Connect with us

articles

ഡോ. റാം മനോഹര്‍ ലോഹ്യയും വര്‍ത്തമാന ഇന്ത്യയും

ജനാധിപത്യത്തിന്റെ സമസ്ത മേഖലകളിലും നവ ബ്രാഹ്‌മണ്യ ജാതിമേല്‍ക്കോയ്മ അധികാരം സ്ഥാപിക്കുമ്പോള്‍ ഇന്ത്യ എന്ന ആശയമാണ് തകരുന്നത്. ജാതി, വര്‍ണ വ്യവസ്ഥ ഭരണകൂട അധികാരത്തെ നിലനിര്‍ത്തുന്ന പ്രധാന ഘടകമായി മാറി. ഇതിനെ പ്രതിരോധിക്കാന്‍ കൃത്യമായ സാമൂഹിക വിശകലനം ആവശ്യമാണ്. അതാകട്ടെ ചരിത്രപരമായ സാമൂഹിക ഉള്ളടക്കത്തെ മുന്‍നിര്‍ത്തിയായിരിക്കണം. അത്തരമൊരു അന്വേഷണം എത്തി നില്‍ക്കുക അംബേദ്കറിലും ലോഹ്യയിലുമാണ്.

Published

|

Last Updated

ഇന്ത്യന്‍ സാമൂഹികാവസ്ഥയെ സൂക്ഷ്മമായി വിശകലനം ചെയ്ത ചുരുക്കം നേതാക്കളില്‍ ഒരാളാണ് ഡോ. റാം മനോഹര്‍ ലോഹ്യ. ഡോ. ബി ആര്‍ അംബേദ്കര്‍ക്കു ശേഷം ജാതിവ്യവസ്ഥ ഉണ്ടാക്കുന്ന സാമൂഹിക അസമത്വങ്ങളെ രാഷ്ട്രീയമായി വിശകലനം ചെയ്ത ദാര്‍ശനികന്‍ കൂടിയാണ് ഡോ. ലോഹ്യ. മരണത്തിന് കീഴ്‌പ്പെടുന്നതിന് മുമ്പ് ഡോ. ലോഹ്യയും ഡോ. ബി ആര്‍ അംബേദ്കറും തമ്മില്‍ നടന്ന സംവാദങ്ങളുടെ ഉള്ളടക്കം ഇന്ത്യയുടെ തനത് വിമോചന പ്രത്യയശാസ്ത്രമായി രൂപപ്പെടേണ്ടതായിരുന്നു. എന്നാല്‍ അത് സംഭവിക്കാതെയാണ് 1967 ഒക്ടോബര്‍ 12ന് ആ വെളിച്ചം ഭൗതികമായി അണഞ്ഞത്. എന്നാല്‍ ജീവിച്ചിരുന്ന കാലത്തേക്കാള്‍ പുതിയ കാലത്താണ് ലോഹ്യയുടെ ദീര്‍ഘ ദര്‍ശനങ്ങള്‍ ഗൗരവപ്പെട്ടതാകുന്നത്. നിര്‍ഭാഗ്യമെന്ന് പറയാം, അത്തരം ആശയങ്ങളെ സമകാലീന ഇന്ത്യയുടെ ബദല്‍ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര തത്ത്വങ്ങളായി ഏറ്റെടുക്കാന്‍ രാജ്യത്തൊരു കറകളഞ്ഞ സോഷ്യലിസ്റ്റ് പ്രസ്ഥാനമില്ല. ഈ സത്യം നിലനില്‍ക്കെ സോഷ്യലിസ്റ്റ് ആശയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ജനാധിപത്യ പാര്‍ട്ടികള്‍ക്ക് ആശയപരമായ ഊര്‍ജം നല്‍കുന്നുണ്ട് ലോഹ്യന്‍ ദര്‍ശനങ്ങള്‍. അതിന്റെ പ്രധാന കാരണം, രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വവത്കരണമാണ്. ഹിന്ദുത്വത്തിനും ജാതി വ്യവസ്ഥക്കും എതിരായിരുന്നു മരണം വരെ ലോഹ്യയുടെ പോരാട്ടം.

