Ongoing News
ഇന്‍ഡിഗോയുടെ പ്രതിസന്ധി മുതലെടുത്ത് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച നടപടി; ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രത്തിന്റെ ഇടപെടല്‍
500 കിലോമീറ്റര്‍ വരെ ദൂരമുള്ള യാത്രയ്ക്ക് 7500 രൂപയില്‍ കൂടുതല്‍ നിരക്ക് ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു
ന്യൂഡല്‍ഹി | ഇന്‍ഡിഗോ എയര്‍ലൈന്‍സ് നേരിടുന്ന പ്രതിസന്ധി മുതലെടുത്ത് മറ്റ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഗണ്യമായി ഉയര്‍ത്തിയ നടപടിയില്‍ ഇടപെടലുമായി കേന്ദ്ര സര്‍രക്കാര്‍. ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ചു കൊണ്ടാണ് കേന്ദ്രത്തിന്റെ ഇടപെടല്‍.500 കിലോമീറ്റര്‍ വരെ ദൂരമുള്ള യാത്രയ്ക്ക് 7500 രൂപയില്‍ കൂടുതല്‍ നിരക്ക് ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. 500 കിലോമീറ്ററിനും ആയിരം കിലോമീറ്ററിനും ഇടയില്‍ ടിക്കറ്റ് നിരക്കായി പരമാവധി ഈടാക്കാന്‍ അനുവദിച്ചിരിക്കുന്നത് 12,000 രൂപയാണ്. ആയിരത്തിനും 1500 കിലോമീറ്ററിനും ഇടയിലുള്ള യാത്രയ്ക്ക് പരമാവധി 15000ല്‍ കൂടുതല്‍ ഈടാക്കാന്‍ പാടില്ല. 1500 കിലോമീറ്ററിന് മുകളിലുള്ള യാത്രയ്ക്ക് പരമാവധി ടിക്കറ്റ് നിരക്ക് ആയി നിശ്ചയിച്ചിരിക്കുന്നത് 18000 രൂപയാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.പൈലറ്റ്മാര്‍ അടക്കമുള്ള ജീവനക്കാരുടെ കുറവിനെ തുടര്‍ന്ന് ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ പൂര്‍ണമായും താളം തെറ്റിയിരിക്കുകയാണ്. ഇത് മുതലെടുത്താണ് മറ്റ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയത്.
നിരക്ക് സാധാരണ നിലയില്‍ ആകുന്നത് വരെ നിയന്ത്രണം തുടരും. അല്ലാത്തപക്ഷം നിരക്ക് സംബന്ധിച്ച് പുനഃപരിശോധന നടക്കുന്നതുവരെ നിശ്ചയിച്ച പരിധി എല്ലാ വിമാന കമ്പനികളും പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു. നേരിട്ടോ, അല്ലാതെയുള്ള എല്ലാ ബുക്കിങ്ങുകള്‍ക്കും പരിധി ബാധകമാണ്. ബിസിനസ് ക്ലാസ് യാത്രകള്‍ക്ക് ഈ പരിധി ബാധകമല്ലെന്നും ഉത്തരവിലുണ്ട്



