Kerala
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് പോലീസ് മനപൂർവം വൈകിപ്പിക്കുന്നില്ല: മുഖ്യമന്ത്രി
പി എം ശ്രീ ഉൾപ്പടെയുള്ള വിഷയങ്ങളിൽ എൽ ഡി എഫിൽ യാതൊരു അനൈക്യവുമില്ലെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം | യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് വൈകുന്നത് പോലീസ് മനപ്പൂർവം ചെയ്യുന്നതാണെന്ന ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു. രാഹുലിന് ഒളിവിൽ പോകാനായി അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരും കോൺഗ്രസ് നേതാക്കളും ചേർന്നാണ് ‘സംരക്ഷണ വലയം’ തീർത്തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തൃശൂർ പ്രസ് ക്ലബിൽ മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ എവിടെയാണെന്ന് പോലീസിന് കണ്ടെത്താൻ സാധിക്കാതെ വന്നത് ശരിയാണ്. എന്നാൽ, പോലീസ് അറിഞ്ഞുകൊണ്ട് അറസ്റ്റ് വൈകിപ്പിക്കുന്നു എന്ന് പറയുന്നത് ശരിയല്ല. ക്രിമിനൽ സ്വഭാവമുള്ള ഒരാൾക്ക് രാഷ്ട്രീയ നേതൃത്വത്തിൻ്റെ സംരക്ഷണം ലഭിക്കുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ രാഷ്ട്രീയ നേതൃത്വത്തിൻ്റെ ‘ഭാവിയിലെ നിക്ഷേപമാണ്’ എന്നും അതിനാലാണ് സംരക്ഷണം നൽകുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. രാഹുലിൻ്റെ ഒളിയിടം അറിയാവുന്നവർ ആത്മാർഥതയുണ്ടെങ്കിൽ പോലീസിനെ അറിയിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പി എം ശ്രീ ഉൾപ്പടെയുള്ള വിഷയങ്ങളിൽ എൽ ഡി എഫിൽ യാതൊരു അനൈക്യവുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തെ ഇടതുപക്ഷം അംഗീകരിക്കുന്നില്ല. ഇതാണ് എൽ ഡി എഫിൻ്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