ജനാധിപത്യത്തിന്റെ സമസ്ത മേഖലകളിലും നവ ബ്രാഹ്‌മണ്യ ജാതിമേല്‍ക്കോയ്മ അധികാരം സ്ഥാപിക്കുമ്പോള്‍ ഇന്ത്യ എന്ന ആശയമാണ് തകരുന്നത്. അത് സാമ്പത്തിക അസമത്വത്തേക്കാള്‍ സാമൂഹിക വിഭജനം സൃഷ്ടിച്ചു കഴിഞ്ഞു. ജാതി, വര്‍ണ വ്യവസ്ഥ ഭരണകൂട അധികാരത്തെ നിലനിര്‍ത്തുന്ന പ്രധാന ഘടകമായി മാറി. ഇതിനെ പ്രതിരോധിക്കാന്‍ രാഷ്ട്രീയത്തില്‍ നിന്നുകൊണ്ടുള്ള കൃത്യമായ സാമൂഹിക വിശകലനം ആവശ്യമാണ്. അതാകട്ടെ ചരിത്രപരമായ സാമൂഹിക ഉള്ളടക്കത്തെ മുന്‍നിര്‍ത്തിയായിരിക്കണം. ആ നിലയില്‍ അത്തരമൊരു അന്വേഷണം എത്തി നില്‍ക്കുക അംബേദ്കറിലും ലോഹ്യയിലുമാണ്. ലോഹ്യ ഇത്തരമൊരു അന്വേഷണം 1950കള്‍ക്ക് മുമ്പ് തന്നെ തുടങ്ങിയിരുന്നു. ജാതിയെ പ്രതിരോധിക്കാന്‍ രാജ്യത്തെ പിന്നാക്ക ദളിത് പാര്‍ശ്വവത്കൃത വിഭാഗങ്ങളുടെ ഒരുമയും മുന്നേറ്റവും അനിവാര്യമാണെന്ന് ലോഹ്യ നിരീക്ഷിച്ചിട്ടുണ്ട്.

“സ്ത്രീകളും ശൂദ്രനും ദളിതരും മുസ്‌ലിംകളും മുന്‍കൈ നേടുന്ന ശക്തവും സത്യനിഷ്ഠവുമായ ഒരു പാര്‍ട്ടിക്ക് മാത്രമേ ഇന്ത്യയെ സന്തോഷഭരിതമാക്കാന്‍ കഴിയൂ എന്ന് എനിക്കുറപ്പാണ്.’ സമകാല ഇന്ത്യ നേരിടുന്ന ഏറ്റവും പ്രധാന രാഷ്ട്രീയ മേല്‍ക്കോയ്മയില്‍ പുറന്തള്ളപ്പെടുന്നത് മുസ്‌ലിംകളും ദളിതരും പിന്നാക്ക വിഭാഗങ്ങളുമാണ്. ഈ വസ്തുതകളെ മനസ്സിലാക്കിയിട്ടും അതിനെതിരെ രാഷ്ട്രീയ പ്രതിരോധം രൂപപ്പെടുത്താന്‍ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് കഴിയുന്നില്ല.

