From the print
നിപുണ്‍ ഭാരത് മിഷന്‍ പദ്ധതിയില്‍ കേരളവും പങ്കാളിയാകും
പ്രീ പ്രൈമറി മുതല്‍ പ്രൈമറി ക്ലാസ്സുകള്‍ വരെയുള്ള കുട്ടികള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസവും അധ്യാപകരുടെ പഠന ശേഷിയും വര്‍ധിപ്പിക്കാനുള്ള കേന്ദ്ര പദ്ധതി.
പാലക്കാട് | പ്രീ പ്രൈമറി മുതല്‍ പ്രൈമറി ക്ലാസ്സുകള്‍ വരെയുള്ള കുട്ടികള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസവും അധ്യാപകരുടെ പഠന ശേഷിയും വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നിപുണ്‍ ഭാരത് മിഷന്‍ പദ്ധതിയില്‍ കേരളവും പങ്കാളികളാകും.
സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ പി എം ശ്രീ പദ്ധതിക്ക് സമാനമായി പ്രീ പ്രൈമറി മുതല്‍ പ്രൈമറി തലത്തിലെ വിദ്യാര്‍ഥികളുടെ അടിസ്ഥാന വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 2020 ജൂലൈ 29ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും സാക്ഷരതാ വകുപ്പും സംയുക്തമായി നിപുണ്‍ ഭാരത് മിഷന്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്.
പദ്ധതിയില്‍ സംസ്ഥാനം ചേരുന്നതിന്റെ ഭാഗമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2022ല്‍ നടത്തിയ ഫൗണ്ടേഷനല്‍ ലേണിംഗ് സ്റ്റഡിയില്‍ സംസ്ഥാനത്തെ 380 സ്‌കൂളുകളില്‍ നിന്നായി 3,516 വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളുടെ പഠന നിലവാരം സമഗ്രമായി വിലയിരുത്തി കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്ര ശിക്ഷാ അഭിയാന്റെ കീഴിലാണ് കേരളത്തില്‍ നിപുണ്‍ ഭാരത് മിഷന്‍ നടപ്പാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
നടത്തിപ്പിനായി ജില്ലാ, ബ്ലോക്ക്, സ്‌കൂള്‍ തലങ്ങളില്‍ ടാസ്‌ക് ഫോഴ്‌സുകള്‍ രൂപവത്കരിച്ചിട്ടുണ്ട്്. വിദ്യാര്‍ഥികളുടെ സാഹിത്യപരവും അടിസ്ഥാനപരവുമായ ഭാഷാ വൈദഗ്ധ്യം വികസിപ്പിക്കുന്ന പഠന പദ്ധതിക്ക് പുറമെ, അടിസ്ഥാന പഠനം പൂര്‍ത്തിയാകുന്നത് വരെ അവരെ നിലനിര്‍ത്താനും പഠന- പരിശീലന- മൊഡ്യൂളുകള്‍ മെച്ചപ്പെടുത്താനും അധ്യാപക ശേഷി വര്‍ധിപ്പിക്കാനും ഓരോ കുട്ടിയുടെയും പുരോഗതി ട്രാക്ക് ചെയ്യാനും കേന്ദ്രം പദ്ധതി ആവിഷ്‌കരിക്കും. 2026-27 വര്‍ഷത്തോടെ ഈ പദ്ധതി രാജ്യത്ത് പൂര്‍ത്തിയാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്്. അന്താരാഷ്ട്ര ഗവേഷണത്തിന്റെയും ഒ ആര്‍ എഫ് പഠനങ്ങളുടെയും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പദ്ധതി നടപ്പാക്കുക.



