Kerala
പാലക്കാട്: വിവാദച്ചൂടിൽ എല്‍ ഡി എഫും യു ഡി എഫും
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്തി നേട്ടം കൈവരിച്ചത് പോലെ ഇത്തവണയും സ്വർണക്കൊള്ള തുറുപ്പ് ചീട്ടിറക്കി നേട്ടം കൊയ്യാമെന്ന് യു ഡി എഫ് പ്രതീക്ഷിച്ചിരിക്കെയാണ് രാഹുൽ വിവാദം തിരഞ്ഞെടുപ്പ് ചിത്രം മാറ്റിമറിച്ചത്.
പാലക്കാട് | തദ്ദേശ തിരഞ്ഞെടുപ്പില്‍ അമിത ആത്മവിശ്വാസം പുലര്‍ത്തുന്നതിനൊപ്പം വിവാദങ്ങള്‍ ആര്‍ക്ക് അനുകൂലമാകുമെന്ന ആശങ്കയിലാണ് എല്‍ ഡി എഫും യു ഡി എഫും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്തി നേട്ടം കൈവരിച്ചത് പോലെ ഇത്തവണയും സ്വർണക്കൊള്ള തുറുപ്പ് ചീട്ടിറക്കി നേട്ടം കൊയ്യാമെന്ന് യു ഡി എഫ് പ്രതീക്ഷിച്ചിരിക്കെയാണ് രാഹുൽ വിവാദം തിരഞ്ഞെടുപ്പ് ചിത്രം മാറ്റിമറിച്ചത്. ജനകീയ പ്രശ്‌നങ്ങൾക്കാണ് പ്രചാരണത്തിൽ മുന്‍തൂക്കം നൽകിയതെങ്കിലും ശബരിമല, രാഹുൽ വിവാദങ്ങളില്‍ പൊതുസമൂഹം ഏത് രീതിയില്‍ പ്രതികരിക്കുമെന്നതാണ് മുന്നണികളെ ആശങ്കയിലാക്കുന്നത്. 12 നിയമസഭാ സീറ്റുകളില്‍ രണ്ടെണ്ണം മാത്രമാണ് യു ഡി എഫിനുള്ളത്.
ജില്ലാ പഞ്ചായത്തില്‍ 30ല്‍ 27 സീറ്റും ഇടതുപക്ഷത്തിനാണ്. 88 പഞ്ചായത്തുകളില്‍ 63 എണ്ണവും ഏഴ് നഗരസഭകളില്‍ അഞ്ചെണ്ണവും ഭരിക്കുന്നത് ഇടതുപക്ഷമാണ്. 2019ല്‍ നഷ്ടമായ ആലത്തൂര്‍ ലോക്സഭാ സീറ്റ് 2024ല്‍ സി പി എം തിരിച്ചുപിടിച്ചു. ഇതെല്ലാമാണ് തങ്ങള്‍ക്ക് അനുകൂലമായി എൽ ഡി എഫ് നിരത്തുന്നതെങ്കിൽ പാലക്കാട് ലോക്സഭാ സീറ്റില്‍ മുക്കാല്‍ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വി കെ ശ്രീകണ്ഠന്‍ വീണ്ടും എം പിയായതാണ് യു ഡി എഫ് ഉയര്‍ത്തിക്കാട്ടുന്നത്.
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സീറ്റ് നിലനിര്‍ത്തിയതും നാലിരട്ടിയിലേറെ ഭൂരിപക്ഷത്തിലാണ്. പാലക്കാട് നഗരസഭ ഭരിക്കുന്ന ബി ജെ പി പല തദ്ദേശസ്ഥാപനങ്ങളിലും രണ്ടാം സ്ഥാനത്തുണ്ട്. മൃഗീയ ഭൂരിപക്ഷത്തോടെ നാളിതുവരെ ജില്ലാ പഞ്ചായത്ത് ഭരണം കൈയാളിയ എൽ ഡി എഫിന് ഇത്തവണയും അടിതെറ്റില്ലെന്ന് അനുമാനിക്കാം. പക്ഷേ, മികച്ച സ്ഥാനാര്‍ഥികളെ അണിനിരത്തി യു ഡി എഫ് മുന്നേറുമ്പോള്‍ പല ഡിവിഷനുകളിലും നടക്കുക മിന്നും പോരാട്ടമായിരിക്കും. എന്നാൽ, ഇത്തവണ പ്രവചനാതീതമാണ് ചിത്രം.
