Connect with us

local body election

പ്രചാരണം ഉച്ചസ്ഥായിയിൽ; കാസര്‍കോട്ട് ഇഞ്ചോടിഞ്ച് പോരാട്ടം

2,855 സ്ഥാനാര്‍ഥികളാണ് ജില്ലയില്‍ മത്സരരംഗത്തുള്ളത്. 1,382 സ്ത്രീകളും 1,473 പുരുഷന്മാരും.

Published

|

Last Updated

കാസര്‍കോട് | തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട തിരഞ്ഞെടുപ്പിന് ഇനി മൂന്ന് നാളുകള്‍ മാത്രം ബാക്കിയിരിക്കെ പ്രചാരണം അവസാന ലാപ്പിലേക്ക്. നഗരപ്രദേശങ്ങളിലും ഗ്രാമങ്ങളിലും പ്രധാന മുന്നണികള്‍ തമ്മില്‍ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം. ഇടത്- വലത് മുന്നണികള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ഇടങ്ങളിലും ശക്തമായ ത്രികോണ മത്സരം നടക്കുന്ന വാര്‍ഡുകളിലുമെല്ലാം പ്രചാരണം ഉച്ചസ്ഥായിയിലാണ്.

2,855 സ്ഥാനാര്‍ഥികളാണ് ജില്ലയില്‍ മത്സരരംഗത്തുള്ളത്. 1,382 സ്ത്രീകളും 1,473 പുരുഷന്മാരും. എല്‍ ഡി എഫും യു ഡി എഫും ഏതാണ്ട് ഒപ്പത്തിനൊപ്പമുള്ള കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണം ഇത്തവണ ഏത് പക്ഷത്തേക്ക് ചായുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ തവണ സ്വതന്ത്രന്റെ പിന്തുണയോടെ ഭരിച്ച ഇടതുമുന്നണി ഇത്തവണ കൂടുതല്‍ സീറ്റുകള്‍ നേടി ഭരണത്തുടര്‍ച്ച ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ജില്ലാ പഞ്ചായത്തും കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളും നിലനിര്‍ത്തുന്നതോടൊപ്പം കൂടുതല്‍ പഞ്ചായത്തുകളില്‍ ജയിച്ചുകയറാനുള്ള സാഹചര്യമാണ് നിലവിലുള്ളതെന്ന് ഇടതുമുന്നണി ജില്ലാ കണ്‍വീനര്‍ കെ പി സതീഷ്ചന്ദ്രന്‍ സിറാജിനോട് പറഞ്ഞു.

രാഷ്ട്രീയ വിഷയങ്ങള്‍ മാറ്റി നിര്‍ത്തി വികസന പദ്ധതികള്‍ പ്രചാരണ വിഷയമാക്കി ഇടതുമുന്നണി വോട്ടര്‍മാരെ അഭിമുഖീകരിക്കുമ്പോള്‍, കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന മുരടിപ്പും നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവും ഉള്‍പ്പെടെ സാധാരണക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങൾ അക്കമിട്ട് നിരത്തിയാണ് യു ഡി എഫ് ഗോദയിലുള്ളത്. കഴിഞ്ഞ തവണ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ നഷ്ടമായ കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണം ഇത്തവണ ഏത് വിധേനയും തിരിച്ചുപിടിക്കുമെന്നും യു ഡി എഫ് നേതൃത്വം അവകാശപ്പെടുന്നു.
ജില്ലാ പഞ്ചായത്തില്‍ അംഗബലം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് എന്‍ ഡി എ. ഇടത്- വലത് മുന്നണികളുടെ സംസ്ഥാന നേതാക്കളടക്കം വിവിധ കേന്ദ്രങ്ങളില്‍ പ്രചാരണത്തിനെത്തിയത് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്. എല്‍ ഡി എഫിന് വേണ്ടി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം എം വി ജയരാജന്‍ എന്നിവര്‍ പ്രചാരണത്തിനെത്തി.

