Kerala
യു ഡി എഫിന്റെ ആശയ തലങ്ങള്‍ നിയന്ത്രിക്കുന്നതു പോലും ജമാത്തെ ഇസ്ലാമി: മുഖ്യമന്ത്രി
രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലീസ് മനപ്പൂര്‍വ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൃശ്ശൂര്‍ | കേരളത്തില്‍ യു ഡി എഫിന്റെ ആശയ തലങ്ങള്‍ നിയന്ത്രിക്കുന്നതു പോലും ജമാത്തെ ഇസ്ലാമിയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ജമാഅത്തെ ഇസ്ലാമിയെ പറയുമ്പോള്‍ യു ഡി എഫിന് പൊള്ളുന്നു. കേരളത്തില്‍ യു ഡി എഫ് ജമാത്തെ ഇസ്ലാമി സഖ്യമാണ്. യു ഡി എഫ് നില്‍ക്കക്കള്ളിയില്ലാത്ത മുന്നണി ആയി മാറിയെന്നും തൃശ്ശൂരില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞു.
ബലാത്സംഗ, ഗര്‍ഭച്ഛിദ്ര കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതിലും മുഖ്യമന്ത്രി പ്രതികരിച്ചു. അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടിയെന്നും പോലീസ് മനപ്പൂര്‍വ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അറസ്റ്റ് തടയേണ്ട ഒരാവശ്യവും പോലീസിനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സി പി എമ്മിന് ജമാത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടായിരുന്നെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. ഇന്നലെ ഇക്കാര്യത്തില്‍ കൃത്യമായ മറുപടി നല്‍കി. ജമാത്തെ ഇസ്ലാമിയെ പറയുമ്പോള്‍ ചിലര്‍ക്ക് പൊള്ളുന്നുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. 90 കളില്‍ എല്‍ ഡി എഫിനെ പിന്തുണച്ചിട്ടില്ല എന്ന് അവര്‍ തന്നെ വ്യക്തമാക്കിയതാണ്. പിന്നീടിങ്ങോട്ട് ജമാത്തെ ഇസ്ലാമിക്ക് പല രാഷ്ട്രീയ നിലപാടായിരുന്നു. ഒരു ഘട്ടത്തിലും ജമാത്തെ ഇസ്ലാമിയുടെ പിന്തുണ തേടി ഇടതു പക്ഷത്തിന് പോകേണ്ടി വന്നിട്ടില്ല. ജമാത്തെ ഇസ്ലാമിക്ക് പിന്തുണ നല്‍കാനാണ് ഒരു വിഭാഗം കേരളത്തില്‍ ശ്രമിക്കുന്നത്.
ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ മറ്റ് വഴികള്‍ ഇല്ലാതായതോടെയാണ് ജമാത്തെ ഇസ്ലാമിയുമായുള്ള കൂട്ട് കെട്ട്. അതിനു വേണ്ടി കോണ്‍ഗ്രസ് ആര്‍ എസ് എസിനേയും കൂട്ട് പിടിക്കുകയാണ്. നാല് സീറ്റ് ലഭിക്കാന്‍ വേണ്ടി അവസരവാദ നടപടിയാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


