Connect with us

Articles

സനാതന ചെരിപ്പേറിലെ ഹിന്ദുത്വ യുദ്ധപ്രഖ്യാപനം

ഇന്ത്യയുടെ യഥാര്‍ഥ അവകാശികളായ പിന്നാക്ക- ദളിത് ജനത ഇന്ത്യയിലെ പ്രകൃതി- വിഭവ സമ്പത്തിന്മേല്‍ അധികാരം സ്ഥാപിക്കുന്ന ആ ഒരു ദിവസത്തെ കുറിച്ച് ആലോചിച്ച് സനാതനികളുടെ ഉറക്കം പോയിരിക്കുന്നു. അവരുടെ സനാതന ഉന്നം പിടിച്ച ചെരിപ്പേറിന് ചരിത്രത്തില്‍ ഇനി പല സമസ്യകളും പൂര്‍ത്തീകരിക്കാന്‍ കാലം പ്രചോദനം നല്‍കും. ദളിതനായ, അംബേദ്കറിസ്റ്റായ, ബുദ്ധിസ്റ്റായ ഗവായിക്ക് നേരെ എറിഞ്ഞ ആ ചെരിപ്പ്, പിന്നാക്ക- ദളിത് ജനതയുടെ ഒരു പഠന ഉപകരണമായി മാറും.

Published

|

Last Updated

“നമുക്ക് ഷൂ നക്കാന്‍ മാത്രമല്ല എറിയാനും അറിയാം’ എന്നവര്‍ തെളിയിച്ചിരിക്കുന്നു. ഇക്കഴിഞ്ഞ ദിവസം ഒരു സംഘ്പരിവാര്‍ അഭിഭാഷകന്‍ രാകേഷ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നേരെ ഷൂ ഊരി എറിഞ്ഞുകൊണ്ട് തന്റെ പ്രതിഷേധം പ്രകടിപ്പിച്ച സംഭവം അത്ര വലിയ ഒരു തെറ്റല്ലെന്നാണ് സംഘ്പരിവാര്‍ ഭക്തന്മാര്‍ പ്രചരിപ്പിക്കുന്നത്. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് നേരെ ഷൂ എറിഞ്ഞതിന് ശേഷം അഭിഭാഷകന്‍ പറഞ്ഞ വാചകം “സനാതന്‍ ധര്‍മ് കാ അപ്മാന്‍ നഹി സഹേഗ ഹിന്ദുസ്ഥാന്‍’ (സനാതന ധര്‍മത്തെ അപമാനിക്കുന്നത് ഇന്ത്യ സഹിക്കില്ല) എന്നാണത്രെ.

എന്താണ് അദ്ദേഹത്തെ ഇത്രമാത്രം പ്രകോപിപ്പിച്ചത്? മധ്യപ്രദേശിലെ ഒരു പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമായ ഖജുരാഹോ ക്ഷേത്രത്തിലെ ഏഴ് അടിയുള്ള വിഷ്ണു വിഗ്രഹത്തിന്റെ തല അറ്റു പോയി. അത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സംഭവം. ഇടക്ക് ചീഫ് ജസ്റ്റിസ് പറഞ്ഞു, “ഇതു വെറും പബ്ലിസിറ്റിക്കു വേണ്ടിയുള്ള പരിപാടിയല്ലേ?.. നിങ്ങള്‍ ഭഗവാന്‍ വിഷ്ണുവിന്റെ യഥാര്‍ഥ, ശക്തനായ ഭക്തനാണെങ്കില്‍ നിങ്ങളുടെ ദൈവത്തോട് നന്നായി പ്രാര്‍ഥിച്ചു നോക്കുകയല്ലേ വേണ്ടത്? ദൈവത്തോട് തന്നെ ചെയ്യാന്‍ പറഞ്ഞുനോക്കൂ’ എന്ന്. ഇത് തന്നെ ധാരാളം മതി സംഘി മാധ്യമങ്ങള്‍ക്ക് വിദ്വേഷ പ്രചാരണം നടത്താന്‍. തങ്ങള്‍ക്കു വേണ്ട ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് “നിങ്ങളുടെ ദൈവത്തോട് തന്നെ പറയൂ’ എന്നാക്കി ബാക്കി വിഴുങ്ങി.