അതേസമയം, കോണ്‍ഗ്രസ്സിന്റെയും മുസ്‌ലിം ലീഗിന്റെയും സമുന്നത നേതാക്കളെയെല്ലാം തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ എത്തിച്ച് പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ യു ഡി എഫ് നേതൃത്വത്തിനും സാധിച്ചു. കെ പി സി സി പ്രസിഡന്റ്സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ യു ഡി എഫിന് വേണ്ടിയും എം ടി രമേശ് ബി ജെ പിക്ക് വേണ്ടിയും തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പ്രസംഗിച്ചു.
വീടുകൾ കയറിയുള്ള വോട്ടഭ്യര്‍ഥനയും റോഡ്‌ഷോയും പലയിടങ്ങളിലും നടന്നുവരികയാണ്. പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിക്കാനാണ് സ്ഥാനാര്‍ഥികള്‍ സമയം കണ്ടെത്തുന്നത്. അതേസമയം, മത്സരപ്രതീതി പ്രകടമാകാത്ത പല വാര്‍ഡുകളും ജില്ലയിലുണ്ട്.

നേരത്തേ 17 ഡിവിഷനുകളുണ്ടായിരുന്ന ജില്ലാ പഞ്ചായത്തില്‍ ഇത്തവണ ഒരു ഡിവിഷന്‍ വര്‍ധിച്ച് 18 ആയി. നിലവില്‍ എല്‍ ഡി എഫിന് സ്വതന്ത്രന്‍ ഉള്‍പ്പെടെ എട്ടും യു ഡി എഫിന് ഏഴും ബി ജെ പിക്ക് രണ്ടും അംഗങ്ങളാണുള്ളത്. ബേക്കല്‍ ഡിവിഷനാണ് പുതുതായി നിലവില്‍ വന്നത്.ജില്ലാ പഞ്ചായത്തിലേക്കുള്ള മിക്ക ഡിവിഷനുകളിലും കടുത്ത പോരാട്ടമാണ് നടക്കുന്നത്. ചിലയിടങ്ങളില്‍ ശക്തമായ ത്രികോണ മത്സരമാണ്. നിലവില്‍ ആറ് ബ്ലോക്ക് പഞ്ചായത്തുകളില്‍ നാലിടത്ത് എല്‍ ഡി എഫും രണ്ടിടത്ത് യു ഡി എഫുമാണ്. ബ്ലോക്ക് പഞ്ചായത്തുകളിലും ശക്തമായ മത്സരമുണ്ട്. എന്നാല്‍ ആറിടത്തും ഭരണമാറ്റത്തിന് സാധ്യതയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. മൂന്ന് നഗരസഭകളില്‍ രണ്ടിടത്ത് എല്‍ ഡി എഫും ഒരിടത്ത് യു ഡി എഫുമാണ്.

38 ഗ്രാമപഞ്ചായത്തുകളില്‍ 19 ഇടത്ത് എല്‍ ഡി എഫ് ഭരിക്കുമ്പോള്‍ 15 ഇടത്ത് യു ഡി എഫ് ഭരണമാണ്. ബെള്ളൂര്‍, കാറഡുക്ക, മധൂര്‍ പഞ്ചായത്തുകളില്‍ ബി ജെ പിയാണ്. മഞ്ചേശ്വരത്ത് ആര്‍ക്കും ഭൂരിപക്ഷമില്ല. സ്വതന്ത്രരുടെയും വിമതരുടെയും പിന്തുണയോടെയും ഭാഗ്യത്തിന്റെ തുണയോടെയും ഭരണം ലഭിച്ച പഞ്ചായത്തുകളുമുണ്ട്. ഇവിടെയെല്ലാം നടക്കുന്നത് ശക്തമായ മത്സരമാണ്. ഇത്തവണ പല പഞ്ചായത്തുകളിലും ഭരണം മാറിമറിയുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ചിലയിടങ്ങളില്‍ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്ക് ഭീഷണിയായി വിമതരുടെ സാന്നിധ്യവുമുണ്ട്. ഭരണം നഷ്ടപ്പെടാന്‍ വിമതരുടെയും സ്വതന്ത്രരുടെയും സാന്നിധ്യം വിനയാകുമോയെന്ന ആശങ്കയും വര്‍ധിച്ചിട്ടുണ്ട്.

 

 

---- facebook comment plugin here -----

Latest