Kerala
രാഹുലിനെ തൊട്ടുകളിച്ചാല്‍ കൊന്നുകളയും; നടി റിനി ആന്‍ ജോര്‍ജിന് ഭീഷണി
നടിയുടെ പിതാവിന്റെ പരാതിയില്‍ പറവൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കൊച്ചി| രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ നടി റിനി ആന്‍ ജോര്‍ജിനെതിരെ വധ ഭീഷണി. റിനിയുടെ പറവൂരിലെ വീടിന് മുന്നിലെത്തിയ രണ്ടുപേരാണ് ഭീഷണിപ്പെടുത്തിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊട്ടുകളിച്ചാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. നടിയുടെ പിതാവിന്റെ പരാതിയില്‍ പറവൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാവും അന്വേഷണം. അജ്ഞാതര്‍ അസഭ്യവര്‍ഷം നടത്തിയതായും പരാതിയില്‍ പറയുന്നു.
ഇന്നലെ രാത്രി ഒമ്പതു മണിക്കുശേഷമാണ് സംഭവം. റിനിയുടെ പറവൂരിലെ വീടിന് മുന്നില്‍ ആദ്യം ഇരുചക്രവാഹനത്തില്‍ ഒരാളെത്തുകയും ഗേറ്റ് തകര്‍ത്ത് അകത്തേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്തു. വീട്ടുകാര്‍ പുറത്തിറങ്ങിയതോടെ പ്രതി കടന്നുകളഞ്ഞു. പിന്നീട് രാത്രി 10 മണിയോടെ മറ്റൊരാള്‍ കൂടി വീടിന് മുന്നിലേക്ക് എത്തി വധഭീഷണി മുഴക്കുകയുമായിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി പരസ്യപ്രതികരണം നടത്തിയത് റിനിയാണ്. ഇതിന്റെ പേരില്‍ റിനി വ്യാപക സൈബര്‍ ആക്രമണം നേരിട്ടിരുന്നു. ഇതിനു പിന്നാലെ മറ്റ് യുവതികളും രാഹുലിനെതിരെ രംഗത്തു വരികയായിരുന്നു.