ഖജുരാഹോ ക്ഷേത്രം ഒരു പുരാവസ്തുവാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അധികാര പരിധിയിലാണ് ക്ഷേത്രപരിപാലനം എന്നിരിക്കെയാണ് ആ ഹരജിയിന്മേല്‍ വാദം കേട്ടതെന്ന സാഹചര്യം അദ്ദേഹം ബോധ്യപ്പെടുത്തുകയുണ്ടായി. ഈ കൂട്ടരുടെ നിയമ പരിജ്ഞാനം ഇത്രയേ ഉള്ളൂ എന്ന് നാം കരുതി സഹാനുഭൂതിപ്പെടണമോ? അദ്ദേഹത്തിന്റെ ലാളിത്യം, നര്‍മബോധം എന്നിവ പലപ്പോഴും പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ സനാതനികള്‍ക്ക് നന്നായി പൊള്ളാന്‍ കാരണം അദ്ദേഹത്തിന്റെ ജാതിയാണ്, മതമാണ് എന്നതാണ് വാസ്തവം.

ഗുരുതരമായ പ്രകോപനത്തിനിടയിലും, ജുഡീഷ്യറിയുടെ ഉന്നത പാരമ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, അന്തസ്സോടെയും സമചിത്തതയോടെയും തന്റെ ജുഡീഷ്യല്‍ കടമകള്‍ നിര്‍വഹിക്കുകയാണ് ഗവായി ചെയ്തത്. മനുഷ്യര്‍ക്കാകെ ആശ്രയമായ ഭരണഘടനാ സ്ഥാപനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതിനോ നീതിന്യായ വ്യവസ്ഥയിലുള്ള പൊതുജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുന്നതിനോ അല്ല നിയമം പഠിച്ചതെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ട്. അത്തരം ബോധവും ബോധ്യങ്ങളും ഇല്ലാത്തത് ഷൂ എറിഞ്ഞവര്‍ക്കാണല്ലോ.
ആരാണീ ഗവായ്? ഇത്രയും കാലത്തിനിടയില്‍ ബുദ്ധമതക്കാരനായ ഒരാള്‍ ചീഫ് ജസ്റ്റിസിന്റെ പദവിയില്‍ എത്തുന്നത് ഇതാദ്യമാണ്. പട്ടിക ജാതിയില്‍പ്പെട്ട ജസ്റ്റിസ് കെ ജി ബാലകൃഷ്ണനു ശേഷം ഈ പദവിയില്‍ എത്തുന്ന ഒരാളുമാണ് ഇദ്ദേഹം. അത് തന്നെയാണ് സംഘ്പരിവാര്‍ സനാതനികളെ വേദനിപ്പിച്ചത്.

ആര്‍ക്കിടെക്ട് ആകാന്‍ ആഗ്രഹിച്ച മകനെ നിയമം പഠിപ്പിക്കണം, സമൂഹത്തിനാവശ്യമുണ്ട് എന്ന് വഴിതിരിച്ചുവിട്ടത് അംബേദ്കറൈറ്റായ പിതാവാണ്. പിതാവിന്റെ നിര്‍ദേശാനുസരണം നിയമം പഠിച്ച് വളര്‍ന്ന് ഇന്ത്യന്‍ ജുഡീഷ്യറിയുടെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തെത്തി. പട്ടിക ജാതിക്കാരായ മൂന്ന് സിറ്റിംഗ് ജഡ്ജിമാര്‍ ഒരേ സമയം സുപ്രീം കോടതിയില്‍ ഉണ്ടായിരുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ്. ജസ്റ്റിസ് സി ടി രവികുമാര്‍, ജസ്റ്റിസ് പ്രസന്ന വരാലെ ആണ് മറ്റു രണ്ട് പേര്‍. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ പട്ടികജാതി സമൂഹത്തിന്റെ ഏറ്റവും ഉയര്‍ന്ന പ്രാതിനിധ്യമാണിത്. എന്തുകൊണ്ടിത്ര കുറവായി എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് നമ്മുടെ സാമൂഹിക വ്യവസ്ഥയില്‍ ജാതി എന്നത് എത്രമാത്രം ആഴ്ന്നിറങ്ങിയിരിക്കുന്നു എന്നത്. അതാണ് സനാതന ധര്‍മത്തിന്റെ ശക്തി. സംവരണം എന്നതിനെ അവര്‍ എന്നും എതിര്‍ത്തിരുന്നു. ബ്രഹ്മണ്യം എന്നതാണ് അവരുടെ ആദര്‍ശം. 75 വര്‍ഷമായി സനാതനികളാല്‍ പെട്ടിയില്‍ അടയ്ക്കപ്പെട്ട പിന്നാക്കക്കാരന്റെയും ദളിതന്റെയും സുപ്രീം കോടതിയിലെ ഉദ്യോഗത്തിനുള്ള പ്രാതിനിധ്യ അവകാശം ഇവര്‍ അംഗീകരിക്കുന്നതെങ്ങനെ? ഈ സനാതനക്കാരോട് യുദ്ധം ചെയ്ത് വിജയിക്കുന്നവര്‍ക്കേ സാമൂഹിക, രാഷ്ട്രീയ, അധികാര ശ്രേണിയുടെ മുകളില്‍ എത്താന്‍ കഴിയൂ. അങ്ങനെ വളര്‍ന്നു വന്ന ജസ്റ്റിസ് ഗവായിയെ ഇത്തരം ആക്രമണങ്ങളൊന്നും ഭയപ്പെടുത്തില്ലെന്നു തീര്‍ച്ച.

