Kerala
പൊന്നാനിയിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമാണ റാക്കറ്റ് പിടിയിൽ
പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ പൊന്നാനി സബ്ജയിലിലേക്ക് റിമാൻഡ് ചെയ്തു.
പൊന്നാനി| പൊന്നാനിയിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമാണ റാക്കറ്റ് പിടിയിൽ. ഒരു മാസംമുൻപ് മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് ഐ.പി.എസിനു ലഭിച്ച ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊന്നാനി പോലീസിന്അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുകയായിരുന്നു. തുടർന്ന് പൊന്നാനി പോലീസ് ഇൻസ്പെക്ടർ എസ്.അഷറഫ് ൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പൊന്നാനി പോത്തന്നൂർ സ്വദേശി മൂച്ചിക്കൽ വീട്ടിൽ ഇർഷാദിനെ(39) ദിവസങ്ങളോളം രഹസ്യ നിരീക്ഷണത്തിലാക്കി കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തതിൽ പൊളിഞ്ഞത് വ്യാജ സർട്ടിഫിക്കറ്റ് മാഫിയയുടെ സാമ്രാജ്യം.
ഇർഷാദ് നടത്തി വരുന്ന പൊന്നാനി സി വി ജംഗ്ഷനിലെ വിദേശ വിദ്യാഭ്യാസ റിക്രൂട്ടിങ് സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ കൊറിയർ വഴി വിതരണത്തിനായി എത്തിയ സംസഥാനത്തിനു പുറത്തുള്ള വിവിധ യുണിവേഴ്സിറ്റികളുടെ 100 ഓളം വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും പോലീസ് പിടിച്ചെടുത്തിരുന്നു .തുടർന്ന് ഇർഷാദിനെയും വിതരണത്തിനായി വേണ്ട സഹായങ്ങൾ നൽകിയ പുറത്തൂർ നമ്പ്യാരത്ത് വീട്ടിൽ രാഹുൽ (30 ), തിരൂർ പയ്യാരങ്ങാടി ചാലു പറമ്പിൽ വീട്ടിൽ നിസ്സാർ (31 ) എന്നിവരെയും പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു .
മാർക്ക് ലിസ്റ്റുകൾ,കോൺടാക്ട് സർട്ടിഫിക്കറ്റുകൾ ,ഡിഗ്രി സർട്ടിഫിക്കറ്റുകൾ ,വിവിധ പ്രൊഫഷണൽ കോഴ്സുകളുടെ സർട്ടിഫിക്കറ്റുകൾ, റെക്കമെൻ്റ്ഷൻ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയാണ് ഇവരിൽ നിന്നും കണ്ടെത്തിയത്ത്. കഴിഞ്ഞ നവംബർ പതിനൊന്നാം തീയതി പൊന്നാനി പോലീസ് പിടികൂടി പ്രതികളെ പൊന്നാനി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തിരുന്നു.
ഈ മൂന്ന് പ്രതികളെയും പോലിസ് കസ്റ്റഡിയിൽ എടുത്ത് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം നെടുമങ്ങാട് മണകോഡ് സ്വദേശിയായ ജസീം മൻസിലിൽ ജസീം ആണ് സർട്ടിഫിക്കറ്റുകൾ എത്തിച്ചു തരുന്നത് എന്ന വിവരം പൊലീസിന് ലഭിച്ചത് . ഇർഷാദിനെ പോലീസ് അറസ്റ്റ് ചെയ്ത വിവരം മനസ്സിലാക്കിയ ജസീം കോട്ടയം ,തെങ്കാശി എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയും തുടർന്ന് ബാംഗ്ലൂരിലേക്ക് കടക്കുകയും ചെയ്‌തിരുന്നു. വിപുലമായ അന്വേഷണങ്ങൾക്ക് ശേഷം ബാംഗ്ലൂരിലെ ഒളി സങ്കേതത്തിൽ നിന്നും പൊന്നാനി പോലീസ് ജസീമിനെ പിടികൂടി. ചോദ്യം ചെയ്തതിൽ സർട്ടിഫിക്കറ്റ് നിർമിച്ച് നൽകുന്നത് സംഘത്തലവനായ ഡാനി എന്ന ആൾ ആണ് എന്ന സൂചന ലഭിച്ചു. എന്നാൽ വാടക അകൗണ്ടുകളും വാടക സിം കാർഡുകളും ഉപയോഗിച്ച് തന്നിലേക്ക് അന്വേഷണം എത്താതിരിക്കാൻ വേണ്ടി ഡാനി ആർക്കും തന്റെ യഥാർത്ഥ ചിത്രമോ മെൽവിലാസമോ നൽകിയിരുന്നില്ല.
