Kerala
കേരളത്തിന്റെ അരിവിഹിതം വെട്ടിക്കുറയ്ക്കാന്‍ ശ്രമിച്ച കൊല്ലം, കോഴിക്കോട് എം പിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
ഇടതുപക്ഷത്തോടുള്ള ഇവരുടെ വിരോധം മൂത്ത് ഇപ്പോള്‍ കേരളത്തോടുള്ള വിരോധമായി മാറിയിരിക്കുന്നു
തിരുവനനന്തപുരം | കേരളത്തിലെ നിര്‍ധന വിഭാഗങ്ങള്‍ക്കുള്ള അരിവിഹിതം വെട്ടിക്കുറയ്ക്കാന്‍ ശ്രമിച്ച കൊല്ലം, കോഴിക്കോട് എംപിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം പ്രയോഗിക്കുന്ന മാരീചന്മാരെ തിരിച്ചറിയണം. ഇടതുപക്ഷത്തോടുള്ള ഇവരുടെ വിരോധം മൂത്ത് ഇപ്പോള്‍ കേരളത്തോടുള്ള വിരോധമായി മാറിയിരിക്കുന്നതായി അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞദിവസം എം പി മാരായ എന്‍ കെ പ്രേമചന്ദനും എം കെ രാഘവനും പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യം കേരളത്തിന് എതിരാണെന്നാണ് ധനമന്ത്രി ചൂണ്ടിക്കാട്ടുന്നത്. എല്‍ ഡി എഫ് സര്‍ക്കാര്‍ കേരളത്തില്‍ അതി ദാരിദ്ര്യ വിമുക്ത പദ്ധതി നടപ്പിലാക്കിയതിനാല്‍ കേരളത്തിലെ എ എ വൈ കാര്‍ഡുടമകള്‍ക്കുള്ള ധാന്യ വിഹിതം വെട്ടിക്കുറയ്ക്കുമോ എന്നതായിരുന്നു ഇവിരുടെ ചോദ്യം. കേരളത്തിനു നല്‍കുന്ന ആനുകൂല്യങ്ങള്‍ നിങ്ങള്‍ക്ക് വെട്ടിക്കുറച്ചു കൂടെ എന്ന് പരോക്ഷമായി കേന്ദ്രത്തെ ഉപദേശിക്കുകയായിരുന്നു ഇവരെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി.
പ്രഖ്യാപനം വഴി കേരളത്തിന് വിദേശ സാമ്പത്തിക ഏജന്‍സികള്‍ വഴി വായ്പ എടുക്കാനാവുമോയെന്നും ഇരുവരും ചോദിച്ചു. എന്നാല്‍, അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയും അന്ത്യോദയ റേഷനും (എ എ വൈ) തമ്മില്‍ ബന്ധമില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കി.
കേന്ദ്രം എന്തെങ്കിലും അവ്യക്തമായ മറുപടി നല്‍കിയിരുന്നെങ്കില്‍ അതും പൊക്കിപ്പിടിച്ച് അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി മൂലം പാവങ്ങളുടെ അരി പോയിരിക്കുന്നു എന്നൊരു പച്ചക്കള്ളവുമായി ഇവര്‍ ഇറങ്ങുമായിരുന്നു എന്ന് മന്ത്രി പറഞ്ഞു.
എന്ത് കള്ളത്തരം കാണിച്ചും കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നതെല്ലാം തടഞ്ഞ് അത് സംസ്ഥാന സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കുക എന്ന ലക്ഷ്യമേ അവര്‍ക്കുള്ളൂ. ലോകം മുഴുവന്‍ അംഗീകരിച്ച അതിദാരിദ്ര്യ വിമുക്ത പദ്ധതിയുടെ വിജയത്തില്‍ ഇവര്‍ക്കുള്ള അസഹിഷ്ണുത തീര്‍ക്കാന്‍ കാണിച്ച ഈ കുതന്ത്രം മലയാളികളോടുള്ള ഒന്നാന്തരം വെല്ലുവിളിയാണെന്നും ധനമന്ത്രി വ്യക്തമാക്കി.


