Kerala
ദേശീയപാതാ ഉദ്ഘാടന വിവാദം; മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതിഷേധ റോഡ് ഷോ ആരംഭിച്ചു
കോഴിക്കോട് രാമനാട്ടുകര മുതല്‍ വെങ്ങളം വരെയാണ് റോഡ് ഷോ.
കോഴിക്കോട്| പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാതാ ഉദ്ഘാടന ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് റോഡ് ഷോ ആരംഭിച്ചു. കോഴിക്കോട് രാമനാട്ടുകര മുതല്‍ വെങ്ങളം വരെയാണ് റോഡ് ഷോ. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് പൊതുമരാമത്ത് മന്ത്രിയെ ക്ഷണിക്കാത്തതില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചിരുന്നു. ചടങ്ങിലേക്ക് ക്ഷണമുള്ള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എം ബി രാജേഷും കെ കൃഷ്ണന്‍കുട്ടിയും പരിപാടിയില്‍ നിന്ന് വിട്ടുനിന്നു.
മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത് രാഷ്ട്രീയ പകപോക്കലെന്ന് സിപിഐഎം കുറ്റപ്പെടുത്തി. പരിപാടിയുടെ അറിയിപ്പ് കിട്ടിയത് ഇന്നലെയാണെന്നും മണ്ഡലത്തില്‍ വേറെ പരിപാടികള്‍ ഉള്ളത് കൊണ്ട് പങ്കെടുക്കില്ലെന്നും മന്ത്രി എംബി രാജേഷ് വ്യക്തമാക്കി. ചടങ്ങില്‍ പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്ന് മന്ത്രികൃഷ്ണന്‍ കുട്ടിയും പ്രതികരിച്ചു.
കാസര്‍ഗോഡ് സമാന്തര ഉദ്ഘാടനം നടത്തി സിപിഐഎം പ്രതിഷേധം അറിയിച്ചു.
ചടങ്ങിലേക്ക് ക്ഷണിക്കാത്തതിന്റെ കാരണം അറിയില്ലെന്ന് മന്ത്രി റിയാസ് പ്രതികരിച്ചിരുന്നു. കേരളത്തെ അപമാനിക്കുന്ന നടപടിയാണിത്. രാഷ്ട്രീയത്തിന് അതീതമായി കാണേണ്ടതാണ് ദേശീയപാത ഉദ്ഘാടനം. ജനങ്ങള്‍ എല്ലാ മനസ്സിലാക്കും. ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതില്‍ രാഷ്ട്രീയ അജണ്ടയുണ്ടോയെന്ന് ജനം തീരുമാനിക്കട്ടെ. അവര്‍ ചര്‍ച്ച ചെയ്യട്ടെ. ദേശീയപാത നിര്‍മാണത്തില്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഇടപെടല്‍ എന്തെന്ന് പോസ്റ്റര്‍ പതിഞ്ഞ പോലെ ജനങ്ങളുടെ മനസ്സിലുണ്ടാകുമെന്നും റിയാസ് വ്യക്തമാക്കി.

