Uae
യു എ ഇ 4.8 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കും;റിപ്പോർട്ട് പുറത്തുവിട്ട് ലോക ബേങ്ക്
സഊദി അറേബ്യക്ക് 3.8 ശതമാനവും ബഹ്റൈന് 3.5 ശതമാനവും ഒമാന് 3.1 ശതമാനവും ഖത്തറിന് 2.8 ശതമാനവും കുവൈത്തിന് 2.7 ശതമാനവും വളർച്ചയാണ് റിപ്പോർട്ട് പ്രവചിക്കുന്നത്.
ദുബൈ|യു എ ഇ സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വൈവിധ്യവത്കരണം എന്നിവയിൽ ശക്തി പ്രാപിക്കുന്നതായി ലോകബേങ്ക് റിപ്പോർട്ട്. 2025ൽ യു എ ഇ സമ്പദ്്വ്യവസ്ഥ 4.8 ശതമാനം വളരുമെന്ന് പ്രതീക്ഷിക്കുന്നു. എണ്ണ, എണ്ണ ഇതര മേഖലകളിലെ സന്തുലിത പ്രകടനത്തിന്റെ പിന്തുണയോടെ രാജ്യം ശക്തമായ വളർച്ച രേഖപ്പെടുത്തുന്നത് തുടരുകയാണെന്ന് വാഷിംഗ്ടണിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
കയറ്റുമതി വൈവിധ്യവൽക്കരിക്കുന്നതിലും ജി ഡി പിയിലേക്കുള്ള എണ്ണയിതര സംഭാവനകൾ ശക്തിപ്പെടുത്തുന്നതിലും യു എ ഇയുടെ സ്ഥാനം ലോകബാങ്ക് എടുത്തുപറഞ്ഞു.
ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ സാമ്പത്തിക ഭാവി പുനർനിർമിക്കുന്നതിനായി മത്സരിക്കുകയാണ്. ഇതിൽ യു എ ഇയാണ് മുന്നിൽ. സഊദി അറേബ്യക്ക് 3.8 ശതമാനവും ബഹ്റൈന് 3.5 ശതമാനവും ഒമാന് 3.1 ശതമാനവും ഖത്തറിന് 2.8 ശതമാനവും കുവൈത്തിന് 2.7 ശതമാനവും വളർച്ചയാണ് റിപ്പോർട്ട് പ്രവചിക്കുന്നത്. 90 ശതമാനത്തിലധികം 5 ജി കവറേജും താങ്ങാനാവുന്ന വിലയിൽ അതിവേഗ ഇന്റർനെറ്റും നൽകുന്ന വിപുലമായ ടെലികമ്മ്യൂണിക്കേഷൻ ശൃംഖലകളുടെ പിന്തുണയോടെ ഗൾഫ് രാജ്യങ്ങളിലുടനീളം ഡിജിറ്റൽ പരിവർത്തനം വേഗത്തിലായിട്ടുണ്ട്- റിപ്പോർട്ട് ചൂണ്ടിക്കാട്ടി.


