Connect with us

Kerala

മഞ്ചേശ്വരത്ത് പിതാവ് മകളെ വെട്ടിക്കൊന്ന സംഭവം; കുത്തേറ്റ ബന്ധുവും മരിച്ചു

മഞ്ചേശ്വരം സ്വദേശി ഷേഖ് അബ്ബയാണ് മരിച്ചത്.

Published

|

Last Updated

കാസര്‍കോട്|മഞ്ചേശ്വരം കുഞ്ചത്തൂരില്‍ പതിനെട്ടുകാരി ജുമൈലയെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ കുത്തേറ്റ ബന്ധുവും മരിച്ചു. മഞ്ചേശ്വരം സ്വദേശി ഷേഖ് അബ്ബയാണ് മരിച്ചത്. മംഗളരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇന്നലെ വൈകിട്ടോടെയായിരുന്നു കൊലപാതകം. ബായാര്‍ സ്വദേശിയായ  ഉമര്‍ ഫാറൂഖിന്റെയും താഹിറയുടെയും ഏക മകളാണ് കൊല്ലപ്പെട്ട ജുമൈല.

പ്രതി ഉമര്‍ ഫാറൂഖിന്റെ ലഹരി ഉപയോഗത്തെ എതിര്‍ത്ത് മകള്‍ ജുമൈലയും മാതാവ് താഹിറയും കുഞ്ചത്തൂര്‍ തൂമിനാടുള്ള ബന്ധുവീട്ടില്‍ ആയിരുന്നു താമസം. വിവാഹമോചന കേസ് നടക്കുന്നതിനാല്‍ ജുമൈലയുടെയും മാതാവിന്റെയും സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കണമെന്ന് പ്രതിയായ ഉമറിനോട് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ ജുമൈലയുടെ മാതാവിന്റെ പേരിലുണ്ടായ സ്ഥലം തന്റെ പേരില്‍ എഴുതി നല്‍കണമെന്ന് പ്രതിയും ആവശ്യപ്പെട്ടു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ജുമൈലയും മാതാവും താമസിക്കുന്ന തൂമിനാട് ഹില്‍ ടോപ്പിലുള്ള വീട്ടില്‍ പ്രതിയും സഹോദരനും എത്തി. സ്ഥലം ഉമറിന്റെ പേരില്‍ എഴുതി നല്‍കില്ലെന്നും മകള്‍ ജുമൈലയുടെ പേരില്‍ എഴുതാമെന്നും താഹിറ പറഞ്ഞതോടെ ഉമര്‍ പ്രകോപിതനാവുകയായിരുന്നു.

ഉമര്‍ കൈയ്യില്‍ ഒളിപ്പിച്ചിരുന്ന കത്തി വീശിയതോടെ ബന്ധുവായ ഷേഖ് അബ്ബായ്ക്ക് പരുക്കേറ്റു. ഇത് തടയാനുള്ള ശ്രമത്തിനിടെയാണ് ജുമൈലയ്ക്ക് കുത്തേറ്റത്. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് പ്രതിയെ പോലീസില്‍ ഏല്‍പ്പിച്ചത്. ഇയാള്‍ കര്‍ണാടകത്തില്‍ നിരവധി ലഹരി കേസുകളില്‍ പ്രതിയാണ്. വിദേശത്തായിരുന്ന പ്രതി ലഹരി ഉപയോഗത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടതോടെ അടുത്തിടെയാണ് നാട്ടിലെത്തിയത്. പ്രതിയുടെ രക്ത സാമ്പിള്‍ ഇന്ന് പരിശോധനയ്ക്കയക്കും. പ്രതി സംഭവ സമയത്ത് ലഹരി ഉപയോഗിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാനാണ് രക്ത സാമ്പിള്‍ ലാബിലേക്ക് അയക്കുന്നത്. പ്രതിയെ ഇന്ന് സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കൊല്ലപ്പെട്ട ജുമൈലയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും.

 

 

---- facebook comment plugin here -----

Latest