ഇതിനെക്കുറിച്ച് പറയുന്നുണ്ട് ലോഹ്യ- “ജാതിയുടെ നിര്‍മാര്‍ജനം എന്നത് ഏറെക്കുറെ എല്ലാ പാര്‍ട്ടികളുടെയും പ്രഖ്യാപിത നയമാണ്. ഈ പ്രഖ്യാപനങ്ങളെ അവരുടെ മറ്റു നയങ്ങളുമായി കോര്‍ത്തിണക്കാന്‍ അവ ശ്രമിക്കുന്നില്ല. ഇവ നടപ്പില്‍ വരുത്താന്‍ ഉതകുന്ന ഒരു സക്രിയമായ പരിപാടിയും അവര്‍ക്കില്ല.’ കഴിഞ്ഞ ഏഴര പതിറ്റാണ്ടിലധികം ജാതി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിലനില്‍ക്കുകയാണ്. അത് ഉണ്ടാക്കുന്ന സാമൂഹിക സംഘര്‍ഷാവസ്ഥകളെ, പ്രതിസന്ധികളെ അഭിസംബോധന ചെയ്യാന്‍ കഴിയാത്ത വിധം പാര്‍ലിമെന്ററി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുള്ളില്‍ ഒളിഞ്ഞും തെളിഞ്ഞും സവര്‍ണ അധികാര ശക്തികള്‍ ജാതിയെ മൂടിവെച്ചിട്ടുണ്ട്. ഇതിനെ ലോഹ്യ നിരീക്ഷിക്കുന്നത് അധികാരത്തിന് മുകളിലെ ശക്തിയായിട്ടാണ്. ജാതി ചലനരഹിതമായ വര്‍ഗമാണ് എന്ന് ലോഹ്യ നിരന്തരം പറഞ്ഞിട്ടുണ്ട്. വര്‍ഗ രാഷ്ട്രീയത്തിന് ഇന്ത്യന്‍ അവസ്ഥകളെ തിരിച്ചറിയുന്നതില്‍ ഉണ്ടായ പരിമിതിയെയാണ് ഇത് വ്യക്തമാക്കുന്നത്. അതുകൊണ്ടാണ് ജാതിയുടെ ചക്രം ക്രൂരമായി കറങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ കറക്കത്തില്‍ കോടിക്കണക്കായ പിന്നാക്ക ജാതികള്‍ ചതഞ്ഞ് പോകുന്നു എന്ന് ലോഹ്യ പറഞ്ഞത്.

നിലവില്‍ ഇന്ത്യയില്‍ പിന്നാക്ക ദളിത് മനുഷ്യര്‍ ജാതിയുടെ ചക്രത്തിനുള്ളില്‍ ക്രൂരമായി കൊല്ലപ്പെടുകയാണ്. നേരത്തേ ഇത് സാമൂഹിക മേധാവിത്വ ശക്തികളിലൂടെ ആയിരുന്നെങ്കില്‍ ഇന്ന് ഭരണകൂടങ്ങളുടെ താത്പര്യങ്ങളായി മാറുന്നു. ഇതിന്റെ മറ്റൊരു വശം ജാതിമനുഷ്യരുടെ നിശ്ചലതയാണ്. അവര്‍ക്ക് രാജ്യത്തിന്റെയും ലോകത്തിന്റെയും മാറ്റങ്ങള്‍ക്ക് അനുസരിച്ച് മാറാന്‍ കഴിയുന്നില്ല. അതിനാവശ്യമായ അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ നിരാകരണം ജാതി മനുഷ്യരെ ഇന്നും വേട്ടയാടുന്നു. പതിറ്റാണ്ടായി ജനാധിപത്യ പാര്‍ട്ടിയില്‍ ജാതിമേല്‍ക്കോയ്മ ഇപ്പോഴും നിലനില്‍ക്കുന്നതിന്റെ കാരണം, ലോഹ്യ വളരെ മുമ്പ് തന്നെ നിരീക്ഷിച്ചിട്ടുണ്ട്. “ജാതി വ്യവസ്ഥ നിശ്ചലതയുടെയും മാറ്റത്തിനെതിരെയുള്ളതുമായ ഭീകരമായ ശക്തിയാണ്. നിലനില്‍ക്കുന്ന അധമത്വത്തിന്റെയും നീചത്വത്തിന്റെയും അവഹേളനത്തിന്റെയും കളവിന്റെതുമായ എല്ലാറ്റിനെയും ശാശ്വതീകരിക്കുന്ന ശക്തി. എന്നിട്ടും അല്‍പ്പം ചില നീചത്വമോ കളവോ ഈ മുഴുവന്‍ ഘടനയെയും കീഴ്‌മേല്‍ മറിക്കുമോ എന്ന അവിശുദ്ധമായ ഒരു ഭയം നിലനില്‍ക്കുന്നു.

