From the print
വയനാട് പുനരധിവാസം: പ്രചാരണ രംഗത്ത് മറുപടി പറയാനാകാതെ കോണ്‍. നേതൃത്വം
യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ അധ്യക്ഷനായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതികള്‍ പ്രചാരണ രംഗത്ത് നിറഞ്ഞുനില്‍ക്കുമ്പോഴാണ് പുനരധിവാസ വിഷയത്തിലും മറുപടി പറയനാകാതെ നേതൃത്വം ഉഴലുന്നത്.
കല്‍പ്പറ്റ | തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസ വിഷയം പ്രചാരണ രംഗത്ത് കോണ്‍ഗ്രസ്സിന് തലവേദനയാകുന്നു. യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ അധ്യക്ഷനായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതികള്‍ പ്രചാരണ രംഗത്ത് നിറഞ്ഞുനില്‍ക്കുമ്പോഴാണ് പുനരധിവാസ വിഷയത്തിലും മറുപടി പറയനാകാതെ നേതൃത്വം ഉഴലുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നേതാക്കള്‍ സംസ്ഥാനത്ത് എവിടെ വാര്‍ത്താസമ്മേളം നടത്തിയാലും രാഹുല്‍ കേസിനൊപ്പം ചൂരല്‍മല പുനരധിവാസം സംബന്ധിച്ചും മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുകയാണ്. എന്നാല്‍, വ്യക്തമായ മറുപടി നല്‍കാന്‍ നേതൃത്വത്തിന് കഴിയുന്നില്ല. വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും പുനരധിവാസത്തിന് ഭൂമി കണ്ടെത്താന്‍ പോലും കോണ്‍ഗ്രസ്സിന് കഴിഞ്ഞില്ലെന്നതാണ് വിചിത്രം.
ടൗണ്‍ഷിപ്പിനായി വയനാട്ടില്‍ എവിടെയെങ്കിലും ഭൂമി നോക്കിയോ, എത്ര രൂപ പിരിച്ചുകിട്ടി, പണം പിരിച്ച ആപ്പ് എവിടെ, എന്ന് പ്രവൃത്തി തുടങ്ങാനാകും, പുനരധിവാസ പദ്ധതി സംബന്ധിച്ച് എന്തെങ്കിലും പറയാനുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടിയില്ല. ഉടന്‍ പ്രവൃത്തി തുടങ്ങുമെന്നല്ലാതെ മറ്റൊന്നും പറയാനാകാത്ത അവസ്ഥയിലാണ് നേതാക്കള്‍. ചിലര്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധിതിക്ക് തടസ്സം നില്‍ക്കുന്നുവെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ്.
കോണ്‍ഗ്രസ്സ് 100ഉം യൂത്ത് കോണ്‍ഗ്രസ്സ് 30ഉം വീടുകളാണ് പുനരധിവാസ പദ്ധതിയില്‍ പ്രഖ്യാപിച്ചിരുന്നത്. ഭൂമി കണ്ടെത്താന്‍ കഴിയാത്തതാണ് പദ്ധതി വൈകാന്‍ കാരണമെന്നാണ് കോണ്‍ഗ്രസ്സ് നേതാക്കളുടെ വാദം. സര്‍ക്കാറിന്റെ ടൗണ്‍ഷിപ്പ് പദ്ധതി പൂര്‍ത്തിയാകുന്നതിന് മുമ്പ് കോണ്‍ഗ്രസ്സിന്റെ പദ്ധതി പൂര്‍ത്തിയാകുമെന്നതിനാലാണ് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തടസ്സം നില്‍ക്കുന്നതെന്ന വാദമാണ് മുന്നോട്ടുവെക്കുന്നത്. എന്നാല്‍, യു ഡി എഫിലെ ഘടകക്ഷിയായ മുസ്്‌ലിം ലീഗ് അടക്കമുള്ള എല്ലാ സംഘടനകളുടെയും വീട് പ്രവൃത്തി പുരോഗമിക്കുകയാണ്. ഈ സഹചര്യത്തിലാണ് പദ്ധതിക്കായി ഭൂമി ലഭിക്കുന്നില്ലെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ പറയുന്നത്.
