Kerala
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ച കേസിൽ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല
അന്വേഷണവുമായി രാഹുല്‍ ഈശ്വര്‍ സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
തിരുവനന്തപുരം | രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ പ്രതിയായ ലൈംഗികപീഡനക്കേസിൽ പരാതിക്കാരിയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ച കേസിൽ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യം നിഷേധിച്ചു. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (എ സി ജെ എം) കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസിൽ അഞ്ചാം പ്രതിയാണ് രാഹുൽ.
സാമൂഹിക മാധ്യമത്തിലെ പോസ്റ്റുകൾ പിൻവലിക്കാമെന്ന് രാഹുൽ കോടതിയിൽ അറിയിച്ചുവെങ്കിലും കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നിഷേധിക്കുന്നതായി കോടതി വ്യക്തമാക്കി. അന്വേഷണവുമായി രാഹുല്‍ ഈശ്വര്‍ സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. ഇതും കോടതി അംഗീകരിച്ചു.
തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിരാഹാരം തുടരുന്നതിനെ തുടർന്ന് രാഹുല്‍ ഈശ്വറിനെ നേരത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രത്യേക സെല്ലിലേക്ക് മാറ്റിയിരുന്നു.
ഇതിനിടെ രാഹുല്‍ ഈശ്വർ ജില്ലാ സെഷന്‍സ് കോടതിയിലും ജാമ്യ ഹർജി സമർപ്പിച്ചിരുന്നു. ഇതിനെത്തുടർന്ന് എ സി ജെ എം കോടതിയിലെ വാദം കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു. പിന്നീട് സെഷൻസ് കോടതിയിലെ ഹർജി പിൻവലിച്ച ശേഷമാണ് എ സി ജെ എം കോടതി കേസ് പരിഗണിച്ചത്.


