Kerala
നടിയെ അക്രമിച്ച കേസില്‍ എട്ട് വര്‍ഷത്തിന് ശേഷം ഇന്ന് വിധി
നടന്‍ ദിലീപ് ഉള്‍പ്പെടെ പത്ത് പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്
കൊച്ചി | നടിയെ അക്രമിച്ച കേസില്‍ സംഭവം നടന്ന് എട്ട് വര്‍ഷത്തിന് ശേഷം ഇന്ന് വിചാരണക്കോടതി വിധി പറയും. നടന്‍ ദിലീപ് ഉള്‍പ്പെടെ പത്ത് പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വിധി പ്രസ്താവിക്കുന്ന ഇന്ന് എല്ലാ പ്രതികളോടും കോടതിയില്‍ ഹാജരാകണമെന്നു ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അപൂര്‍വ സംഭവമായ ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കിയ കേസില്‍ വിധിക്കായി രാജ്യം കാത്തിരിക്കുകയാണ്. 11 മണിക്ക് കോടതി നടപടികള്‍ ആരംഭിക്കും.
സുനില്‍ എന്‍ എസ് എന്ന പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വി പി വിജീഷ്, സലിം എച്ച് എ്‌നന വടിവാള്‍ സലിം, പ്രദീപ്, ചാര്‍ലി തോമസ്, പി ഗോപാലകൃഷ്ണന്‍ എന്ന ദിലീപ്, സനില്‍ കുമാര്‍ എന്ന മേസ്തിരി സനില്‍, ശരത് ജി നായര്‍ എന്നിവരാണ് കേസിലെ ഒന്ന് മുതല്‍ 10വരെയുള്ള പ്രതികള്‍.
2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം വെച്ചാണ് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് നിര്‍ത്തി ഒരുസംഘം അതിക്രമിച്ച് കയറിയത്. ഇവര്‍ അതിജീവിതയെ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും അപകീര്‍ത്തികരമായ വീഡിയോയും ചിത്രങ്ങളും പകര്‍ത്തുകയും ചെയ്തശേഷം കടന്നു കളഞ്ഞു.
സംഭവത്തിന് ശേഷം അതിജീവിത സംവിധായകനും നടനുമായ ലാലിന്റെ വസതിയില്‍ അഭയം തേടി. വിവരം അറിഞ്ഞ് സ്ഥലം എം എല്‍ എ ആയിരുന്ന പി ടി തോമസ് ലാലിന്റെ വസതിയിലെത്തി അതിജീവിതയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നാലെ അതിജീവിത പോലീസില്‍ പരാതി നല്‍കി. അതിജീവിത സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറായ കൊരട്ടി പൂവത്തുശേരി മാര്‍ട്ടിന്‍ ആന്റണിയെ 2017 ഫെബ്രുവരി 18ന് പോലീസ് കസ്റ്റഡിയിലെടുത്തു. മാര്‍ട്ടിന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിനിമാ രംഗവുമായി ബന്ധമുള്ള പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിജീവിതയെ ആക്രമിച്ചതെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ പ്രതികള്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പോലീസ് കണ്ടെത്തി.
കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാന്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പോലീസ് കോടതിയെ അറിയിച്ചു. 2017 ഏപ്രില്‍ 18ന് പള്‍സര്‍ സുനിയെ ഒന്നാം പ്രതിയാക്കി പോലീസ് അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇതിന് പിന്നാലെയാണ് കേസില്‍ നടന്‍ ദിലീപിന്റെ പങ്കാളിത്തം വ്യക്തമാകുന്ന സംഭവവികാസങ്ങള്‍ക്ക് തുടക്കമാകുന്നത്. വിഷ്ണു എന്നയാള്‍ ഫോണില്‍ വിളിച്ചു സംഭവത്തില്‍ ബന്ധപ്പെടുത്താതിരിക്കാന്‍ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടെന്ന് ദിലീപ് ഡി ജി പിക്ക് പരാതി നല്‍കി.