സ്വാതന്ത്ര്യാനന്തര ഇന്ത്യ മിക്കവാറും എല്ലാ മാര്‍ഗങ്ങളിലും ബ്രിട്ടീഷ് ഇന്ത്യയുടെ കൃത്യമായ തുടര്‍ച്ചയാണ്. ഇന്ത്യന്‍ ജനത തുടര്‍ന്നും കുടിയൊഴിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്’ (ജാതിവ്യവസ്ഥ). ഈ നിരീക്ഷണത്തെ മറികടക്കാന്‍ കഴിയാത്ത വിധം ഇന്ത്യയിലെ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ജാതി നിര്‍മിക്കുന്ന അടിസ്ഥാന സാമൂഹിക, രാഷ്ട്രീയ വൈരുധ്യങ്ങളെ ഇന്ന് വരെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. അതാണ് ജാതി സെന്‍സസ് നടത്താനുള്ള തീരുമാനത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അനിശ്ചിതത്തില്‍ നില്‍ക്കുന്നത്.

ജാതിയെ കുറിച്ചുള്ള ഏതൊരു അന്വേഷണവും മനുഷ്യന്റെ സ്വാഭാവിക നീതിയെ നിഷേധിക്കുന്നതിലാണ് എത്തിനില്‍ക്കുക. ഈ നിഷേധം കേവലം സാമൂഹിക ജീവിതത്തെ മാത്രം ബാധിക്കുന്നതല്ല. മറിച്ച്, ഭരണകൂടത്തെ നിലനിര്‍ത്തുന്ന എല്ലാ മേഖലകളിലും ഈ ആധിപത്യം ശക്തമായി വരികയാണ്. ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തു പോകുന്ന ഭൂരിപക്ഷം വോട്ടര്‍മാരും അടിത്തട്ട് ജീവിതത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അവര്‍ അധികവും മുസ്‌ലിംകളാണ്. ആകെയുള്ള വനിതാ വോട്ടര്‍മാരായ മൂന്നരക്കോടി പേരില്‍ നിന്ന് 6.2 ശതമാനം പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ഹിന്ദുത്വത്തിന്റെ രാഷ്ട്രീയത്തെയാണ് ശക്തിപ്പെടുത്തുക. ഈ മാസം ആറാം തീയതി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് നേരെ മറ്റൊരു അഭിഭാഷകന്‍ കാണിച്ച അധിക്ഷേപത്തിന് പ്രേരിപ്പിച്ചതാകട്ടെ സനാതന ധര്‍മത്തെ അപമാനിക്കുന്നു എന്ന കുറ്റമാണ്. നിയമ വ്യവസ്ഥക്ക് ഉള്ളില്‍ സവര്‍ണ ജാതി പരികല്‍പ്പനകള്‍ ബ്രാഹ്‌മണ്യ സംസ്‌കാരത്തിന്റെ ഭാഗമാണ്. അതാണ് ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത പറഞ്ഞത്. സര്‍ക്കാറുകള്‍ ബ്രാഹ്‌മണന്മാരെ സേവിക്കണമെന്ന്. മതേതര ജനാധിപത്യ ഭരണഘടന നിലനില്‍ക്കുന്ന രാജ്യത്ത് നിന്ന് ഇങ്ങനെ പറയാന്‍ കഴിയുന്നത് ജാതി അധികാരത്തിന്റെ ശക്തിയിലാണ്. ഇന്ത്യയിലെ ജാതിവ്യവസ്ഥയെ ഘടനാപരമായി നിലനിര്‍ത്തുന്ന ബ്രാഹ്‌മണ്യത്തെ ജനാധിപത്യ ഭരണ സംവിധാനം തന്നെ കൊണ്ടുനടക്കുകയാണ്.

