Saudi Arabia
2026 ലോകകപ്പ്; ഗ്രൂപ്പ് എച്ചില്‍ ഇടം നേടി സഊദി
സ്‌പെയിന്‍, ഉറുഗ്വേ, കേപ് വെര്‍ഡെ എന്നിവയാണ് ഗ്രൂപ്പിലെ മറ്റ് രാജ്യങ്ങള്‍
റിയാദ് | 2026 ലോകകപ്പ് രാജ്യങ്ങളുടെ നറുക്കെടുപ്പില്‍ സ്‌പെയിന്‍, കേപ് വെര്‍ഡെ, ഉറുഗ്വേ എന്നിവയ്ക്കൊപ്പം സഊദി അറേബ്യ ഗ്രൂപ്പ് എച്ചില്‍ ഇടം നേടി. ഏഴാം തവണയാണ് സഊദി ടൂര്‍ണമെന്റില്‍ ഇടം നേടുന്നത്
യുഎസ്എയിലെ വാഷിംഗ്ടണില്‍ നടന്ന താരനിബിഡമായ ചടങ്ങിന് ശേഷമായിരുന്നു ഫിഫ അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരത്തിനുള്ള ഗ്രൂപ്പുകളുടെ നറുക്കെടുപ്പ് നടന്നത് . 2023 സെപ്റ്റംബറില്‍ ആരംഭിച്ച യോഗ്യതാ മത്സരത്തിനുശേഷം, ഫുട്‌ബോള്‍ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 2026 വര്‍ഷത്തെ ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് നറുക്കെടുപ്പ് പൂര്‍ത്തിയായത്
2022 ഫിഫ ലോകകപ്പില്‍ സഊദി ഗ്രൂപ്പ് സിയിലായിരുന്നു മത്സരിച്ചത്. ടൂര്‍ണമെന്റിലെ അവരുടെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം, അര്‍ജന്റീനയ്ക്കെതിരായ 2-1 എന്ന സ്‌കോറെന്ന ചരിത്രപരമായ വിജയമായിരുന്നു. ഫിഫയുടെ ചരിത്രത്തില്‍ ആദ്യമായി 48 രാജ്യങ്ങളാണ് അടുത്ത വര്‍ഷത്തെ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത് .2026 ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്. ജൂലൈ 9, 10, 11 തിയ്യതികളില്‍ ക്വാര്‍ട്ടര്‍ മല്‍സരങ്ങളും, ജൂലൈ 14, 15 തിയ്യതികളില്‍ സെമി ഫൈനലും നടക്കും. 2026 ജൂലൈ 19 ന് ന്യൂജേഴ്സിയില്‍ നടക്കുന്ന ഫൈനലോടെ ഫുട്‌ബോള്‍ മാമാങ്കത്തിന് തിരശ്ശീല വീഴും
നിലവില്‍ ആറ് അറബ് രാജ്യങ്ങളാണ് 2026 ലെ ലോകകപ്പിന് ഇതുവരെ യോഗ്യത നേടിയത്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഓസ്ട്രേലിയ, ഇറാന്‍, ജപ്പാന്‍, ജോര്‍ദാന്‍, ഖത്തര്‍, സഊദി അറേബ്യ, ദക്ഷിണ കൊറിയ, ഉസ്ബെക്കിസ്ഥാന്‍ എന്നിവയാണ് മത്സരത്തിനിറങ്ങുന്ന രാജ്യങ്ങള്‍. ഗ്രൂപ്പ് ജെയില്‍ 2022 ഫിഫ ലോകകപ്പ് ചാമ്പ്യന്മാരായ അര്‍ജന്റീന , ഓസ്ട്രിയ, അള്‍ജീരിയ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം മാറ്റുരക്കും
വാഷിങ്ടന്‍ ഡിസിയിലെ ജോണ്‍ എഫ്. കെന്നഡി സെന്റര്‍ ഫോര്‍ ദി പെര്‍ഫോമിങ് ആര്‍ട്സില്‍ നടന്ന ചടങ്ങില്‍ സഊദി അറേബ്യയെ പ്രതിനിധീകരിച്ച് അമേരിക്കയിലെ സഊദി അംബാസഡര്‍ റീമ ബിന്റ് ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരിയും ഫെഡറേഷന്‍ ഉദ്യോഗസ്ഥരും മുഖ്യ പരിശീലകനുമായ ഹെര്‍വ് റെനാര്‍ഡും പങ്കെടുത്തു .കായിക രംഗത്തെ പ്രമുഖരായ ടോം ബ്രാഡി, വെയ്ന്‍ ഗ്രെറ്റ്സ്‌കി, ഷാക്കിള്‍ ഒ’നീല്‍ എന്നിവരാണ് നറുക്കെടുപ്പ് നിയന്ത്രിച്ചത്