സര്‍ക്കാറിന്റെ ടൗണ്‍ഷിപ്പ് പദ്ധതിക്ക് പുറമെ മുസ്്‌ലിം ലീഗ് 105, ഡി വൈ എഫ് ഐ 100, കര്‍ണാടക സര്‍ക്കാര്‍ 100, കോണ്‍ഗ്രസ്സ് 100, യൂത്ത് കോണ്‍ഗ്രസ്സ് 30, സമസ്ത തമിഴ്‌നാട് 14, സമസ്ത കോ- ഓര്‍ഡിനേഷന്‍ നാല്, നാസര്‍ മാനു 27, എറണാകുളം സംയുക്ത മഹല്ല് ജമാഅത്ത് 20, മസ്‌കത്ത് കെ എം സി സി പത്ത്, ഐ എന്‍ എല്‍ അഞ്ച്, എന്‍ എസ് എസ് 150, കെ സി ബി സി 100, കെ എന്‍ എം- റിഹാബ് ഫൗണ്ടഷേന്‍ 50, ജമാഅത്തെ ഇസ്്‌ലാമി 30, നീതൂസ് അക്കാദമി പത്ത്, ഓട്ടോ മൊബൈല്‍ വര്‍ക്്‌ഷോപ്്‌സ് അസ്സോസിയേഷന്‍ ആറ്, പോലീസ് അസ്സോസിയേഷന്‍ മൂന്ന്, ഫിലോകാലിയ 25, ഗോകുലം ഗോപാലന്‍ 25, മലങ്കര സുറിയാനി സഭ 50, സേവാ ഭാരതി 50, എ ഐ വൈ എഫ് 20 വീടുകളുടെ പ്രഖ്യാപനമാണ് നടത്തിയത്.
കെ സി ബി സി മുണ്ടക്കൈ ദുരന്ത ഇരകള്‍ക്കൊപ്പം കോഴിക്കോട് ജില്ലയില്‍ ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാടുള്ളവര്‍ക്കുമായാണ് 100 വീട് പ്രഖ്യാപിച്ചത്. ഇതില്‍ വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിലായുള്ള വീടുകളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. ചില വീടുകള്‍ ഇതിനകം കൈമാറിക്കഴിഞ്ഞു. കര്‍ണാടക സര്‍ക്കാറും ഡി വൈ എഫ് ഐ, എന്‍ എസ് എസ്, എ ഐ വൈ എഫ് സംഘടനകളും ഭവന പദ്ധതി പ്രഖ്യാപിച്ച ചില വ്യക്തികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധയിലേക്ക് പണം കൈമാറിയിട്ടുണ്ട്.
ഭവന പദ്ധിതി പ്രഖ്യാപിച്ചില്ലെങ്കിലും പ്രധാന സംഘടനകളിലൊന്നായ കേരള മുസ്‌ലിം ജമാഅത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറിയിട്ടുണ്ട്. സേവാ ഭാരതിയുടെ വീട് പ്രവൃത്തി പുരോഗമിക്കുന്നു. സാമൂഹിക പ്രവര്‍ത്തകനായ നാസര്‍ മാനു, പോലീസ് അസ്സോസിയേഷന്‍, ഓട്ടോ മൊബൈല്‍ വര്‍ക്‌ഷോപ്‌സ് അസ്സോസിയേഷന്‍ എന്നിവര്‍ പ്രഖ്യാപിച്ച വീടുകളുടെ പ്രവൃത്തി പൂര്‍ത്തിയായിക്കഴിഞ്ഞു.
എറണാകുളം സംയുക്ത മഹല്ല് ഫെഡറേഷന്റെ പ്രവൃത്തി ആരംഭിച്ചു. കെ എന്‍ എമ്മും റിഹാബ് ഫൗണ്ടേഷനും ചേര്‍ന്ന് മേപ്പാടിക്കടുത്ത് മുക്കംകുന്നിലാണ് വീടുകള്‍ നിര്‍മിക്കുന്നത്. സമസ്ത തൃക്കൈപ്പറ്റ നെല്ലിമാളത്ത് 14 വീടിന്റെ പ്രവൃത്തി അവസാനഘട്ടത്തിലാണ്. സമസ്ത കോ- ഓര്‍ഡിനേഷന്‍ വെള്ളമുണ്ട കട്ടയാട്ട് നാല് വീട് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ജമാഅത്തെ ഇസ്്‌ലാമി പദ്ധതിക്കായി ഭൂമി ഏറ്റെടുത്തതായാണ് വിവരം.
മുസ്്‌ലിം ലീഗിന്റെ ഭവന പദ്ധതി മേപ്പാടി തൃക്കൈപ്പറ്റയില്‍ പുരോഗമിക്കുകയാണ്. ലീഗ് പദ്ധതിയില്‍ നിരവധി വീടുകളുടെ വാര്‍പ്പ് ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് പദ്ധതിയില്‍ ഒരോ ദിവസവും പത്തിലേറെ വീടുകളുടെ വാര്‍പ്പാണ് നടക്കുന്നത്. മുഴുവന്‍ സോണുകളിലും റോഡ് നിര്‍മാണവും പുരോഗമിക്കുന്നു.
ജനുവരിയോടെ പദ്ധതി പൂര്‍ത്തീകരിക്കാനുള്ള തിരക്കിട്ട ശ്രമമാണ് ഇവിടെ നടക്കുന്നത്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ്സിന്റെ പ്രവൃത്തിക്ക് എവിടെ സ്ഥലമെന്ന് പോലും പറയാനാകാതെ നേതാക്കള്‍ വോട്ടര്‍മാര്‍ക്ക് മുന്നിലെത്തുന്നത്.



