Connect with us

Kerala

കേരളത്തിലെ ദേശീയ പാതകളില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു; 2019-23 കാലയളവില്‍ പൊലിഞ്ഞത് 5374 ജീവനുകള്‍

ഇക്കാലയളവില്‍ 52368 അപകടങ്ങള്‍ നടന്നതായും 56952 പേര്‍ക്ക് പരിക്കേറ്റതായും കണക്കുകളില്‍ നിന്നും വ്യക്തമാവുന്നു

Published

|

Last Updated

പത്തനംതിട്ട |  കേരളത്തിലെ ദേശീയ പാതകളില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു.
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് പുറത്തുവിട്ട ഇന്ത്യയിലെ റോഡ് അപകടങ്ങളുമായി ബന്ധപ്പെട്ട റിപോര്‍ട്ടിലാണ് കേരളത്തില്‍ നടന്ന അപകടങ്ങളെ കുറിച്ചുള്ള കണക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ ദേശീയ പാതകളില്‍ 2019-23 കാലയളവില്‍ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് 5374 ജീവനുകളാണെന്നും കണക്കുകള്‍ വ്യക്്തമാക്കുന്നു. ഈക്കാലയളവില്‍ 52368 അപകടങ്ങള്‍ നടന്നതായും 56952 പേര്‍ക്ക് പരിക്കേറ്റതായും കണക്കുകളില്‍ നിന്നും വ്യക്തമാവുന്നു.

 

 

2019ല്‍ 9459 അപകടങ്ങളിലായി 10710 പേര്‍ക്ക് പരിക്കേല്‍ക്കുകയും 1259 പേര്‍ മരിക്കുകയും ചെയ്തു. 2020ല്‍ 6594 അപകടങ്ങളിലായി 7354 പേര്‍ക്ക് പരിക്കേല്‍ക്കുകയും 887 പേര്‍ മരിക്കുകയും ചെയ്തു. 2021ല്‍ 8048 അപകടങ്ങളിലായി 8984 പേര്‍ക്ക് പരിക്കേല്‍ക്കുകയും 975 പേര്‍ മരിക്കുകയും ചെയ്തു. 2022ല്‍ 17627 അപകടങ്ങളിലായി 17799 പേര്‍ക്ക് പരിക്കേല്‍ക്കുകയും 1197 പേര്‍ മരിക്കുകയും ചെയ്തു. 2023ല്‍ 10640 അപകടങ്ങളിലായി 12105 പേര്‍ക്ക് പരിക്കേല്‍ക്കുകയും 1056 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. കൊവിഡ് ബാധ രൂക്ഷമായ 2020,21 വര്‍ഷങ്ങളില്‍ പോലും അപകടങ്ങളില്‍ കുറവുണ്ടായെങ്കിലും 1862 ജീവനുകള്‍ ദേശീയ പാതകളില്‍ നഷ്ടമായി. ഇതിനിടയിലും ദേശീയ പാത നവീകരണവുമായി ബന്ധപ്പെട്ട് 46,965.17 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറയുന്നു. 46 പദ്ധതികളിലായി 834 കിലോ മീറ്റര്‍ ദുരം ദേശീയ പാതയുടെ നവീകരണ പ്രവര്‍ന്നങ്ങളാണ് നടക്കുന്നത്. ഈ പദ്ധതികള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ആണെന്നും 2027-28 സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആന്റോ ആന്റണി എം പിയുടെ ചോദ്യത്തിന് കേന്ദ്ര ഗതാഗത മന്ത്രി നല്‍കിയ മറുപടിയിലാണ് ഈക്കാര്യങ്ങള്‍ വ്യക്്തമാവുന്നത്.