2017 ജൂണ്‍ 23ന് കേസില്‍ ദിലീപിന്റെ പങ്ക് വെളിപ്പെടുത്തി പള്‍സര്‍ സുനി എഴുതിയ കത്ത് പുറത്തുവന്നത് കേസിലെ നിര്‍ണ്ണായക വഴിത്തിരിവായി. പിറ്റേന്ന് തന്നെ ദിലീപിന്റെ പങ്ക് വെളിപ്പെടുത്തുന്ന നിര്‍ണ്ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതിന് പിന്നാലെ ദിലീപിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരായ വിഷ്ണു, സനല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
2017 ജൂണ്‍ 28ന് ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും പോലീസ് ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബ്ബില്‍വെച്ച് ഏതാണ്ട് 13 മണിക്കൂറോളമാണ് ഇരുവരും ചോദ്യം ചെയ്യലിന് വിധേയമായത്. ചോദ്യം ചെയ്യലിന് ശേഷം വിട്ടയയ്ക്കപ്പെട്ട ദിലീപ് പിറ്റേന്ന് നടന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തിരുന്നു. ദിലീപ് നായകനായി അഭിനയിച്ച ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയതിന്റെ തെളിവ് പോലീസ് ശേഖരിച്ചു. 2017 ജൂലൈ 10ന് ചോദ്യം ചെയ്യലിന് വിളിച്ച് വരുത്തിയ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു.
പിറ്റേന്ന് അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ദിലീപിനെ റിമാന്‍ഡ് ചെയ്ത് ആലുവ സബ് ജയിലിലടച്ചു. ഇതിന് പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ ദിലീപിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. ദിലീപ് ജയിലില്‍ തുടരവെ 2017 ഓഗസ്റ്റ് 15ന് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ദിലീപിന്റെ അമ്മ കത്തയച്ചു. പിന്നാലെ അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ 2017 സെപ്റ്റംബര്‍ രണ്ടിന് കോടതി ദിലീപിന് അനുമതി നല്‍കി. പിന്നീട് 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം 2017 ഒക്ടോബര്‍ മൂന്നിന് കര്‍ശന ഉപാധികളോടെ ദിലീപിന് ജാമ്യം ലഭിച്ചു.
2018 മാര്‍ച്ച് എട്ടിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ നടിയെ ആക്രമിച്ച് കേസിന്റെ വിചാരണ ആരംഭിച്ചു. കേസില്‍ വിചാരണ പുരോഗമിക്കുന്നതിനിടെ സാക്ഷികളെ അടക്കം കൂറ് മാറ്റി കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമിക്കുന്നതായുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു. കേസ് നീട്ടിക്കൊണ്ട് പോകുക എന്ന ലക്ഷ്യത്തോടെ പ്രതികള്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മേല്‍ക്കോടതികളെ നിരന്തരം സമീപിച്ചു.
ഇതിനിടയിലാണ് 2021 ഡിസംബര്‍ 25 സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തി. നടന്‍ ദിലീപിന്റെ ആലുവയിലെ വീടായ ‘പത്മസരോവര’ത്തില്‍വെച്ച് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിന് ഗൂഢാലോചന നടന്നതായി ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി. പള്‍സര്‍ സുനി ദിലീപിന്റെ വീട്ടിലെത്തിയെന്നും പണവുമായി മടങ്ങിയെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി. നടിയെ അക്രമിച്ച് പകര്‍ത്തിയ പീഡനദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശം ഉണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖയും ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് നല്‍കി.
2024 സെപ്റ്റംബര്‍ 24ന് കേസിന്റെ രണ്ടാം ഘട്ട വിചാരണ നടപടികള്‍ ആരംഭിച്ചു. മെമ്മറി കാര്‍ഡ് തുറന്നു പരിശോധിച്ചതിലെ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഉപഹര്‍ജി 2024 ഒക്ടോബര്‍ 14ന് ഹൈക്കോടതി തള്ളി. മെമ്മറി കാര്‍ഡിലെ നിയമവിരുദ്ധ പരിശോധനയില്‍ അതിജീവിത 2024 ഡിസംബര്‍ 10ന് രാഷ്ട്രപതിക്ക് കത്തയച്ചു. നീണ്ടുപോയ വിചാരണയില്‍ 2024 ഡിസംബര്‍ 11ന് കോടതിയില്‍ അന്തിമവാദം ആരംഭിച്ചു. ഇതിനിടെ കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. 2025 ഏപ്രില്‍ ഒന്‍പതിന് പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി. 2025 ഏപ്രില്‍ 11നാണ് കേസില്‍ അന്തിമവാദം പൂര്‍ത്തിയായത്.




