Connect with us

National

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്; പത്ത് ദിവസം സാവകാശം തേടി ഇൻഡിഗോ സിഇഒ

ശനിയാഴ്ച ഏകദേശം അഞ്ഞൂറോളം ഇൻഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയത്.

Published

|

Last Updated

ന്യൂഡൽഹി | തുടർച്ചയായ അഞ്ചാം ദിവസവും ഇൻഡിഗോ വിമാന സർവീസുകൾ താറുമാറായതോടെ പ്രശ്നത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് (പി എം ഒ) നേരിട്ട് ഇടപെട്ടു. എത്രയും പെട്ടെന്ന് സർവീസുകൾ പുനഃസ്ഥാപിക്കാൻ രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തി. കഴിഞ്ഞ ദിവസങ്ങളിലായി ആയിരത്തിലധികം വിമാനങ്ങൾ റദ്ദാക്കിയ ഇൻഡിഗോ പ്രതിസന്ധിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചു. പി എം ഒ ഇൻഡിഗോ സി ഇ ഒ പീറ്റർ എൽബേഴ്സുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാൻ തനിക്ക് പത്ത് ദിവസം സമയം വേണമെന്ന് എൽബേഴ്സ് സർക്കാരിനോട് അഭ്യർഥിച്ചു. ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റ് (എഫ് ഡി ടി എൽ) നിയമങ്ങൾ വളരെ കടുപ്പമുള്ളതാണെന്നും ഇതിൽ ഇളവ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, വിമാനത്താവളങ്ങളിലെ സാധാരണ നില ഉടൻ പുനഃസ്ഥാപിക്കണമെന്ന് സർക്കാർ ഇൻഡിഗോ സി ഇ ഒ ക്ക് നിർദേശം നൽകി.

അതിനിടെ, റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ഞായറാഴ്ച രാത്രി എട്ട് മണിക്ക് മുമ്പ് ടിക്കറ്റ് തുക പൂർണമായി തിരികെ നൽകാൻ സർക്കാർ ഇൻഡിഗോയ്ക്ക് കർശന നിർദ്ദേശം നൽകി. ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നതിനെത്തുടർന്ന് വിമാന ടിക്കറ്റുകളുടെ നിരക്കുകൾക്ക് സർക്കാർ പരിധി ഏർപ്പെടുത്തുകയും ചെയ്തു.

ശനിയാഴ്ച ഏകദേശം അഞ്ഞൂറോളം ഇൻഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയത്. അതേസമയം, വിമാനത്താവളങ്ങളിലെ തിരക്കും ആശയക്കുഴപ്പങ്ങളും കുറഞ്ഞു. യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിനായി ഇന്ത്യൻ റെയിൽവേ അധികമായി പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തി സഹായത്തിനെത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest