കുകയും ചെയ്തു.

പ്രചാരണം
തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ രണ്ട് മുന്നണികളും കോര്‍പറേഷനില്‍ പ്രചാരണം കൊഴുപ്പിക്കുന്നു. കുടുംബ യോഗങ്ങളും ചായ സത്കാരങ്ങളും നടക്കുന്നു. പ്രധാനമായും സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യംവെച്ചാണ് ഇത്തരം യോഗങ്ങള്‍. സംസ്ഥാന ദേശീയ നേതാക്കളാണ് ഇത്തരം യോഗങ്ങളില്‍ പങ്കെടുക്കുന്നത്. കോഴിക്കോട്ട് അത്ഭുതങ്ങള്‍ സംഭവിക്കുമോ അതോ ഇടത് മുന്നണിയുടെ കൈയില്‍ കൂടുതല്‍ ഭദ്രമാകുമോ എന്ന് കണ്ടറിയാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.

 

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest