Ongoing News
കുഞ്ഞുങ്ങൾക്ക് കുത്തിവെപ്പ് നൽകിയില്ലെങ്കിൽ രക്ഷിതാക്കൾക്ക് 20,000 ദിർഹം വരെ പിഴ; യു എ ഇയിൽ നിയമം കർശനമാക്കുന്നു
കരട് നിയമഭേദഗതിക്ക് ഫെഡറൽ നാഷണൽ കൗൺസിൽ അംഗീകാരം നൽകി
ദുബൈ | യു എ ഇയിൽ കുട്ടികൾക്ക് നിർബന്ധിത കുത്തിവെപ്പുകൾ നൽകുന്നതിൽ വീഴ്ച വരുത്തുന്ന രക്ഷിതാക്കൾക്ക് 20,000 ദിർഹം വരെ പിഴ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന കരട് നിയമഭേദഗതിക്ക് ഫെഡറൽ നാഷണൽ കൗൺസിൽ അംഗീകാരം നൽകി. രാജ്യത്തെ സാംക്രമിക രോഗ പ്രതിരോധ സംവിധാനം ശക്തമാക്കുന്നതിന്റെയും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം. ചൊവ്വാഴ്ച രാത്രി അബുദാബിയിൽ ചേർന്ന സെഷനിലാണ് കരട് നിയമഭദഗതി ഫെഡറൽ നാഷണൽ കൗൺസിൽ അംഗീകരിച്ചത്.
പുതിയ നിയമപ്രകാരം, ദേശീയ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം അനുസരിച്ചുള്ള വാക്സിനുകൾ കുട്ടികൾക്ക് നൽകാൻ വിസമ്മതിക്കുകയോ ബോധപൂർവ്വം ഒഴിവാക്കുകയോ ചെയ്യുന്നവർ 5,000 ദിർഹം മുതൽ 20,000 ദിർഹം വരെ പിഴ ഒടുക്കേണ്ടി വരും. യു എ ഇയിലെ നിലവിലെ ആരോഗ്യ സുരക്ഷാ ചട്ടങ്ങൾ അനുസരിച്ച് ജനനം മുതൽ പതിനൊന്നാം ക്ലാസ് വരെയാണ് കുട്ടികൾക്ക് വിവിധ ഘട്ടങ്ങളിലായി നിർബന്ധിത പ്രതിരോധ മരുന്നുകൾ നൽകുന്നത്. നവജാത ശിശുക്കൾക്കും നിശ്ചയിക്കപ്പെട്ട മറ്റ് വിഭാഗങ്ങൾക്കും ഈ സേവനം തുടർന്നും പൂർണ്ണമായും സൗജന്യമായിരിക്കും.
പകർച്ചവ്യാധികൾ പടരുന്നത് തടയാൻ പ്രത്യേക സാഹചര്യങ്ങളിൽ വാക്സിനേഷൻ നിർബന്ധമാക്കാൻ അധികൃതർക്ക് അധികാരമുണ്ടാകും. അതേസമയം, ആരോഗ്യപരമായ കാരണങ്ങളാൽ വാക്സിൻ സ്വീകരിക്കാൻ കഴിയാത്തവർക്ക് നിയമത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.3
ആഗോള ആരോഗ്യരംഗത്തെ മാറ്റങ്ങളും കോവിഡ് മഹാമാരിയിൽ നിന്നുള്ള പാഠങ്ങളും ഉൾക്കൊണ്ടാണ് നിയമം പരിഷ്കരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
Summary
The UAE’s Federal National Council has approved a law imposing fines between Dh5,000 and Dh20,000 on parents who fail to provide mandatory vaccinations for their children. This legal update aims to enhance national health security and ensure community-wide protection against infectious diseases. While vaccinations remain free for newborns, the law grants authorities the power to mandate immunization during health emergencies to prevent outbreaks.






