Connect with us

Gulf

ഗൾഫ് രാജ്യങ്ങളിൽ ആക്രമണം തുടർന്ന് ഇറാൻ; യു എ ഇയിലും ബഹ്‌റൈനിലും പ്രതിരോധം ശക്തം; ഖത്തറിൽ കർശന നിയന്ത്രണം

യുദ്ധസാഹചര്യത്തിൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയാൻ അബുദാബി ഭരണകൂടം ശക്തമായ ഇടപെടലുകൾ നടത്തി.

Published

|

Last Updated

ദുബൈ | മേഖലയിൽ യുദ്ധ സാഹചര്യം നിലനിൽക്കെ യു എ ഇ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ അതീവ സുരക്ഷാ ജാഗ്രത തുടരുന്നു. ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുകയാണ് ഗൾഫ് രാജ്യങ്ങൾ. വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇവിടങ്ങളിൽ സജീവമാണ്.

യു എ ഇ ലക്ഷ്യമാക്കി വന്ന മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധ സംവിധാനങ്ങൾ ആകാശത്തുവെച്ച് തന്നെ തകർത്തു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (DXB) സമീപം രണ്ട് ഡ്രോണുകൾ തകർന്നു വീണതിനെത്തുടർന്ന് നാല് പേർക്ക് പരിക്കേറ്റു. രണ്ട് ഘാന സ്വദേശികൾക്കും ഒരു ബംഗ്ലാദേശ് സ്വദേശിക്കും നിസാര പരിക്കുകളും ഒരു ഇന്ത്യൻ സ്വദേശിക്ക് സാരമായ പരിക്കുമാണ് ഏറ്റത്. നിലവിൽ ദുബായ് വിമാനത്താവളത്തിലെ വിമാന സർവീസുകൾ സാധാരണ നിലയിലാണ്.

യുദ്ധസാഹചര്യത്തിൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയാൻ അബുദാബി ഭരണകൂടം ശക്തമായ ഇടപെടലുകൾ നടത്തി. വിപണികളിൽ 740 പരിശോധനകൾ നടത്തി 416 മുന്നറിയിപ്പുകളും 38 പിഴകളും ചുമത്തി. സാധനങ്ങളുടെ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കാനാണ് ഈ നീക്കം. അതിനിടെ, രാജ്യരക്ഷയ്ക്കായി പോരാടുന്ന സൈനികർക്ക് ആദരമർപ്പിച്ച് യു എ ഇ നാഷണൽ ഓർക്കസ്ട്ര പ്രത്യേക സംഗീത ആൽബം പുറത്തിറക്കി. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രചിച്ച കവിതയാണ് ഇതിനായി ഉപയോഗിച്ചത്.

ബഹ്‌റൈനിലും ഖത്തറിലും സൈറണുകൾ

ബഹ്‌റൈനിൽ തുടർച്ചയായ മിസൈൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ സൈറണുകൾ മുഴക്കി ജാഗ്രതാ നിർദ്ദേശം നൽകി. ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ബഹ്‌റൈൻ പ്രതിരോധ സേനയുടെ വ്യോമപ്രതിരോധ വിഭാഗം ശക്തമായി നേരിടുകയാണ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ബഹ്‌റൈൻ വിമാനത്താവളത്തിലെ വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

ഖത്തറിൽ സുരക്ഷാ ഭീഷണി അതീവ ഗുരുതരമായ സാഹചര്യത്തിൽ ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശം നൽകി. ജനാലകൾക്കും തുറസ്സായ സ്ഥലങ്ങൾക്കും സമീപം നിൽക്കരുത്. ഖത്തറിന് നേരെ വന്ന മിസൈൽ ആക്രമണത്തെ സൈന്യം വിജയകരമായി ചെറുത്തു.

ഒമാനിലും ഡ്രോൺ വീണു

ഒമാനിലെ ദുകമിന് വടക്ക് ഒരു ഡ്രോൺ വെടിവെച്ചിടുകയും മറ്റൊന്ന് കടലിൽ വീഴുകയും ചെയ്തു. ഇവിടെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഒമാൻ ഭരണകൂടം വ്യക്തമാക്കി.

Summary

The Gulf region is on high alert as UAE, Bahrain, and Qatar successfully intercept missile and drone attacks. In Dubai, four foreigners, including an Indian, were injured after drones fell near the airport, while Qatar and Bahrain have urged residents to stay indoors due to ongoing threats. Authorities in Abu Dhabi are also strictly monitoring markets to prevent price hikes during the crisis.

Latest