Ongoing News
ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ, പ്രവർത്തന ഏജൻസിയുടെ അധികാരം പുതുക്കൽ; അറബ് ലീഗ് സ്വാഗതം ചെയ്തു
ഏജൻസിയുടെ പ്രവർത്തന മേഖലകളിലെ ദശലക്ഷക്കണക്കിന് ഫലസ്തീൻ അഭയാർത്ഥികളുടെ ഉപജീവനമാർഗ്ഗത്തിനും തൊഴിലിനും യു എൻ ആർ ഡബ്ല്യു എ ഒഴിച്ചുകൂടാനാവാത്ത പങ്ക് വഹിക്കുന്നുണ്ടെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബൂൾ ഗൈറ്റ്
ന്യൂയോർക്ക് | ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ, പ്രവർത്തന ഏജൻസിയുടെ (യു എൻ ആർ ഡബ്ല്യു എ) കാലാവധി മൂന്ന് വർഷത്തേക്ക് കൂടി പുതുക്കുന്നതിനുള്ള യു എൻ പൊതുസഭയുടെ വോട്ടെടുപ്പിനെ അറബ് ലീഗ് സ്വാഗതം ചെയ്തു. ഏജൻസിയുടെ നിലവിലെ കരാർ 2026 ജൂണിൽ അവസാനിക്കുന്ന സാഹചര്യത്തിലാണ് വോട്ടെടുപ്പ് നടന്നത്. 151 രാജ്യങ്ങൾ അനുകൂലിക്കുകയും 10 രാജ്യങ്ങൾ എതിർക്കുകയും 14 രാജ്യങ്ങൾ വിട്ടുനിൽക്കുകയും ചെയ്തതോടെ പ്രമേയം വിജയിച്ചു. ഇതോടെ 2029 ജൂൺ വരെ യു എൻ ആർ ഡബ്ല്യു എ യ്ക്ക് പ്രവർത്തിക്കാൻ കഴിയും.
ഏജൻസിയുടെ പ്രവർത്തന മേഖലകളിലെ ദശലക്ഷക്കണക്കിന് ഫലസ്തീൻ അഭയാർത്ഥികളുടെ ഉപജീവനമാർഗ്ഗത്തിനും തൊഴിലിനും യു എൻ ആർ ഡബ്ല്യു എ ഒഴിച്ചുകൂടാനാവാത്ത പങ്ക് വഹിക്കുന്നുണ്ടെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബൂൾ ഗൈറ്റ് പറഞ്ഞു. രണ്ട് വർഷമായി ഇസ്റാഈൽ ഗസ്സയിൽ നടത്തുന്ന ക്രൂരമായ യുദ്ധത്തിന്റെ ഫലമായി മാനുഷിക ദുരന്തം കൂടുതൽ ദുസ്സഹമായിരിക്കുകയാണ്. ഇത് മേഖലയിലെ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെയും ജീവിത സംവിധാനങ്ങളുടെയും പൂർണ്ണമായ നാശത്തിലേക്ക് നയിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇസ്റാഈൽ വംശഹത്യ തുടരുന്ന ഗസ്സയിൽ ഏകദേശം രണ്ട് ദശലക്ഷം ആളുകളാണ് ഭക്ഷണം, പാർപ്പിടം, വൈദ്യസഹായം എന്നിവയ്ക്കായി ഏജൻസിയെ ആശ്രയിക്കുന്നത്. 1949-ൽ സ്ഥാപിതമായ യു എൻ ആർ ഡബ്ല്യു എ, ജോർദാൻ, ലെബനൻ, സിറിയ, അധിനിവേശ വെസ്റ്റ് ബാങ്ക്, ഗസ്സ സ്ട്രിപ്പ് എന്നിവിടങ്ങളിലായി ഏകദേശം ആറ് ദശലക്ഷം അഭയാർത്ഥികൾക്കാണ് നിലവിൽ സേവനം നൽകിവരുന്നത്.