മിക്ക നഗരസഭകളിലും നിറസാന്നിധ്യമായി ബി ജെ പിയുള്ളത് എൽ ഡി എഫിനും യു ഡി എഫിനും ഒരുപോലെ വെല്ലുവിളിയാണ്. ഇടതുകോട്ടയെന്ന് വിശേഷിപ്പിക്കുന്ന ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും എൽ ഡി എഫ് ഭരണമാണ്. പക്ഷേ, സര്‍ക്കാർ വിരുദ്ധ, യു ഡി എഫ് അനുകൂല തരംഗം എല്ലായിടത്തും യു ഡി എഫ് പ്രതീക്ഷിക്കുന്നുണ്ട്. ബി ജെ പി പലയിടത്തും നിര്‍ണായക ശക്തിയാകാനിടയുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ പ്രാദേശിക സ്ഥാനാര്‍ഥികളെ സ്വന്തം ചിഹ്നത്തില്‍ അവതരിപ്പിക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞിട്ടുണ്ട്. 13ല്‍ 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ എൽ ഡി എഫിനാണ് ഭരണം. പട്ടാന്പി, മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലാണ് യു ഡി എഫ് ഭരണം. ഇത്തവണ വലിയ മാറ്റമാണ് യു ഡി എഫ് പ്രതീക്ഷിക്കുന്നത്.
കാര്‍ഷിക ജില്ലയായ പാലക്കാട്ടെ പ്രധാന തിരഞ്ഞെടുപ്പ് വിഷയം നെല്ല് സംഭരണം തന്നെയാണ്. നെല്ല് സംഭരണവില നൽകാൻ വൈകുന്നത്, മലയോര കുടിയേറ്റ മേഖലകളിലെ വന്യമൃഗശല്യം, തെരുവുനായ ശല്യം, സപ്ലൈകോ സബ്സിഡി സാധനങ്ങളുടെ കുറവ്, എലപ്പുള്ളി ബ്രൂവറി തുടങ്ങിയവയെല്ലാം ചര്‍ച്ചയാകുന്നുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേയുള്ള സന്നാഹമത്സരമായാണ് എൽ ഡി എഫും യു ഡി എഫും ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എം എൽ എക്കെതിരായ ലൈംഗികാരോപണങ്ങള്‍ യു ഡി എഫിന് തിരിച്ചടിയാകുമോ എന്നറിയാല്‍ തിരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കണം. ബി ജെ പിയില്‍ മുന്‍ പാലക്കാട് നഗരസഭാ ചെയര്‍പേഴ്സൻ രാഷ്ട്രീയം തന്നെ മതിയാക്കിയതും നിലവിലെ നഗരസഭാ ചെയര്‍പേഴ്സൻ ഇത്തവണ മത്സരിക്കാതെ മാറിനില്‍ക്കുന്നതും പാര്‍ട്ടിയിലെ വലിയ വിഭാഗീയതയുടെ പ്രത്യക്ഷ ഉദാഹരണമാണ്.
വിമതരുടെ ഭീഷണി ഇത്തവണ ഇടതുപക്ഷത്തിനാണ് കൂടുതല്‍. മുന്‍ എം എൽ എയും സി പി എം നേതാവുമായ പി കെ ശശിയെ അനുകൂലിക്കുന്നവര്‍ മണ്ണാര്‍ക്കാട് നഗരസഭയിലും സമീപ പഞ്ചായത്തുകളിലും മത്സരിക്കുന്നുണ്ട്. കൊഴിഞ്ഞാമ്പാറയിലെ സി പി എം വിമതര്‍ കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്നാണ് മത്സരിക്കുന്നത്. അമ്പലപ്പാറ, കാരാകുറുശ്ശി, വടക്കഞ്ചേരി, കിഴക്കഞ്ചേരി ഉള്‍പ്പെടെ ജില്ലയിലാകെ അന്പതിലേറെ സീറ്റുകളില്‍ സി പി എം വിമതരുണ്ട്. സി പി എമ്മും സി പി ഐയും ചിലയിടത്ത് പരസ്പരം മത്സരിക്കുന്നു. കോണ്‍ഗ്രസ്സിനും ലീഗിനും ചിലയിടത്തെങ്കിലും വിമതര്‍ തലവേദനയുണ്ട്. അന്തിമ വോട്ടർപ്പട്ടിക പ്രകാരം ജില്ലയിലാകെ 24,11,963 വോട്ടര്‍മാരാണുള്ളത്. 11,42,127 പുരുഷന്മാരും 12,68,765 സ്ത്രീകളും. 49 പ്രവാസി വോട്ടര്‍മാരും 22 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്.