മറ്റു പ്രതികളിൽ നിന്നും ഡാനി മലയാളിയാണെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. തുടർന്ന് അന്വേഷണ സംഘം ബാംഗ്ലൂരിലും തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലും എത്തി കൊറിയർ സർവീസുകളും ബാങ്ക് അകൗണ്ടുകളും ദിവസങ്ങളോളം നിരീക്ഷിച്ചതിൽ തമിഴ്നാട് പൊള്ളാച്ചിയിൽ വീടു വാടകയ്ക്ക് എടുത്ത് തമിഴ്‌നാട് സ്വദേശികളായ ആളുകളെ ഉപയോഗിച്ച് വ്യാജ സർട്ടിഫിക്കറ്റ് പ്രിന്റിങ് പ്രസ് നടത്തുന്ന വിവരം പോലീസ് കണ്ടെത്തി. .പോലീസ് പ്രെസ്സിൽ റെയ്ഡ് ചെയ്യുന്ന സമയത്ത് ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളുടെ സർട്ടിഫിക്കറ്റുകൾ പ്രിന്റിങ് നടക്കുകയായിരുന്നു. പൊള്ളാച്ചിയിലെ വാടക വീട് റെയ്ഡ് ചെയ്തതിൽ നിന്നും കെട്ടുകണക്കിന് മാർക്ക് ലിസ്റ്റുകൾ സർട്ടിഫിക്കറ്റുകൾ എന്നിവ പ്രിൻ്റ് ചെയ്തു വിപണിയിലേക്ക് നൽകാനായി തയ്യാറാക്കി വെച്ചത് ശിവകാശിയിൽ എത്തി പൊന്നാനി പോലീസ് പിടിച്ചെടുത്തു.
ഒരു ലക്ഷത്തിലധികം വ്യാജ സർട്ടിഫിക്കറ്റ് പ്രിൻറ് ചെയ്യാനുള്ള വിവിധ യൂണിവേഴ്സിറ്റി കളുടേ മുദ്രയോട് കൂടിയ സർട്ടിഫിക്കറ്റ് പേപ്പറുകളും വിവിധ യൂണിവേഴ്സിറ്റികളുടെ ഹോളോ ഗ്രാമം സീലുകളും വൈസ് ചാൻസിലർ സീലുകളും അത്യാധുനിക രീതിയിൽ ഉള്ള കമ്പ്യൂട്ടറുകളും പ്രിന്ററും പോലീസ് റൈഡിനിടയിൽ പിടിച്ചെടുത്തു. പ്രെസ്സിലെ തൊഴിലാളികളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ഡാനി എന്ന വ്യാജ പേരിൽ അറിയപ്പെടുന്നത് മലപ്പുറം ജില്ലയിലെ തിരൂർ മീനടത്തൂർ സ്വദേശി നെല്ലിക്കതറയിൽ ധനീഷ് (37)എന്ന യാളാണ് എന്ന് പൊലീസിന് സൂചന ലഭിച്ചത് .
ധനീഷ് 2013 ൽ കല്പകഞ്ചേരി സ്റ്റേഷനിൽ വിതരണത്തിനായി എത്തിച്ച വ്യാജ സർട്ടിഫിക്കറ്റുമായി പിടിയിൽ ആയി തിരൂർ സബ്ജയിലിൽ റിമാൻഡിൽ ആയിരുന്നു. പ്രതി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഡാനി എന്ന അപര നാമം ഉപയോഗിച്ച് ഏജൻ്റുമാർക്ക് തന്നെ തിരിച്ചറിയാത്ത വിധത്തിൽ മാഫിയ സംഘത്തെ നിയന്ത്രിച്ച് വരികയായിരുന്നു. പ്രതി തിരൂരിൽ കോടികളുടെ ആഡംബര വീടും പൂനയിൽ 2 ഫൈവ് സ്റ്റാർ ബാറുകളും അപ്പാർട്ട്മെൻ്റുകളും വിദേശത്ത് ഗൾഫിൽ അപ്പാർട്ട്മേറ്റുകളും കോടികളുടെ ബിസിനസ്സ് സ്ഥാപനവും ഉൾപടെ കോടികളുടെ ഇടപാടുകളും സ്വന്തമാക്കി ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു. അന്വേഷണം തന്നിലേക്ക് എത്തുന്നത് മനസ്സിലാക്കി കുടുംബത്തോടൊപ്പം വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ധനീഷിനെ എയർപോർട്ടിൽ പോലീസ് സംഘം നിരീക്ഷിക്കുന്നത് മനസ്സിലാക്കി കർണാടക സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിക്കവേ കുന്ദമംഗലം പൊലീസിൻ്റെ സഹായത്തോടെ കുന്ദമംഗലത്ത് വെച്ച് പോലീസ് അതി സാഹസികമായി പിടികൂടുകയായിരുന്നു.
