Connect with us

National

'അമ്മേ, ബൈ ബൈ, തിരിച്ചുവരുമോ എന്ന് അറിയില്ല'; പശ്ചിമേഷ്യൻ സംഘർത്തിനിടെ 169 ഇന്ത്യക്കാരെ രക്ഷിച്ച 23-കാരി!

യാത്രയ്ക്കിടെ നെഞ്ചിടിപ്പ് കൂട്ടിയ ഒരു നിമിഷമുണ്ടായി. ആകാശത്തുവെച്ച് എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നിമിഷനേരത്തേക്ക് വിച്ഛേദിക്കപ്പെട്ടു. വിമാനത്തിനുള്ളിൽ നേരിയ ആശങ്ക പടർന്നെങ്കിലും ദീപികയും സംഘവും പതറിയില്ല...

Published

|

Last Updated

ന്യൂഡൽഹി | ഫരീദാബാദിലെ തിഗാവ് സ്വദേശിയായ ദീപിക അധന എയർ ഇന്ത്യ എക്സ്പ്രസിലെ പൈലറ്റായി ചുമതലയേറ്റിട്ട് അധികകാലമായിട്ടില്ല. എന്നാൽ മാർച്ച് 6-ന് രാവിലെ 10:15-ന് വന്ന ആ ഫോൺ കോൾ ദീപികയുടെ ജീവിതം മാറ്റിമറിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് യു എ ഇയിലെ റസൽഖൈമയിൽ കുടുങ്ങിക്കിടക്കുന്ന 169 ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ദൗത്യം. യഥാർത്ഥത്തിൽ ദീപികയുടെ സുഹൃത്ത് പോകേണ്ടിയിരുന്ന വിമാനത്തിൽ, യാത്രയ്ക്ക് രണ്ട് മണിക്കൂർ മുമ്പ് ദീപികയോട് ചുമതലയേൽക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

അമേരിക്കയും ഇസ്റാഈലും ഇറാനും തമ്മിലുള്ള സംഘർഷം കൊടുമ്പിരിക്കൊള്ളുന്ന സമയം. ആകാശപാതകൾ പോലും സുരക്ഷിതമല്ലാത്ത സാഹചര്യം. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ദീപിക അമ്മ ബബ്ലി അധനയോട് പറഞ്ഞു: “അമ്മേ ബൈ ബൈ. ഞാൻ തിരിച്ചുവരുമോ എന്ന് എനിക്കറിയില്ല.” ഒരു അമ്മയ്ക്കും കേൾക്കാൻ ആഗ്രഹമില്ലാത്ത വാക്കുകൾ. പക്ഷേ, ദീപികയുടെ ഉള്ളിൽ അന്തരിച്ച തന്റെ വല്യപ്പച്ചൻ അമൃത് സിംഗ് അധനയുടെ സ്വപ്നമായിരുന്നു. തന്നെ ഒരു പൈലറ്റായി കാണണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം ദൗത്യം പൂർത്തിയാക്കാൻ അവൾക്ക് കരുത്തേകി.

ക്യാപ്റ്റൻ ജസ്വീന്ദർ കൗറിന്റെ നേതൃത്വത്തിലുള്ള പൂർണ്ണമായും വനിതകൾ മാത്രമടങ്ങിയ ക്രൂ ആയിരുന്നു ആ വിമാനത്തിൽ ഉണ്ടായിരുന്നത്. യുദ്ധസമാനമായ അന്തരീക്ഷത്തിലും സാധാരണ ദിവസത്തെപ്പോലെ അവർ ആത്മവിശ്വാസത്തോടെ പറന്നുയർന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ വിമാനം റസൽഖൈമയിൽ ലാൻഡ് ചെയ്തു. വിമാനത്താവളം അസാധാരണമാംവിധം ശാന്തമായിരുന്നു. 169 യാത്രക്കാരെയും കയറ്റി 3:30-ന് ഡൽഹിയിലേക്ക് തിരിച്ചു പറന്നു.

യാത്രയ്ക്കിടെ നെഞ്ചിടിപ്പ് കൂട്ടിയ ഒരു നിമിഷമുണ്ടായി. ആകാശത്തുവെച്ച് എയർ ട്രാഫിക് കൺട്രോളുമായുള്ള (ATC) ബന്ധം നിമിഷനേരത്തേക്ക് വിച്ഛേദിക്കപ്പെട്ടു. വിമാനത്തിനുള്ളിൽ നേരിയ ആശങ്ക പടർന്നെങ്കിലും ദീപികയും സംഘവും പതറിയില്ല. മിനിറ്റുകൾക്കുള്ളിൽ തകരാർ പരിഹരിച്ച് ബന്ധം പുനഃസ്ഥാപിച്ചു. ഒടുവിൽ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം തൊട്ടപ്പോൾ യാത്രക്കാരുടെ കണ്ണുകളിൽ നന്ദിയായിരുന്നു.

2020-ൽ പന്ത്രണ്ടാം ക്ലാസ് പാസായ ദീപിക, കോവിഡ് പ്രതിസന്ധികളെയും മറികടന്നാണ് പൈലറ്റ് ലൈസൻസ് നേടിയത്. ഇന്ന് രാജ്യം അവളെയും ആ പെൺപടയെയും സല്യൂട്ട് ചെയ്യുകയാണ്. തന്റെ മകൾ മരണത്തെ മുഖാമുഖം കണ്ടു മടങ്ങി വന്നതിന്റെയും 169 കുടുംബങ്ങളിൽ പ്രകാശം നിറച്ചതിന്റെയും സന്തോഷത്തിലാണ് ആ അമ്മ.

Summary

Deepika Adhana, a 23-year-old pilot from Faridabad, played a crucial role in rescuing 169 Indians stranded in the UAE amidst rising regional tensions. Leading an all-women crew, she successfully operated the flight from Ras Al Khaimah to Delhi despite brief technical challenges and safety concerns. Her courageous mission, inspired by her grandfather’s dream, has garnered widespread praise and emotional tributes from her family and passengers.

Latest