National
രാജ്യത്ത് മുസ്‌ലിം ജനസംഖ്യ വര്‍ധിക്കാന്‍ കാരണം നുഴഞ്ഞുകയറ്റം: അമിത് ഷാ
രാജ്യത്ത് മുസ്‌ലിം ജനസംഖ്യ 24.6 ശതമാനം വര്‍ധിച്ചു. എന്നാല്‍ ഹിന്ദു ജനസംഖ്യ 4.5 ശതമാനം കുറഞ്ഞു. പ്രത്യുല്‍പാദന നിരക്കല്ല, മറിച്ച് നുഴഞ്ഞുകയറ്റമാണ് ഇതിന് കാരണമെന്ന് അമിത്ഷാ പറഞ്ഞു

ന്യൂഡല്‍ഹി | രാജ്യത്ത് മുസ്‌ലിം ജനസംഖ്യ വര്‍ധിക്കാന്‍ കാരണം നുഴഞ്ഞുകയറ്റമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. രാജ്യത്ത് മുസ്‌ലിം ജനസംഖ്യ 24.6 ശതമാനം വര്‍ധിച്ചു. എന്നാല്‍ ഹിന്ദു ജനസംഖ്യ 4.5 ശതമാനം കുറഞ്ഞു. പ്രത്യുല്‍പാദന നിരക്കല്ല, മറിച്ച് നുഴഞ്ഞുകയറ്റമാണ് ഇതിന് കാരണമെന്ന് അമിത്ഷാ പറഞ്ഞു. ഡല്‍ഹിയില്‍ ദൈനിക് ജാഗരണ്‍ സംഘടിപ്പിച്ച ‘നുഴഞ്ഞുകയറ്റം, ജനസംഖ്യാപരമായ മാറ്റം, ജനാധിപത്യം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടര്‍ പട്ടികയില്‍ നുഴഞ്ഞുകയറ്റക്കാരെ ഉള്‍പ്പെടുത്തുന്നത് ഭരണഘടനയുടെ ആത്മാവിനെ മലിനമാക്കും. വോട്ടവകാശം രാജ്യത്തെ പൗരന്മാര്‍ക്ക് മാത്രമേ ലഭ്യമാക്കൂമെന്നും അമിത് ഷാ പറഞ്ഞു. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ ഹിന്ദു ജനസംഖ്യയിലുണ്ടായ കുറവ് മതപരിവര്‍ത്തനം മൂലമല്ല. അവിടെനിന്നുള്ളവരില്‍ പലരും ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ്. അതുമൂലം ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യയിലെ വര്‍ധനക്ക് കാരണമാവുകയും ചെയ്തു.
ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍, മതത്തിന്റെ അടിസ്ഥാനത്തില്‍ പാകിസ്താന്‍ ഇരുവശത്തും രൂപപ്പെട്ടു. പിന്നീട് അത് ബംഗ്ലാദേശും പാകിസ്താനുമായി വിഭജിക്കപ്പെട്ടു. ഇരുവശത്തുനിന്നുമുള്ള നുഴഞ്ഞുകയറ്റമാണ് ഇന്ത്യയില്‍ ജനസംഖ്യയില്‍ ഇത്രയും വലിയ മാറ്റത്തിന് കാരണമായതെന്നും അമിത് ഷാ പറഞ്ഞു.
1951 മുതല്‍ 2011 വരെയുള്ള സെന്‍സസില്‍ ജനസംഖ്യാ വളര്‍ച്ചയിലെ അസമത്വം പ്രധാനമായും നുഴഞ്ഞുകയറ്റം മൂലമാണ്. നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയാനും അവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുമുള്ള ശ്രമങ്ങളാണ് ബി ജെ പി നടത്തുന്നത്. ഇങ്ങോട്ട് നുഴഞ്ഞുകയറിയവരെ അവരവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്താന്‍ ശ്രമിക്കും. വോട്ടവകാശം ഈ രാജ്യത്തെ പൗരന്മാര്‍ക്ക് മാത്രമേ നല്‍കാവൂ എന്നും അമിത് ഷാ പറഞ്ഞു.
സി എ എ ആരുടെയും പൗരത്വം കവര്‍ന്നെടുക്കുന്നതിന് വേണ്ടിയല്ല. പൗരത്വം നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്ത പദ്ധതിയാണത്. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ നുഴഞ്ഞുകയറ്റക്കാരെ രാജ്യത്തിന് ഭീഷണിയായി കാണുന്നില്ല. അവര്‍ അതിനെ വോട്ട് ബാങ്കായി കാണുന്നുവെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താനുള്ള ഉത്തരവാദിത്തം ഭരണഘടന തെരഞ്ഞെടുപ്പ് കമ്മീഷനെ ഏല്‍പ്പിക്കുന്നു. വോട്ടറുടെ നിര്‍വചനം അനുസരിച്ച് വോട്ടര്‍ പട്ടിക തയ്യാറാക്കുമ്പോള്‍ മാത്രമേ ഇത് സാധ്യമാകൂ എന്നും അമിത്ഷാ പറഞ്ഞു.