Bahrain
യുദ്ധ ഭീതി ഒഴിയുന്നില്ല; ബഹ്റൈനിൽ പാർക്ക് ചെയ്ത വിമാനങ്ങൾ സൗദിയിലേക്ക് മാറ്റി ഗൾഫ് എയർ; സർവീസുകൾ നിലച്ചേക്കും
ഇസ്റാഈൽ - യു എസ് - ഇറാൻ സംഘർഷം രൂക്ഷമായതോടെ വിമാനങ്ങൾക്കുണ്ടാകാൻ സാധ്യതയുള്ള സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് ഈ നീക്കം
അബൂദബി | മേഖലയിൽ യുദ്ധഭീതി പടരുന്ന സാഹചര്യത്തിൽ അതീവ സുരക്ഷാ മുൻകരുതലുമായി ഗൾഫ് എയർ. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന വിമാനങ്ങൾ സൗദി അറേബ്യയുൾപ്പെടെയുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇസ്റാഈൽ – യു എസ് – ഇറാൻ സംഘർഷം രൂക്ഷമായതോടെ വിമാനങ്ങൾക്കുണ്ടാകാൻ സാധ്യതയുള്ള സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് ഈ നീക്കം.
മിസൈൽ ആക്രമണ ഭീഷണിയും വ്യോമപാതയിലെ അനിശ്ചിതത്വവും നിലനിൽക്കുന്നതിനാലാണ് വിമാനങ്ങൾ മാറ്റി പാർക്ക് ചെയ്യാൻ ഗൾഫ് എയർ തീരുമാനിച്ചത്. മാർച്ച് 10-ന് മേഖലയിലെ വ്യോമപാത ഭാഗികമായി തുറന്ന സമയത്തായിരുന്നു പത്തോളം വിമാനങ്ങൾ അതിവേഗം മാറ്റിയത്. സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കാണ് ഈ വിമാനങ്ങൾ പറത്തിയത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യാത്രക്കാരില്ലാതെയാണ് ഈ സർവീസുകൾ നടത്തിയത്.
പ്രധാന വിമാനങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് മാറ്റിയതോടെ ബഹ്‌റൈനിൽ നിന്നുള്ള സാധാരണ വിമാന സർവീസുകൾ ഭൂരിഭാഗവും നിലച്ച അവസ്ഥയിലാണ്. നിലവിലെ സാഹചര്യത്തിൽ വാണിജ്യ സർവീസുകൾ തുടരുന്നത് അപകടകരമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. എന്നാൽ, സാഹചര്യം അനുകൂലമായാൽ മറ്റ് വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് അത്യാവശ്യ സർവീസുകളും ആളുകളെ നാട്ടിലെത്തിക്കാനുള്ള (Repatriation) വിമാനങ്ങളും പ്രവർത്തിപ്പിക്കാൻ നീക്കമുണ്ട്. മേഖലയിലെ ഓരോ മാറ്റവും അധികൃതർ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.
Summary
Gulf Air has relocated approximately 10 of its aircraft from Bahrain International Airport to safer locations in Saudi Arabia amid escalating regional tensions involving Israel, the US, and Iran. The ferry flights were conducted without passengers as a precautionary measure against potential missile threats. Consequently, regular commercial operations from Bahrain are largely suspended, though limited repatriation flights may be considered if conditions improve.