അത് ഭരണഘടനക്ക് മുകളില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മേല്‍ക്കൈ എത്രമാത്രം കരുത്തുറ്റതാകുന്നു എന്ന പ്രഖ്യാപനം കൂടിയാണ്. ഈ അവസരത്തില്‍ ജാതിക്കെതിരെയുള്ള പ്രതിരോധം ഏതെങ്കിലും അര്‍ഥത്തിലുള്ള തൊട്ടുകൂടായ്മയോ സാമൂഹികനീതി നിഷേധമായോ കാണാന്‍ കഴിയില്ല. അത് ഇന്ത്യന്‍ ജനാധിപത്യത്തെ ഹിന്ദുത്വ ഭരണകൂട അധികാര വ്യവസ്ഥക്കുള്ളില്‍ നിന്ന് മോചിപ്പിക്കാനുള്ള പോരാട്ടം കൂടിയായി വീണ്ടെടുക്കേണ്ടതുണ്ട്. അത് കേവലം ഏതെങ്കിലും പിന്നാക്ക ജാതി സമൂഹത്തിന്റെ ഉത്തരവാദിത്വമല്ല. പതിറ്റാണ്ടുകള്‍ക്കു മുമ്പ് അത് രേഖപ്പെടുത്തി വെച്ചിട്ടുണ്ട് ലോഹ്യ. “ഇന്ത്യയെ സംബന്ധിച്ച് ജാതി ജനാധിപത്യത്തിന്റെ രാഷ്ട്രീയ നിലനില്‍പ്പിനെ തന്നെ നിയന്ത്രിക്കുന്നതാണ്. ഭരണകൂടത്തിലേക്കുള്ള പ്രവേശനത്തിന് ജാതിയെ നിരാകരിക്കുക എന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിന്ന് അസാധ്യമായിരിക്കുന്നു.

അത്രമാത്രം മേല്‍ത്തട്ട് ജാതിയുടെ അധീശത്വവും സവര്‍ണ ബോധവും ഏറെക്കുറെ എല്ലാ രാഷ്ട്രീയ അധികാര വ്യവഹാരത്തെയും നിയന്ത്രിക്കുന്നുണ്ട്.’ ഈ തിരിച്ചറിവ് ഇന്ത്യയിലെ കീഴ്ത്തട്ട് സമൂഹങ്ങളിലേക്ക് എത്തിക്കാനുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തെ ഏറ്റെടുക്കാന്‍ ആര്‍ക്ക് കഴിയും? അത്തരമൊരു രാഷ്ട്രീയം അഖിലേന്ത്യാടിസ്ഥാനത്തില്‍ ഇന്നുവരെ രൂപപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് ഇന്ത്യയിലെ ജാതി മനുഷ്യര്‍ക്ക് ഹിന്ദുത്വത്തിനെതിരായി ഒരു ബദല്‍ രാഷ്ട്രീയത്തെ കെട്ടിപ്പടുക്കാന്‍ കഴിയാത്തത്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന് പോലും ജാതിക്കെതിരെയുള്ള മുന്നേറ്റത്തെ പ്രധാന അജന്‍ഡയാക്കി സ്വീകരിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ ജാതി സെന്‍സസ് എന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും പ്രാധാന്യമുള്ള ഒരു വിഷയത്തെ ഹിന്ദുത്വ കാലത്ത് ചര്‍ച്ചയാക്കാനും അതുവഴി ജാതി സെന്‍സസിനെ ഹിന്ദുത്വ ശക്തികളെക്കൊണ്ട് അംഗീകരിപ്പിക്കാനും കോണ്‍ഗ്രസ്സിനു കഴിഞ്ഞു. രാജ്യത്ത് പങ്കാളിത്ത ജനാധിപത്യവും സമത്വവും നിലനില്‍ക്കണമെങ്കില്‍ ആദ്യം തകരേണ്ടത് ബ്രാഹ്‌മണിക്കല്‍ മേധാവിത്വം തന്നെയാണ്. ലോഹ്യ അതിനു വേണ്ടിയാണ് വാദിച്ചത്.