Ongoing News
മദീന റൗള സന്ദർശന സമയം പുനഃക്രമീകരിച്ചു
പുരുഷന്മാർക്ക് സാധാരണ ദിവസങ്ങളിൽ അർദ്ധരാത്രി 2 മണി മുതൽ സുബ്ഹി നിസ്കാരം വരെയും, രാവിലെ 11:20 മുതൽ ഇശാ നിസ്കാരം വരെയുമാണ് പ്രവേശനം
മദീന | പ്രവാചകർ മുഹമ്മദ് നബി (സ) അന്ത്യവിശ്രമം കൊള്ളുന്ന മസ്ജിദുന്നബവിയിലെ റൗളയിൽ നിസ്കരിക്കാനും പ്രാർഥിക്കാനുമുള്ള സമയം ഇരുഹറം കാര്യാലയം പുനഃക്രമീകരിച്ചു. പുതുക്കിയ സമയക്രമം അനുസരിച്ച് പുരുഷന്മാർക്ക് സാധാരണ ദിവസങ്ങളിൽ അർദ്ധരാത്രി 2 മണി മുതൽ സുബ്ഹി നിസ്കാരം വരെയും, രാവിലെ 11:20 മുതൽ ഇശാ നിസ്കാരം വരെയുമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
സ്ത്രീകൾക്ക് സുബ്ഹി നിസ്കാരം മുതൽ രാവിലെ 11 മണി വരെയും ഇശാ നിസ്കാരം മുതൽ അർദ്ധരാത്രി 2 മണി വരെയുമാണ് പ്രവേശനം. വെള്ളിയാഴ്ചകളിൽ സമയക്രമത്തിൽ വ്യത്യാസമുണ്ട്; സ്ത്രീകൾക്ക് സുബ്ഹി നിസ്കാരത്തിന് ശേഷം രാവിലെ 9 മണി വരെയും, ഇശാ നിസ്കാരത്തിന് ശേഷം പുലർച്ചെ 2 മണി വരെയും പ്രവേശിക്കാം. പുരുഷന്മാർക്ക് വെള്ളിയാഴ്ചകളിൽ പുലർച്ചെ 2 മുതൽ സുബ്ഹി നിസ്കാരം വരെയും, രാവിലെ 9:20 മുതൽ 11:20 വരെയും, ജുമുഅ നിസ്കാരത്തിന് ശേഷം ഇശാ നിസ്കാരം വരെയും റൗളയിൽ പ്രവേശിക്കാം.
സന്ദർശകർക്ക് വർഷത്തിൽ ദിവസത്തിൽ ഒരിക്കൽ മാത്രമാണ് മുൻകൂട്ടി ബുക്ക് ചെയ്യാൻ അവസരമുണ്ടാകുക. ‘നുസ്ക്’ പ്ലാറ്റ്‌ഫോം വഴി നൽകുന്ന പെർമിറ്റ് വഴിയാണ് പ്രവേശനം ലഭിക്കുക. പ്രവാചക നഗരിയിലെത്തുന്ന സമയം ‘ഇൻസ്റ്റന്റ് ട്രാക്ക്’ ഓപ്ഷൻ വഴിയും ബുക്ക് ചെയ്യാൻ കഴിയും. മക്ക ഗേറ്റിന് (37) മുന്നിലുള്ള തെക്കൻ കോർട്ട് യാർഡിലൂടെയാണ് റൗളയിലേക്ക് പ്രവേശിക്കേണ്ടത്. പ്രായമായവർക്ക് ചട്ടങ്ങൾ അനുസരിച്ച് വീൽചെയറിലും റൗളയിൽ പ്രവേശിക്കാമെന്ന് അതോറിറ്റി അറിയിച്ചു.



