Connect with us

Kerala

വിധി നിർണയിക്കാൻ ഇതര സംസ്ഥാന പാർട്ടികളും

ആം ആദ്മി 380 സ്ഥലത്ത്, ഡി എം കെ 23 വാര്‍ഡുകളില്‍

Published

|

Last Updated

പാലക്കാട് | തദ്ദേശ തിരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാന്‍ ഇതര സംസ്ഥാന പാര്‍ട്ടികളും. കേരള രാഷ്ട്രീയ ഭൂപടത്തില്‍ ഇടം പിടിച്ചിട്ടില്ലെങ്കിലും ഇതരസംസ്ഥാനങ്ങളില്‍ ഭരണം നിയന്ത്രിക്കുന്ന പാര്‍ട്ടികള്‍ മുന്നണി സ്ഥാനാര്‍ഥികളുടെ ഭാവി നിര്‍ണയത്തിൽ പ്രധാന പങ്കുവഹിക്കുമെന്നാണ് സൂചന. ഒാരോ വോട്ടും നിർണായകമായ തിരഞ്ഞെടുപ്പിൽ ഇതര സംസ്ഥാന പാര്‍ട്ടികള്‍ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് ഭീഷണിയാകുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

ഇത്തവണ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത് ആം ആദ്മി പാര്‍ട്ടിയാണ്. 2020ല്‍ 80 സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കില്‍ ഇത്തവണ സംസ്ഥാനത്തുടനീളം 380 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 2020ല്‍ സീറ്റുകളൊന്നും ലഭിച്ചില്ലെങ്കിലും പിന്നീട് ഇടുക്കിയില്‍ ഒരു പഞ്ചായത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്നതാണ് ഇത്തവണ കൂടുതല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ആം ആദ്മി പാർട്ടിയെ പ്രേരിപ്പിച്ചത്. കോഴിക്കോട്, കൊച്ചി കോർപറേഷനുകളിലും ഇടുക്കിയില്‍ ഒരു ജില്ലാ പഞ്ചായത്തിലും വിജയസാധ്യതയുള്ളതായി നേതാക്കള്‍ പറയുന്നു.

തമിഴ്നാട്ടിലെ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡി എം കെ) 23 വാര്‍ഡുകളിലാണ് ജനവിധി തേടുന്നത്. കൊല്ലത്ത് പത്തും ഇടുക്കിയില്‍ 13ഉം മത്സരരംഗത്തുണ്ട്. പാര്‍ട്ടിയുടെ ഔദ്യോ
ഗിക ചിഹ്നമായ ഉദയസൂര്യന്‍ അടയാളത്തിലാണ് കേരളത്തിലും മത്സരിക്കുന്നതെന്ന് ഡി എം കെ നേതാക്കള്‍ വ്യക്തമാക്കി. കൊല്ലത്ത് പുനലൂര്‍ നഗരസഭയില്‍ ഒന്പത് വാര്‍ഡുകളിലും തെന്മല പഞ്ചായത്തില്‍ ഒരു വാര്‍ഡിലും ഇടുക്കിയില്‍ ദേവികുളത്ത് ഏഴ് വാർഡുകളിലും പീരുമേടിൽ ആറ് വാര്‍ഡുകളിലുമാണ് ഡി എം കെ സ്ഥാനാര്‍ഥികള്‍ ബല പരീക്ഷണത്തിന് തയ്യാറായിരിക്കുന്നത്. പുനലൂരില്‍ ഡി എം കെക്ക് ശക്തമായ സ്വാധീനമുള്ള മേഖലയാണിത്.

പുനലൂര്‍ സര്‍വീസ് സഹകരണ ബേങ്ക് തിരഞ്ഞെടുപ്പില്‍ 13 സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയിരുന്നു. ഇടത് മുന്നണി വിജയിച്ചെങ്കിലും യു ഡി എഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി 13 സ്ഥാനാര്‍ഥികളും രണ്ടാം സ്ഥാനത്തെത്തി ശക്തി തെളിയിച്ചിട്ടുണ്ട്. അതിനാൽ പുനലൂരില്‍ പല വാര്‍ഡുകളിലും വിജയിക്കുമെന്നാണ് ഡി എം കെയുടെ കണക്ക് കൂട്ടല്‍.
തമിഴ്നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടിയായ ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ ഐ എ ഡി എം കെ) 30 സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നം തദ്ദേശ തിരഞ്ഞെടുപ്പില്‍ കമ്മീഷന്‍ കേരള കോണ്‍ഗ്രസ്സിന് (എം) നല്‍കിയതിനാല്‍ തൊപ്പി ചിഹ്നത്തിലാണ് മത്സരിക്കുന്നത്. എ ഐ എ ഡി എം കെയുടെ ശക്തികേന്ദ്രമായ പാലക്കാടും ഇടുക്കിയിലുമാണ് കൂടുതല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്.

പാലക്കാട് നഗരസഭയിലേക്ക് ഒരു സ്ഥാനാര്‍ഥിയെയും കൊഴിഞ്ഞമ്പാറ പഞ്ചായത്തില്‍ 12 സ്ഥാനാര്‍ഥികളെയും ഇടുക്കിയില്‍ ദേവികുളം, മൂന്നാര്‍, മറയൂര്‍ മേഖലകളിലായി 16 സ്ഥാനാര്‍ഥികളെയും നിര്‍ത്തിയിട്ടുണ്ട്്. ഇതിന് പുറമെ തിരുവനന്തപുരം കോർപറേഷനിലും നെയ്യാറ്റിന്‍കര നഗരസഭയിലും ഓരോ സ്ഥാനാര്‍ഥികളെ വീതവും നിര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന ഇടുക്കിയിലും പാലക്കാടും മികച്ച പ്രകടനം കാഴ്ചവെക്കാൻ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഇത്തവണ വിജയപ്രതീക്ഷയിലാണെന്നും എ ഐ എ ഡി എം എ നേതാക്കള്‍ പറയുന്നു.

അതേസമയം, പശ്ചിമ ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സ് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ഭാഗമായ പി വി അന്‍വര്‍ ഇത്തവണ യു ഡി എഫിന് പിന്തുണ നല്‍കിയതാണ് പിന്മാറ്റത്തിന് കാരണമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. ഇതരസംസ്ഥാന പാര്‍ട്ടികള്‍ വിജയിച്ചില്ലെങ്കിലും ഭാഷാ ന്യൂനപക്ഷ മേഖലയില്‍ ഇവരുടെ സ്വാധീനം മുന്നണി സ്ഥാനാര്‍ഥികളുടെ ജയപരാജയത്തിനിടയാക്കും. ഇതോടെ വരും തിരഞ്ഞെടുപ്പുകളില്‍ ഈ പാര്‍ട്ടികള്‍ക്ക് കേരളത്തില്‍ വിലപേശാനുള്ള സാഹചര്യമൊരുങ്ങുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

---- facebook comment plugin here -----

Latest