Kerala
മൈലക്കാട് ദേശീയപാത ഇടിഞ്ഞതിന്റെ ഉത്തരവാദിത്തം എന്‍എച്ച്എഐയ്ക്ക്; മന്ത്രി കെഎന്‍ ബാലഗോപാല്‍
ഉത്തരവാദിത്വ കുറവ് സംഭവിച്ചോ എന്ന് പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും
കൊല്ലം| കൊല്ലം മൈലക്കാട് ദേശീയപാത ഇടിഞ്ഞതിന്റെ ഉത്തരവാദിത്തം ദേശീയ പാത അതോറിറ്റിയ്‌ക്കെന്ന് മന്ത്രി കെ. എന്‍ ബാലഗോപാല്‍. ഭൂമി ഏറ്റെടുത്ത് കൊടുക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. അതിനപ്പുറം ഒരു ബന്ധവുമില്ല. മണ്ണിന്റെ ഘടന പരിശോധിക്കുന്നതില്‍ പോരായ്മ സംഭവിച്ചോ എന്ന് പരിശോധിക്കണം. ഡിസൈനാണ് പ്രശ്‌നമായത്. അവിടെയുണ്ടാക്കിയ ഡിസൈന്‍ പരിശോധിക്കും. ഉത്തരവാദിത്വ കുറവ് സംഭവിച്ചോ എന്ന് പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. സംഭവം ദേശീയ പാത അതോറിറ്റി ഗൗരവത്തില്‍ പരിശോധിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം ദേശീയപാത തകര്‍ന്ന സംഭവത്തില്‍ കളക്ടര്‍ വിളിച്ച യോഗത്തില്‍ അപകടകാരണം സംബന്ധിച്ച് നിര്‍മ്മാണ കമ്പനിയോ, ദേശീയ പാത അതോറിറ്റിയോ വിശദീകരണം നല്‍കിയിട്ടില്ല.
നിര്‍മ്മാണത്തിലിരുന്ന ദേശീയപാതയുടെ സര്‍വീസ് റോഡിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്നതിനിടെയാണ് വിള്ളലുണ്ടായത്. ഇന്നലെ വൈകുന്നേരമാണ് സംരക്ഷണഭിത്തി ഇടിഞ്ഞ് താഴ്ന്ന് അപകടം സംഭവിച്ചത്. സ്‌കൂള്‍ ബസ് ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ അപകടത്തെ തുടര്‍ന്ന് സര്‍വീസ് റോഡില്‍ കുടുങ്ങി. അപകടത്തില്‍ സര്‍വീസ് റോഡ് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.



