Connect with us

Kerala

കോര്‍പറേറ്റുകളുടെ വായ്പകള്‍ കണ്ണടച്ച് എഴുതിത്തള്ളുമ്പോഴും കേരളത്തിന് അര്‍ഹമായ ദുരിതാശ്വാസമില്ല; കേന്ദ്രത്തിനെതിരെ പ്രിയങ്ക

ചൂരല്‍മല-മുണ്ടക്കൈ ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഞെട്ടിപ്പിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | കോര്‍പറേറ്റുകളുടെ വായ്പകള്‍ കണ്ണടച്ച് എഴുതിത്തള്ളുന്ന കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അര്‍ഹമായ ദുരിതാശ്വാസം പോലും നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് വയനാട് എം പി. പ്രിയങ്കാ ഗാന്ധി. ചൂരല്‍മല-മുണ്ടക്കൈ ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഞെട്ടിപ്പിക്കുന്നതാണെന്നും പ്രിയങ്ക എക്‌സില്‍ കുറിച്ചു.

തങ്ങളുടേതല്ലാത്ത കാരണത്താല്‍ സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത കടുത്ത ദുരന്തത്തെയും ദുരിതത്തെയും അഭിമുഖീകരിച്ചവരാണ് ചൂരല്‍മല-മുണ്ടക്കൈ നിവാസികള്‍. കോര്‍പ്പറേറ്റുകളുടെ വായ്പയുമായി താരതമ്യം ചെയ്യുമ്പോള്‍ തീരെ ചെറിയ ഒരു തുക മാത്രമാണ് ദുരിതബാധിതരുടേതായി എഴുതിത്തള്ളാനുള്ളത്. ജനങ്ങള്‍ക്ക് സഹായം അനിവാര്യമാകുന്ന ഘട്ടത്തില്‍ കേന്ദ്രം അവരെ പരാജയപ്പെടുത്തി എന്ന കേരള ഹൈക്കോടതി നിരീക്ഷണത്തെ പൂര്‍ണമായും അനുകൂലിക്കുന്നതായും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളാനാകില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ ഹൈക്കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. വിഷയത്തില്‍ കേന്ദ്രത്തിന്റെ മെല്ലെപ്പോക്ക് അനുവദിക്കാനാവില്ല. ഇങ്ങനെയാണെങ്കില്‍ ദുരിതബാധിതരുടെ വായ്പാ തിരിച്ചടവ് നടപടികള്‍ സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു.

Latest