Connect with us

Kerala

മലപ്പുറത്തെ കോൺഗ്രസ്സിൽ പിടിവലി; തവനൂര്‍ സീറ്റിനായി ജോയിയും വാര്യരും

പൊന്നാനിയിൽ സീറ്റുറപ്പിച്ച് നൗഷാദലി

Published

|

Last Updated

മലപ്പുറം | കോൺഗ്രസ്സ് സ്ഥാനാർഥിപ്പട്ടിക അന്തിമ പ്രഖ്യാപനത്തിനായി കേന്ദ്ര നേതൃത്വത്തിന്റെ കൈയിലാണെങ്കിലും അവസാനഘട്ടത്തിലും സീറ്റിനായി പിടിവലി ശക്തമാണ്. യു ഡി എഫ് ധാരണ പ്രകാരം നാല് സീറ്റിലാണ് കോൺഗ്രസ്സ് മലപ്പുറം ജില്ലയിൽ ജനവിധി തേടുക. ഇതിൽ നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തും വണ്ടൂരില്‍ എ പി അനിൽകുമാറും തന്നെ മത്സരിക്കും. പൊന്നാനിയും തവനൂരുമാണ് കോൺഗ്രസ്സ് മൽസരിക്കുന്ന മറ്റ് രണ്ട് സീറ്റുകൾ.

ഇതിൽ പൊന്നാനിയിൽ കെ പി നൗഷാദലി ഉറപ്പിച്ചെന്നാണ് പറയുന്നത്. നൗഷാദലിയെ കൂടാതെ പൊന്നാനിയിലേക്ക് പി ടി അജയ്‌മോഹൻ, കെ പി അബ്ദുൽമജീദ്, സമദ് മങ്കട, സിദ്ദീഖ് പന്താവൂർ എന്നിവരെ ഉൾക്കൊള്ളിച്ചുള്ള പട്ടികയാണ് ജില്ലാ കോൺഗ്രസ്സ് നേതൃത്വം കെ പി സി സിക്ക് കൈമാറിയിരുന്നത്. ഇതിൽ നൗഷാദലിയുടെ പേരാണ് കേന്ദ്ര നേതൃത്വത്തിന് നൽകിയത്.
തവനൂർ സീറ്റിലാണ് പിടിവലി ശക്തമായിരിക്കുന്നത്. തവനൂരിൽ കെ പി സി സി ജനറൽ സെക്രട്ടറിമാരായ വി ബാബുരാജ്, ആലിപ്പറ്റ ജമീല, കെ പി സി സി അംഗം എ എം രോഹിത്, അഡ്വ. പത്മകുമാർ, സുരേഷ് പുൽപ്പാക്കര എന്നിവരുടെ പേരുകളായിരുന്നു ജില്ലാ നേതൃത്വം നൽകിയിരുന്നത്. എന്നാൽ ഈ പട്ടികയിലില്ലാത്ത രണ്ട് പേരാണ് ഇപ്പോൾ ഇടം പിടിച്ചിരിക്കുന്നത്.

പട്ടാമ്പി, തിരുവമ്പാടി മണ്ഡലങ്ങൾ വെച്ചുമാറുന്നതിലുള്ള മുസ്‍ലിം ലീഗ്- കോൺഗ്രസ്സ് ചർച്ച അലസിയതോടെയാണ് തവനൂരിനായി പിടിവലി തുടങ്ങിയത്. കേന്ദ്ര നേതൃത്വത്തിന്റെ അടുക്കൽ സ്ഥാനാർഥിപ്പട്ടികയെത്തിയിട്ടും അവസാന ഘട്ടത്തിലും ഈ സീറ്റിനായി ശക്തമായ ചരടുവലിയാണ് അണിയറയിൽ നടക്കുന്നത്. സന്ദീപ് വാര്യരും ജില്ലാ കോൺഗ്രസ്സ് അധ്യക്ഷൻ വി എസ് ജോയിയുമാണ് സീറ്റിനായി ഡൽഹിയിൽ ചരടുവലി നടത്തുന്നത്. നേരത്തേ വെച്ചുമാറൽ പ്രകാരം ലീഗിൽ നിന്ന് തിരുവമ്പാടി ലഭിക്കുകയാണെങ്കിൽ അവിടെ വി എസ് ജോയിയെ മത്സരിപ്പിക്കാനായിരുന്നു നീക്കം. ഇക്കാര്യം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു.

എന്നാൽ തിരുവമ്പാടിയിൽ ലീഗ് പ്രാദേശിക നേതൃത്വവും പട്ടാമ്പിയിൽ കോൺഗ്രസ്സ് പ്രാദേശിക നേതൃത്വവും കടുത്ത എതിർപ്പ് ഉയർത്തിയതോടെ വെച്ചുമാറൽ നീക്കം അലസി. ഇതോടെയാണ് വി എസ് ജോയിക്കായി തവനൂരിൽ പിടിവലി തുടങ്ങിയത്. എന്നാൽ വിജയസാധ്യത പരിഗണിച്ച് തവനൂരിലേക്കാണ് സന്ദീപ് വാര്യരെ പരിഗണിച്ചിരുന്നത്.

വി എസ് ജോയ് കൂടി തവനൂരിന് അവകാശം ഉന്നയിച്ചതാണ് ഇപ്പോൾ നേതൃത്വത്തിന് തലവേദനയായിരിക്കുന്നത്. സന്ദീപ് വാര്യർക്ക് അനുയോജ്യമായ മറ്റൊരു സീറ്റ് നൽകാനില്ലാത്തതും കോൺഗ്രസ്സ് നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. കോൺഗ്രസ്സ് കേന്ദ്ര നേതൃത്വം പട്ടിക പുറത്തിറക്കുന്നത് വരെ തവനൂർ സീറ്റിൽ പിടിവലി നടന്നുകൊണ്ടേയിരിക്കും. തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം വിലയിരുത്തുമ്പോൾ പൊന്നാനി ഒഴികെ മറ്റ് മൂന്ന് മണ്ഡലങ്ങളിലും യു ഡി എഫിനാണ് വിജയസാധ്യത കൂടുതൽ.

റിപ്പോർട്ടർ, മലപ്പുറം ബ്യൂറോ

---- facebook comment plugin here -----

Latest