Connect with us

Kerala

സഹകരണബാങ്കില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തി ഒളിവില്‍പോയ സെക്രട്ടറിയും ഹെഡ് ക്ലാര്‍ക്കും വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍

1994 മുതല്‍ 1998 വരെയുള്ള കാലയളവിലാണ് തിരുവനന്തപുരം സര്‍വീസ് സഹകരണ ബാങ്കിന്റെ മെയിന്‍ ബ്രാഞ്ചിലെ ആറ് ഉപഭോക്താക്കളുടെ നിക്ഷേപം ഇരുവരും തട്ടിയത്

Published

|

Last Updated

തിരുവനന്തപുരം | സഹകരണബാങ്കില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയ കേസില്‍ ശിക്ഷ അനുഭവിക്കാതെ ഒളിവില്‍ കഴിഞ്ഞ ബാങ്ക് സെക്രട്ടറിയും ഹെഡ് ക്ലര്‍ക്കും വര്‍ഷങ്ങള്‍ക്കുശേഷം അറസ്റ്റില്‍. തിരുവനന്തപുരം സര്‍വീസ് സഹകരണ ബാങ്കിന്റെ മെയിന്‍ ബ്രാഞ്ചിലെ സെക്രട്ടറിയായിരുന്ന പി ശശികുമാറിനെയും ഹെഡ് ക്ലര്‍ക്കായിരുന്ന സി ശശിധരന്‍ നായരെയുമാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

1994 മുതല്‍ 1998 വരെയുള്ള കാലയളവില്‍ ആറ് ഉപഭോക്താക്കളുടെ നിക്ഷേപമാണ് ഇരുവരും തട്ടിയത്. വ്യാജ വായ്പാ അപേക്ഷകളും രേഖകളും നിര്‍മിച്ച് പതിനെട്ട് ലക്ഷം രൂപ കൈവശപ്പെടുത്തിയ കേസില്‍ അഞ്ച് വര്‍ഷം കഠിന തടവും ആയിരം രൂപ പിഴയും 2013ല്‍ വിജിലന്‍സ് കോടതി ശിക്ഷിച്ചിരുന്നു. തുടര്‍ന്ന് ശശികുമാറും ശശിധരന്‍ നായരും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതിലൂടെ ശിക്ഷ കാലയളവ് ഒരു വര്‍ഷവും ആയിരം രൂപ പിഴയുമാക്കി ഇളവ് വരുത്തി.

വിജിലന്‍സ് കോടതിയില്‍ കീഴടങ്ങുന്നതിന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും ഇരുവരും കോടതിയില്‍ കീഴടങ്ങാതെ ഒളിവില്‍ പോകുകയായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇരുവരേയും തിരുവനന്തപുരം നെടുങ്കാടുള്ള വീടുകളില്‍ നിന്ന് ഇന്നലെ വിജിലന്‍സ് സംഘം ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

 

---- facebook comment plugin here -----

Latest