From the print
ജമാഅത്തെ ഇസ്‌ലാമിക്കും മുസ്‌ലിം ലീഗിനും ഒത്തുപോകാന്‍ കഴിയില്ല: എം കെ മുനീര്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും യു ഡി എഫ് വെല്‍ഫെയര്‍ പാര്‍ട്ടി നീക്കുപോക്ക് തുടരുന്നതിനിടെയാണ് ജമാഅത്ത് സഖ്യത്തിനെതിരെ ശക്തമായ നിലപാടുമായി എം കെ മുനീര്‍ രംഗത്തെത്തിയിരിക്കുന്നത്.
കോഴിക്കോട് | ജമാഅത്തെ ഇസ്‌ലാമിയെ പൂര്‍ണമായി തള്ളി മുസ്‌ലിം ലീഗ് നേതാവ് ഡോ. എം കെ മുനീര്‍. ജമാഅത്തിന്റെയും ലീഗിന്റെയും ഐഡിയോളജി ഒത്തുപോയിക്കഴിഞ്ഞാല്‍ പിന്നെ മുസ്‌ലിം ലീഗ്, ജമാഅത്തെ ഇസ്‌ലാമി എന്നീ പേരുകളിലുള്ള രണ്ട് പ്രസ്ഥാനങ്ങള്‍ ആവശ്യമില്ലല്ലോയെന്ന വിമര്‍ശമുന്നയിച്ചാണ് സ്വകാര്യ ചാനലിനനുവദിച്ച അഭിമുഖത്തില്‍ എം കെ മുനീര്‍ പ്രതികരിച്ചത്.
ജമാഅത്തെ ഇസ്‌ലാമിയും മുസ്‌ലിം ലീഗും തമ്മില്‍ ആശയപരമായ ഭിന്നത നിലനില്‍ക്കുന്നുവെന്നതില്‍ സംശയമില്ല. ഇവ രണ്ടിനും ഒരിക്കലും ഒന്നാകാന്‍ പറ്റില്ല. അവരുടെ ആശയത്തെ ലീഗ് ഒരുതരത്തിലും ഉള്‍ക്കൊള്ളാന്‍ തയ്യാറല്ല. മതരാഷ്ട്രവാദം ഉപേക്ഷിച്ചുവെന്ന് ജമാഅത്തെ ഇസ്‌ലാമി ഇപ്പോള്‍ പറയുന്നുണ്ടെങ്കിലും അത് സംബന്ധിച്ച് നേരത്തേ അവര്‍ പ്രസിദ്ധീകരിച്ച സാഹിത്യങ്ങളെല്ലാം ഇപ്പോഴും വിപണിയിലുണ്ടെന്നും മുനീര്‍ വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും യു ഡി എഫ് വെല്‍ഫെയര്‍ പാര്‍ട്ടി നീക്കുപോക്ക് തുടരുന്നതിനിടെയാണ് ജമാഅത്ത് സഖ്യത്തിനെതിരെ ശക്തമായ നിലപാടുമായി എം കെ മുനീര്‍ രംഗത്തെത്തിയിരിക്കുന്നത്.
യു ഡി എഫിന്റെ ജമാഅത്ത് ബന്ധത്തെ വിവിധ മുസ്‌ലിം സംഘടനാ നേതാക്കള്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍, വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമില്ലെന്നും നീക്കുപോക്കുകള്‍ മാത്രമാണെന്നുമായിരുന്നു കോണ്‍ഗ്രസ്സ്, ലീഗ് നേതാക്കളുടെ പ്രതികരണം.
യു ഡി എഫ് നേതാക്കളുടെ ഈ നിലപാടിനോട് കല്യാണം കഴിച്ചിട്ടില്ല, സംബന്ധം മാത്രമാണെന്നായിരുന്നു പ്രമുഖ എഴുത്തുകാരന്‍ എം എന്‍ കാരശ്ശേരിയുടെ വിമര്‍ശം.



