Business
ഇന്ത്യ-യു എസ് വ്യാപാര കരാർ: ഓഹരി വിപണിയിൽ വൻ മുന്നേറ്റം; കുതിച്ചുയർന്ന് സെൻസെക്സും നിഫ്റ്റിയും
ബജറ്റ് പ്രഖ്യാപനങ്ങളെ തുടർന്നുണ്ടായ തകർച്ചയിൽ നിന്ന് ശക്തമായ തിരിച്ചുവരവാണ് വിപണി നടത്തിയത്.
ന്യൂഡൽഹി | ഇന്ത്യ-യു എസ് വ്യാപാര കരാറിന് അംഗീകാരമായെന്ന യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്തെ ഓഹരി വിപണിയിൽ വൻ മുന്നേറ്റം. ബജറ്റ് പ്രഖ്യാപനങ്ങളെ തുടർന്നുണ്ടായ തകർച്ചയിൽ നിന്ന് ശക്തമായ തിരിച്ചുവരവാണ് വിപണി നടത്തിയത്. ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ സെൻസെക്സ് 3,600 പോയിന്റിലധികം നേട്ടത്തോടെ 85,000 കടന്നു. നിഫ്റ്റി 1,200 പോയിന്റ് ഉയർന്ന് 26,000-ത്തിന് അടുത്തുമെത്തി.
റിയൽറ്റി, ഓട്ടോ, ഐ ടി തുടങ്ങിയ മേഖലകളിലെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. വ്യാപാരം ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ നേരിയ തോതിൽ ലാഭമെടുപ്പ് നടന്നതോടെ നേട്ടം 2,200 പോയിന്റായി കുറഞ്ഞെങ്കിലും വിപണി പോസിറ്റീവ് സോണിൽ തന്നെ തുടർന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലും 1.2 ശതമാനം വർധനവുണ്ടായി.
കഴിഞ്ഞ ഞായറാഴ്ച ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2026-ലെ കേന്ദ്ര ബജറ്റിലെ നികുതി നിർദേശങ്ങൾ വിപണിക്ക് വലിയ തിരിച്ചടിയായിരുന്നു. വിപണിയിലെ ഊഹക്കച്ചവടം നിയന്ത്രിക്കാൻ ട്രാൻസാക്ഷൻ ടാക്സ് വർധിപ്പിക്കാനുള്ള നിർദേശം നിക്ഷേപകരെ ആശങ്കയിലാഴ്ത്തി. ഇതേത്തുടർന്ന് വിപണിയിൽ രണ്ട് ശതമാനത്തോളം ഇടിവുണ്ടാവുകയും നിക്ഷേപകരുടെ പത്ത് ലക്ഷം കോടി രൂപയോളം നഷ്ടമാവുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യ-യു എസ് വ്യാപാര കരാർ യാഥാർഥ്യമായത് വിപണിക്ക് പുതിയ ഊർജം നൽകിയിരിക്കുകയാണ്.

