Kerala
മര്‍ക്കസ് ലോ കോളജില്‍ ഭരണഘടനാ വാരാഘോഷത്തിന് സമാപനം
കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റീസ് എന്‍ നാഗരേഷ് മുഖ്യപ്രഭാഷണം നടത്തി
നോളജ് സിറ്റി | മര്‍കസ് ലോ കോളജില്‍ നടന്ന ഭരണഘടനാ വാരാഘോഷം നൗട്ര സെപ്റ്റിമാനക്ക് സമാപനം കുറിച്ചു. ലോ കോളജ് സെമിനാര്‍ ഹാളില്‍ നടന്ന സമാപന ചടങ്ങില്‍ കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റീസ് എന്‍ നാഗരേഷ് മുഖ്യപ്രഭാഷണം നടത്തി. 1947ല്‍ ബ്രിട്ടീഷുകാര്‍ ഉപേക്ഷിച്ച് മടങ്ങുമ്പോള്‍ അവികസിത രാജ്യമായിരുന്ന ഇന്ത്യയെ ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഉയര്‍ത്തിയതിന് പിന്നിലെ ചാലക ശക്തി നമ്മുടെ ഭരണഘടനയാണ് എന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന നല്‍കിയ സ്വാതന്ത്ര്യവും സമത്വവും ഉള്‍പ്പെടെയുള്ള അവകാശങ്ങളും അവസരങ്ങളുമാണ് നമ്മെ സാമ്പത്തികമായും മറ്റും ഉയര്‍ത്തിയത്. ഈ മുന്നേറ്റം തുടര്‍ന്നാല്‍ 2050ഓടെ നമ്മള്‍ ഒന്നാമത്തെ ശക്തിയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. മര്‍കസ് ലോ കോളജ് പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു എന്‍ പിള്ള അധ്യക്ഷത വഹിച്ചു. ലോ കോളജ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. സി അബ്ദുല്‍ സമദ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശമീര്‍ സഖാഫി മപ്രം, അക്കാദമിക് കോഡിനേറ്റര്‍ അബ്ദുര്‍റഊഫ് വി കെ, അസിസ്റ്റന്റ് പ്രൊഫസര്‍ ശ്രുതി സംസാരിച്ചു.