ചില നല്ല കാര്യങ്ങളും

ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയെ ആക്രമിക്കാന്‍ ശ്രമിച്ച അഭിഭാഷകനെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഒരു മാതൃക സൃഷ്ടിച്ചിരിക്കുന്നു. അഭിഭാഷകന്‍ രാകേഷ് കിഷോറിനെ (എൻറോള്‍മെന്റ്നമ്പര്‍ ഡി/1647/2009) സസ്പെന്‍ഡ് ചെയ്തു. ബി സി ഐ നല്‍കിയ പ്രാക്ടീസ് ലൈസന്‍സ് ഔദ്യോഗികമായി സസ്പെന്‍ഡ് ചെയ്തു. 1961ലെ അഭിഭാഷക നിയമത്തിന്റെയും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രൊഫഷനല്‍ പെരുമാറ്റത്തിന്റെയും മര്യാദയുടെയും മാനദണ്ഡങ്ങള്‍ക്കായുള്ള നിയമങ്ങളുടെ അധ്യായം രണ്ട് (ഭാഗം ആറ്), പ്രത്യേകിച്ച് സെക്്ഷന്‍ ഒന്ന്, നിയമങ്ങള്‍ ഒന്ന്, രണ്ട്, മൂന്ന് എന്നിവ പ്രകാരമാണ് ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം അഭിഭാഷകനെതിരെ നടപടി എടുക്കുമെന്ന് സുപ്രീം കോര്‍ട്ട് ബാര്‍ അസ്സോസിയേഷനും വ്യക്തമാക്കി. ഇതൊക്കെയാണെങ്കിലും പോലീസ് സംവിധാനം ഇദ്ദേഹത്തെ രക്ഷപ്പെടുത്തുന്നതാണ് കാണുന്നത്. അയാളെ അറസ്റ്റ് ചെയ്ത് വിട്ടുവത്രെ. മുകളില്‍ നിന്നുള്ള ഉത്തരവനുസരിച്ചാണത്രെ വിട്ടയച്ചത്.

