Kerala
ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ബി ജെ പിയുടെ മൗനം സംശയം ജനിപ്പിക്കുന്നു: ഷിബു ബേബി ജോണ്‍
ഗൗരവമേറിയ വിഷയത്തില്‍ ബി ജെ പി മൗനം പാലിക്കുന്നതിലൂടെ സി പി എം - ബി ജെ പി ബാന്ധവമാണ് വ്യക്തമാകുന്നത്
അടൂര്‍ | ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ബി ജെ പിയുടെ മൗനം സംശയം ജനിപ്പിക്കുന്നതെന്ന് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. കല്ലുകുഴി ജംഗ്ഷനില്‍ നടന്ന യു ഡി എഫ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീ പ്രവേശന വിഷയത്തില്‍ ബി ജെ പി നടത്തിയ പ്രക്ഷോഭം കേരളീയ സമൂഹത്തിന് ബോധ്യമുള്ളതാണ്. എന്നാല്‍ ദ്വാരപാലക ശില്പമുള്‍പ്പെടെ കവര്‍ച്ച ചെയ്യുകയും സി പി എമ്മിന്റെ പങ്ക് വ്യക്തമാകുകയും ചെയ്ത സാഹചര്യമുണ്ടായിട്ടും ഇത്രയേറെ ഗൗരവമേറിയ വിഷയത്തില്‍ ബി ജെ പി മൗനം പാലിക്കുന്നതിലൂടെ സി പി എം – ബി ജെ പി ബാന്ധവമാണ് വ്യക്തമാകുന്നത്.
കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമായി മാറിയിരിക്കുന്നുവെന്ന സര്‍ക്കാരിന്റെ അവകാശ വാദം തട്ടിപ്പാണ്. തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുള്ള പെന്‍ഷന്‍ വര്‍ധനയാണ് നടപ്പാക്കിയിരിക്കുന്നത്. 2021ല്‍ തെരഞ്ഞെടുപ്പ് കാലത്ത് രണ്ടായിരത്തി അഞ്ഞൂറ് രൂപയായി പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് സി പി എം പ്രഖ്യാപനം നടത്തിയിരുന്നു. നാലര വര്‍ഷം പിന്നിട്ടപ്പോഴാണ് നാനൂറ് രൂപ വര്‍ധിപ്പിച്ചത്. ഭൂനികുതിയും, വെള്ളക്കരവും, വൈദ്യുതി ചാര്‍ജും വീട്ടുകരവും ഉള്‍പ്പെടെ പാവപ്പെട്ടവരുടെ പോക്കറ്റടിച്ചാണ് നാനൂറ് രൂപ വര്‍ധിപ്പിച്ചിരിക്കുന്നത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ കേരളത്തിലെ മദ്യനയത്തില്‍ മാറ്റങ്ങള്‍ വരുത്തി മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാര്‍ ഒന്‍മ്പതര വര്‍ഷംകൊണ്ട് കേരളത്തെ മയക്കുമരുന്ന് ഉപയോഗത്തില്‍ മുന്നിലെത്തിച്ചുവെന്നതാണ് ഇന്നത്തെ അവസ്ഥ. ആരോഗ്യരംഗവും വിദ്യാഭ്യാസ രംഗവും താറുമാറായിരിക്കുന്നു. സര്‍ക്കാര്‍ ആശുപത്രിയിലേക്ക് രോഗികളായി നടന്നുചെല്ലുന്നവര്‍ ആംബുലന്‍സില്‍ ജീവച്ഛവമായി തിരികെ വീട്ടിലേക്കെത്തുന്നുവെന്ന ഭയാനകമായ കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സംസ്ഥാനത്ത് ഉജ്ജ്വല വിജയം നേടുമെന്നും ഷിബു ബേബിജോണ്‍ പറഞ്ഞു.




