From the print
ലക്ഷദ്വീപ് കപ്പല്‍ ടിക്കറ്റ് ബുക്കിംഗില്‍ സുതാര്യത; ഇന്ന് മുതല്‍ ഓണ്‍ലൈനില്‍
www.lakshadweep Irctc.co.in എന്ന വെബ്സൈറ്റിലൂടെയും ഐ ആര്‍ സി ടി സിയുടെ സെയില്‍ ടു ലക്ഷദ്വീപ് ആപ്പിലൂടെയുമാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാകുക.
മട്ടാഞ്ചേരി (കൊച്ചി) | ലക്ഷദ്വീപ് കപ്പല്‍ യാത്രക്കുള്ള ടിക്കറ്റ് ബുക്കിംഗിന് ഇന്ന് മുതല്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. ഈ മാസം 14 മുതലുള്ള കപ്പല്‍ യാത്രക്കുള്ള ടിക്കറ്റ് ഇനി ഓണ്‍ലൈന്‍ ബുക്കിംഗിലൂടെയാണ് ലഭിക്കുക. യാത്രക്കാരന് നേരിട്ട് ടിക്കറ്റ് ലഭിക്കുക, കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കുക, മികച്ച സേവനം ഉറപ്പാക്കുക, കരിഞ്ചന്ത ഒഴിവാക്കുക തുടങ്ങി ഒട്ടേറെ ഗുണങ്ങളുമായാണ് ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തിയത്.
www.lakshadweep Irctc.co.in എന്ന വെബ്സൈറ്റിലൂടെയും ഐ ആര്‍ സി ടി സിയുടെ സെയില്‍ ടു ലക്ഷദ്വീപ് ആപ്പിലൂടെയുമാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാകുക. യു പി ഐ അടക്കമുള്ള പേമെന്റ്‌സംവിധാനങ്ങളിലൂടെ ടിക്കറ്റ് നിരക്ക് അടയ്ക്കാം. കാര്‍ഗോ ബുക്കിംഗില്‍ നിലവിലെ രീതി തുടരും.
ലക്ഷദ്വീപിലെ പത്ത് ജനവാസ ദ്വീപുകളിലേക്ക് കൊച്ചി, മംഗലാപുരം കേന്ദ്രങ്ങളില്‍ നിന്നുള്ള കപ്പലുകളിലെ യാത്രക്കുള്ള ടിക്കറ്റ് ഇതിലുടെ ബുക്ക് ചെയ്യാം. കൊച്ചിയില്‍ നിന്ന് ഏഴും മംഗലാപുരത്ത് നിന്ന് ഒരു കപ്പലുമാണ് ദ്വീപിലേക്ക് സര്‍വീസ് നടത്തുന്നത്. നിലവിലെ ഇ- ടിക്കറ്റ് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.
ദ്വീപ് വാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് നടത്താം. ദ്വീപ് യാത്രാ ടിക്കറ്റ് ബുക്കിംഗ് പിഴവുകള്‍ ഒഴിവാക്കി ദ്വീപ് നിവാസികളുടെയും വിനോദസഞ്ചാരികളുടെയും ദുരിതത്തിന് ഇതോടെ അറുതിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.



