Connect with us

International

എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തായ്‍ലാൻഡിൽ അപകടത്തിൽപെട്ടു; ലാൻഡിംഗിനിടെ ചക്രം പൊട്ടി; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

അപകടം തായ്‌ലൻഡിലെ ഫുക്കറ്റ് വിമാനത്താവളത്തിൽ; ലാൻഡിംഗിനിടെ വിമാനത്തിന്റെ മുൻവശത്തെ ചക്രം തകരുകയും വിമാനം റൺവേയിലൂടെ തെന്നിനീങ്ങുകയും ചെയ്തു

Published

|

Last Updated

ന്യൂഡൽഹി | ഹൈദരാബാദിൽ നിന്ന് തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഫുക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ടു. ബുധനാഴ്ച രാവിലെ വിമാനം ലാൻഡ് ചെയ്യുന്നതിനിടെയുണ്ടായ ഹാർഡ് ലാൻഡിംഗിനെത്തുടർന്ന് വിമാനത്തിന്റെ മുൻവശത്തെ ലാൻഡിംഗ് ഗിയറിന് (നോസ് ഗിയർ) ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയായിരുന്നു. തലനാരിഴക്കാണ് വൻദുരന്തം ഒഴിവായത്ത. അപകടത്തെത്തുടർന്ന് വിമാനത്താവളത്തിലെ റൺവേ താൽക്കാലികമായി അടച്ചു.

133 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ ഇവരെല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ലാൻഡിംഗിനിടെ വിമാനത്തിന്റെ മുൻവശത്തെ ചക്രം തകരുകയും വിമാനം റൺവേയിലൂടെ തെന്നിനീങ്ങുകയുമായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. തകർന്ന ചക്രം റൺവേയിൽ കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെത്തുടർന്ന് വിമാനത്താവള അധികൃതർ നോട്ടം (NOTAM) പുറപ്പെടുവിക്കുകയും പ്രാദേശിക സമയം വൈകുന്നേരം ആറ് മണി വരെ റൺവേ അടച്ചിടുകയും ചെയ്തു. റൺവേയിൽ നിന്ന് വിമാനം മാറ്റുന്നതിനും സുരക്ഷാ പരിശോധനകൾക്കുമായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

ബുധനാഴ്ച രാവിലെ 6:20ന് പുറപ്പെടേണ്ടിയിരുന്ന ഐ എക്സ് 938 വിമാനം 6:42നാണ് ഹൈദരാബാദിൽ നിന്ന് പറന്നുയർന്നത്. പ്രാദേശിക സമയം 11:40ന് ഫുക്കറ്റിൽ ലാൻഡ് ചെയ്തപ്പോഴായിരുന്നു അപകടം. ലാൻഡിംഗിനിടെ മുൻ ചക്രത്തിന് തകരാർ സംഭവിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് സ്ഥിരീകരിച്ചു. വിമാനത്തിലെ ക്രൂ അംഗങ്ങൾ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുവെന്നും യാത്രക്കാരെ സുരക്ഷിതമായി വിമാനത്തിൽ നിന്ന് മാറ്റിയതായും അധികൃതർ അറിയിച്ചു. വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിലെ പ്രധാന ഭാഗമായ നോസ് വീൽ തകരാറിലായതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

 

Summary

An Air India Express flight from Hyderabad carrying 133 passengers experienced a hard landing at Phuket International Airport in Thailand. The incident resulted in significant damage to the aircraft’s nose landing gear, causing the runway to be temporarily closed until 6 pm local time. All passengers were safely evacuated, and airport authorities are conducting safety inspections.

Latest