ദീര്‍ഘകാല പരിഹാരങ്ങളിലേക്ക് തിരിഞ്ഞു നോക്കുന്നില്ല ഈ പ്ലാന്‍. ദ്വിരാഷ്ട്ര പരിഹാരത്തെ കുറിച്ച് ഒരക്ഷരമില്ല. ഇസ്‌റാഈല്‍ പിടിച്ചടക്കിയ കിഴക്കന്‍ ജറൂസലമില്‍ നിന്നും വെസ്റ്റ് ബാങ്കില്‍ നിന്നും പിന്‍വാങ്ങുന്നതും ട്രംപിന്റെ വിഷയമല്ല. ഇസ്‌റാഈല്‍ സ്ഥാപിച്ചത് മുതല്‍ ആട്ടിയോടിക്കപ്പെട്ട ഫലസ്തീനിലെ മനുഷ്യരും അവരുടെ പിന്‍മുറക്കാരും വിവിധ രാജ്യങ്ങളില്‍ കഴിയുന്നുണ്ട്. അവരെ സ്വന്തം മണ്ണിലേക്ക് തിരിച്ചുകൊണ്ടുവരാതെ ഏത് പരിഹാരമാണ് അര്‍ഥവത്താകുക? 70,000ത്തിലേറെ വരുന്ന മനുഷ്യരുടെ മരണത്തിനും ആ ജനതയാകെ അനുഭവിച്ച ദുരിതത്തിനും തകര്‍ന്നടിഞ്ഞ വീടുകള്‍ക്കും ആശുപത്രികള്‍ക്കും വിദ്യാലയങ്ങള്‍ക്കും ആര് സമാധാനം പറയും? ഈ യുദ്ധക്കുറ്റങ്ങള്‍ വിചാരണ ചെയ്യപ്പെടേണ്ടേ? സമാധാന പ്രതീക്ഷകള്‍ ഉണരുമ്പോഴും ട്രംപിന്റെ വാക്കിന് പുല്ലുവില കല്‍പ്പിച്ച് ഗസ്സയില്‍ കുരുതി തുടരുകയാണ് ഇസ്‌റാഈല്‍. സയണിസ്റ്റ് രാഷ്ട്രത്തിന്റെ ചരിത്രം തന്നെ കരാര്‍ ലംഘനങ്ങളുടേതാണ്. അതുകൊണ്ട് വെടിനിര്‍ത്തല്‍ പാലിക്കപ്പെടുമെന്ന് ഒരുറപ്പുമില്ല. ഈ ധാരണ പാലിക്കുമെന്ന് ഉറപ്പ് വരുത്താന്‍ എന്ത് സംവിധാനമുണ്ട്? ഈ മാസം പത്തിന് നൊബേല്‍ സമാധാന സമ്മാനം പ്രഖ്യാപിക്കും വരെയുള്ള ആവേശമേ ട്രംപിനുണ്ടാകുകയുള്ളൂവെന്ന് ആര്‍ക്കാണറിയാത്തത്.
---- facebook comment plugin here -----





