Kerala
സംസ്ഥാനത്ത് അൾട്രാവയലറ്റ് വികിരണ തോത് കൂടുന്നു; ആറിടത്ത് ഓറഞ്ച് അലര്‍ട്ട്
പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക.
തിരുവനന്തപുരം| സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് (യുവി) വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയരുന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകള്‍ അടിസ്ഥാനമാക്കി ആറിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊട്ടാരക്കര,കോന്നി,ചെങ്ങന്നൂര്‍,ചങ്ങനാശ്ശേരി,മൂന്നാര്‍,തൃത്താല എന്നിവിടങ്ങളില്‍ അതീവ ജാഗ്രത നിര്‍ദേശത്തിന്റെ ഭാഗമായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
കളമശ്ശേരി,ഒല്ലൂര്‍,പൊന്നാനി,ബേപ്പൂര്‍,മാനന്തവാടി എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതാപം, ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍ എന്നിവയ്ക്കൊപ്പം മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
- പകല്‍ 10 മുതല്‍ 3 വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക
- പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക.
- ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.




