National
ഇൻഡിഗോ പ്രതിസന്ധി: വിമാന ടിക്കറ്റ് നിരക്കുകൾക്ക് പരിധി നിശ്ചയിച്ച് കേന്ദ്രം; കർശന നടപടിക്ക് നിർദേശം
വിപണിയിൽ വില നിർണയത്തിൽ അച്ചടക്കം നിലനിർത്താനും യാത്രക്കാരുടെ ചൂഷണം തടയാനുമാണ് ഈ നിർദേശം ലക്ഷ്യമിടുന്നതെന്ന് സർക്കാർ
ന്യൂഡൽഹി | ഇൻഡിഗോ പ്രതിസന്ധിക്കിടെ വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയർന്ന സാഹചര്യത്തിൽ, പുതുതായി നിശ്ചയിച്ച നിരക്ക് പരിധി (Fare Caps) കർശനമായി പാലിക്കാൻ എല്ലാ വിമാനക്കമ്പനികൾക്കും കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദേശം നൽകി. അവസരം മുതലെടുത്തുള്ള വിലവർധനവിൽ നിന്ന് യാത്രക്കാരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നടപടി. നിശ്ചയിച്ച മാനദണ്ഡങ്ങളിൽ നിന്ന് ഉയർന്ന നിരക്കുകൾ ഈടാക്കിയാൽ ഉടൻ നടപടിയെടുക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
രാജ്യത്തെ ഏറ്റവും വലിയ ബഡ്ജറ്റ് കാരിയറായ ഇൻഡിഗോയ്ക്ക് പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ (എഫ് ഡി ടി എൽ) മാനദണ്ഡങ്ങൾ കാരണം ക്രൂ റോസ്റ്ററുകൾ പുനഃക്രമീകരിക്കാൻ സാധിക്കാതെ വന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ആയിരത്തിലധികം വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഇതോടെ യാത്രക്കാരുടെ ദുരിതം വർധിക്കുകയും ഡൽഹി, മുംബൈ, കൊൽക്കത്ത, ബെംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളിലേക്കുള്ള ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾ നാലിരട്ടിയോളം വർധിക്കുകയും ചെയ്തു. ഉദാഹരണത്തിന്, ഡൽഹി-മുംബൈ നോൺ-സ്റ്റോപ്പ് വിമാന ടിക്കറ്റിന് 65,460 രൂപ വരെയും കൊൽക്കത്ത-മുംബൈ വൺ-വേ ടിക്കറ്റിന് 90,000 രൂപ വരെയും നിരക്ക് ഉയർന്നു.
വിപണിയിൽ വില നിർണയത്തിൽ അച്ചടക്കം നിലനിർത്താനും യാത്രക്കാരുടെ ചൂഷണം തടയാനുമാണ് ഈ നിർദേശം ലക്ഷ്യമിടുന്നതെന്ന് സർക്കാർ വ്യക്തമാക്കി. റിയൽ-ടൈം ഡാറ്റ വഴിയും വിമാനക്കമ്പനികളുമായുള്ള ഏകോപനത്തിലൂടെയും നിരക്കുകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും, നിശ്ചയിച്ച മാനദണ്ഡങ്ങളിൽ നിന്നുള്ള ഏതൊരു വ്യതിചലനവും ഉടനടി തിരുത്തൽ നടപടികൾക്ക് കാരണമാകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
സാഹചര്യം പൂർണമായി സാധാരണ നിലയിലാകുന്നത് വരെ ഈ വില പരിധി പ്രാബല്യത്തിൽ തുടരും.



