Gulf
ദുബൈയിൽ താമസസ്ഥലം പങ്കിടുന്നത് നിയന്ത്രിക്കാൻ പുതിയ നിയമം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
കെട്ടിടങ്ങളിൽ അമിതമായി ആളുകൾ താമസിക്കുന്നത് തടയുന്നതിനും അനധികൃതമായ താമസ സൗകര്യങ്ങൾ നിയന്ത്രിക്കുന്നതിനും നിയമത്തിൽ വ്യക്തമായ വ്യവസ്ഥകളുണ്ട്.
ദുബൈ | താമസസ്ഥലം കൂടുതൽ ആളുകൾക്ക് പങ്കുവെക്കുന്നത് നിയന്ത്രിക്കാൻ പുതിയ നിയമം നടപ്പിലാക്കാൻ ഒരുങ്ങി ദുബൈ ഭരണകൂടം. താമസ സ്ഥലങ്ങൾ പങ്കിടുന്നതിന്റെ (Shared Housing) മാനേജ്‌മെന്റും വിനിയോഗവും നിയന്ത്രിക്കുന്ന നിയമമാണ് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചത്.
താമസക്കാരുടെയും വസ്തു ഉടമകളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനൊപ്പം ആരോഗ്യകരമായ ജീവിതസാഹചര്യങ്ങൾ ഒരുക്കുകയുമാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. കെട്ടിടങ്ങളിൽ അമിതമായി ആളുകൾ താമസിക്കുന്നത് തടയുന്നതിനും അനധികൃതമായ താമസ സൗകര്യങ്ങൾ നിയന്ത്രിക്കുന്നതിനും നിയമത്തിൽ വ്യക്തമായ വ്യവസ്ഥകളുണ്ട്.
കെട്ടിട നിർമ്മാണ, ഭൂവിനിയോഗ ചട്ടങ്ങളുടെ ലംഘനം തടയുന്നതിനൊപ്പം നീതിയുക്തമായ വാടക രീതികൾ പ്രോത്സാഹിപ്പിക്കാനും ദുബൈയുടെ റിയൽ എസ്റ്റേറ്റ് മേഖലയുടെ സ്ഥിരതയും ഭംഗിയും നിലനിർത്താനും പുതിയ നിയമം സഹായിക്കും. ഉടമകളുടെയും വാടകക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന സമഗ്രമായ ചട്ടക്കൂടാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജനവാസ മേഖലകളുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ ഈ നിയമം വഴിയൊരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഒന്നിലധികം ആളുകൾ അല്ലെങ്കിൽ ഒന്നിലധികം കുടുംബങ്ങൾ വീടോ ഫ്ളാറ്റോ പങ്കിട്ട് താമസിക്കുന്ന രീതി ഗൾഫ് രാജ്യങ്ങളിൽ വ്യാപകമാണ്. ദുബൈ പോലുള്ള നഗരങ്ങളിൽ കുറഞ്ഞ ചെലവിൽ താമസിക്കാൻ പലരും ഈ രീതിയാണ് തിരഞ്ഞെടുക്കുന്നത്. എന്നാൽ, ഒരു ചെറിയ ഫ്ലാറ്റിൽ ഉൾക്കൊള്ളാവുന്നതിലധികം ആളുകൾ താമസിക്കുന്നത് (Overcrowding) പലപ്പോഴും സുരക്ഷാപ്രശ്നങ്ങൾക്കും ശുചിത്വമില്ലായ്മയ്ക്കും കാരണമാകാറുണ്ട്. ഇത് തടയാനും, കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കാനും സമാധാനം നിലനിർത്താനുമാണ് ഈ ക്രമീകരണങ്ങൾക്കായി സർക്കാർ ഇപ്പോൾ കൃത്യമായ നിയമം കൊണ്ടുവരുന്നത്.
Summary
Sheikh Mohammed bin Rashid Al Maktoum has introduced a new law to regulate shared housing in Dubai, focusing on safety and healthy living conditions. The legislation aims to prevent overcrowding, curb informal housing, and protect the rights of both property owners and tenants. This move is expected to enhance the stability and aesthetic appeal of Dubai’s residential real estate market.