ഇതോടൊപ്പം കാണേണ്ട ഒരു വാര്‍ത്ത കൂടിയുണ്ട്. വേദത്തിലൂടെയും (അറിവിലൂടെയും) ആയുധത്തിലൂടെയും സ്വജനരക്ഷാ പാലനം നടത്തണം എന്നും, സനാതന ധര്‍മത്തെ പരിപാലിക്കാന്‍ രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരും മന്ത്രിമാരും ബ്രാഹ്മണ പരിപാലനത്തിനായി പ്രവര്‍ത്തിക്കണം എന്നും സംഘ്പരിവാറുകാരിയായ ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത ഡല്‍ഹിയില്‍ പ്രസ്താവിച്ചത് നമ്മള്‍ കാണുന്നില്ലേ? ദളിതനു നേരെ ചെരിപ്പെറിഞ്ഞതിനെ അവര്‍ മറ്റൊരു രീതിയില്‍ ന്യായീകരിക്കുകയാണ്.
അധകൃതര്‍ എന്ന് അവര്‍ വിളിക്കുന്ന ജനതയുടെ കൈയില്‍ അധികാരം കിട്ടിയാല്‍ സമത്വ സാക്ഷാത്കാരത്തിനായി ഭരണഘടനാ അസംബ്ലി വിഭാവനം ചെയ്തിട്ടുള്ള, ഇന്നും പെട്ടിയിലടക്കപ്പെട്ട ഇത്തരത്തിലുള്ള അനവധി നിരവധി നിയമങ്ങള്‍ അവര്‍ എഴുതി നടപ്പാക്കും എന്ന് സനാതനികള്‍ ഭയക്കുന്നു. ഇന്ത്യയുടെ യഥാര്‍ഥ അവകാശികളായ പിന്നാക്ക- ദളിത് ജനത ഇന്ത്യയിലെ പ്രകൃതി-വിഭവ സമ്പത്തിന്മേല്‍ അധികാരം സ്ഥാപിക്കുന്ന ആ ഒരു ദിവസത്തെ കുറിച്ച് ആലോചിച്ച് സനാതനികളുടെ ഉറക്കം പോയിരിക്കുന്നു. അവരുടെ സനാതന ഉന്നം പിടിച്ച ചെരുപ്പേറിന് ചരിത്രത്തില്‍ ഇനി പല സമസ്യകളും പൂര്‍ത്തീകരിക്കാന്‍ കാലം പ്രചോദനം നല്‍കും. ദളിതനായ, അംബേദ്കറിസ്റ്റായ, ബുദ്ധിസ്റ്റായ ഗവായിക്ക് നേരെ എറിഞ്ഞ ആ ചെരിപ്പ്, പിന്നാക്ക- ദളിത് ജനതയുടെ ഒരു പഠന ഉപകരണമായി മാറും. ആ സവര്‍ണ സനാതന ചെരിപ്പേറ് സവര്‍ണ സനാതന ത്രൈവര്‍ണിക, ചാതുര്‍വര്‍ണ്യ ഹിന്ദുത്വത്തിന്റെ യുദ്ധ പ്രഖ്യാപനവും, പിന്നാക്ക- ദളിത് ജനതയുടെ സംഘീകരണത്തിന്റെ ചാലക വിത്തുമായിരിക്കും.

അംബേദ്കര്‍ക്ക് മുംബൈയില്‍ ആദ്യമായി ജോലി കിട്ടിയപ്പോള്‍ അദ്ദേഹത്തിന്റെ കീഴിലുള്ള ഒരു പ്യൂണ്‍ ഫയല്‍ വലിച്ചെറിഞ്ഞു കൊടുക്കുകയായിരുന്നു. കാരണം പ്യൂണ്‍ ഉന്നതകുല ജാതനാണ്. അത് ഇന്നും മറ്റൊരു രീതിയില്‍ തുടരുന്നു. ഫേസ്ബുക്കില്‍ എഴുതുന്നത് പോലെ ഇതൊന്നും സെമിനാര്‍ നടത്തിയതു കൊണ്ടോ പ്രഭാഷണം നടത്തിയതു കൊണ്ടോ മാറാന്‍ പോകുന്നില്ല. ഇതൊക്കെ ഭരണകൂടം കൂട്ടുനില്‍ക്കുന്നത് കൊണ്ടാണ് നടക്കുന്നത്. മാറു മറയ്ക്കലിനെതിരെ ഇവിടുത്തെ ജാതിപ്രമാണികള്‍ നിലപാടെടുത്തപ്പോള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞത് തോക്കെടുത്ത് വെടിവെക്കും എന്നാണ്. അതോടെ അവര്‍ പിന്തിരിഞ്ഞല്ലോ. ഭരണകൂടം അടിച്ചൊതുക്കാത്തിടത്തോളം ഈ ബോധം ഇങ്ങനെ നിലനില്‍ക്കും. വെടിവെച്ചു കൊല്ലണമായിരുന്നു ഗോസംരക്ഷകരെയെന്ന് അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വി കെ എന്‍ തന്റെയൊരു നോവലില്‍ പറയുന്നത്.

Latest