പ്രിന്റിങ് പ്രെസ്സിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമാണം നടത്തിയിരുന്ന തമിഴ്നാട് ശിവകാശി സ്വദേശികളായ ജൈനുൽ ആബിദ്ദീൻ (40), അരവിന്ദ് (24 ) വെങ്കിടേഷ് (24) എന്നിവരെ ശിവകാശിയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ഉപകരണങ്ങളും വ്യാജ സർട്ടിഫിക്കറ്റുകളുടെ ശേഖരവും പോലീസ് പൊന്നാനിയിൽ എത്തിച്ചു. തിരൂർ സ്വദേശിയായ ധനീഷ് ഏജന്റുമാർ മുഖേന വിദേശത്തും സ്വദേശത്തുമായി നിരവധി ആളുകൾക്ക് 75000 മുതൽ ഒന്നര ലക്ഷം രൂപ വരെ കൈപ്പറ്റിയാണ് ഇവർ ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളുടെ മുദ്രകളോട് കൂടിയ വ്യാജ സർട്ടിഫിക്കറ്റുകൾ ആവശ്യക്കാർക്ക് കൊറിയർ വഴിഎത്തിച്ച് നൽകിയിരുന്നത്. ഇതുമായി വിദേശത്തു നിരവധി ആളുകൾ വിവിധ സ്ഥാപനങ്ങളിൽ ജോലിക്ക് ചേർന്നതായും പല വിദേശ എംബസികളിലും ഇവരുടെ വ്യാജ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്തിട്ടുള്ളതായും വിവരം ലഭിച്ചിട്ടുണ്ട് .
തെലങ്കാന സംസ്ഥാനത്ത് എയർപോർട്ടിൽ ഒരാളിൽ നിന്നും ഇവരുടെ വ്യാജ സർട്ടിഫിക്കറ്റ് പിടികൂടിയതിലും ജസീം പ്രതിയാണ്. അന്വേഷിച്ചെത്തിയ തെലങ്കാന പോലീസിനെ വെട്ടിച്ച് ഇയാൾ 6 മാസം മുൻപ് കടന്നു കളയുകയായിരുന്നു .ജസീമിന്റെ കൂട്ടാളികളായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ രതീഷ് (38 ) ജസീമിൻ്റെ ഭാര്യാ സഹോദരൻ ഷഫീഖ് (40) എന്നിവരെയും കടക്കൽ പോലീസ് സ്റ്റേഷനിൽ അന്വേഷണത്തിന് ഇടയിൽ അഫ്സൽ എന്ന പ്രതിയെ പൊന്നാനി പോലീസ് കണ്ടെത്തി കേസ് എടുത്തിരുന്നു. പൊന്നാനിയിൽ ഇർഷാദ് എന്ന പ്രതിയിൽ അന്വേഷണം തുടങ്ങിയ കേസിൽ കർണാടക തമിഴ്നാട് സംസ്ഥാനങ്ങളിലും തിരുവന്തപുരം, കൊല്ലം ,കോട്ടയം ജില്ലകളിലും ആയി ഒരു മാസത്തോളം നീണ്ട ശ്രമകരമായ അന്വേഷണങ്ങൾക്ക് ഒടുവിൽ ആണ് സംഘത്തലവൻ ഡാനി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ധനീഷ് ഉൾപ്പടെയുള്ള പ്രതികളെയും പ്രിൻ്റിംഗ് ഉപകരണങ്ങളും സ്ഥാപനവും കണ്ടെത്താൻ കഴിഞ്ഞത്.
വരും ദിവസങ്ങളിൽ കൂടുതൽ പ്രതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് വിവിധ സ്ഥാപനങ്ങളിൽ ജോലിക്ക് കയറിയവരെ കുറിച്ചും വിശദമായി പോലീസ് അന്വേഷണം നടത്തും. ഈ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സർക്കാർ സർവീസുകളിലോ പ്രൊമോഷൻ തസ്തികകളിലോ കയറിക്കൂടിയിട്ടുണ്ടോ എന്ന് പോലീസ് പ്രത്യേകം പരിശോധിക്കുന്നുണ്ട്. പൊന്നാനിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ അദ്ധ്യാപകനായും വിദേശത്തേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഏജൻ്റായും പ്രവർത്തിച്ചു വരികയാണ് പിടിയിലായ ഇർഷാദ്.
സംഘത്തലവൻ ആയ മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് ഐപിഎസിൻ്റെ നേതൃത്വത്തിൽ തിരൂർ ഡി.വൈ.എസ്പി, എ .ജെ.ജോൺസൺ, പൊന്നാനി പൊലീസ് ഇൻസ്പെക്ടർ എസ്.അഷറഫ് , എസ് ഐ മാരായ ബിബിൻ സി .വി, ആൻ്റോ ഫ്രാൻസിസ് , ജയപ്രകാശ്. എ.എസ്.ഐ.രാജേഷ്, ജയ പ്രകാശ്, എലിസബത്ത്, നൗഷാദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനിൽ വിശ്വൻ ,അഷറഫ് എം.വി ,നാസർ, എസ് .പ്രശാന്ത് കുമാർ , ശ്രീജിത്ത്, സനീഷ് സിവിൽ പോലീസ് ഓഫീസർ ഹരിപ്രസാദ് , സൗമ്യ ,മലപ്പുറം ജില്ലാ സൈബർ സെല്ലിലെ അഫ്സൽ എന്നിവർ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഒരു മാസത്തിലധികം നീണ്ട അന്വേഷണങ്ങൾക്ക് ഒടുവിൽ പ്രതികളെ പിടികൂടിയതും തുടർ അന്വേഷണം നടത്തുന്നതും. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ പൊന്നാനി സബ്ജയിലിലേക്ക് റിമാൻഡ് ചെയ്തു.



