articles
വെടിനിർത്തൽ എത്ര നാളത്തേക്ക്?
ഡൊണാൾഡ് ട്രംപിനോ ബെഞ്ചമിൻ നെതന്യാഹുവിനോ പെട്ടെന്നുണ്ടായ മാനസിക പരിവർത്തനത്തിന്റെ ഫലശ്രുതിയാണ് വെടിനിർത്തലെന്ന് ആരും അവകാശപ്പെടില്ല. ആഭ്യന്തര പിരിമുറുക്കവും അന്താരാഷ്ട്ര സമ്മർദങ്ങളുമാണ് കൊന്നുതീർക്കാൻ തീരുമാനിച്ചുറപ്പിച്ച ഹമാസ് നേതൃത്വവുമായി ചർച്ചക്ക് അവരെ നിർബന്ധിതരാക്കിയത്.

ഫലസ്തീനികളുടെ മേലുളള 100 വർഷത്തെ യുദ്ധത്തെ കുറിച്ച് എഴുതിയ വിഖ്യാത ചരിത്രകാരൻ റാശിദ് ഖാലിദി തന്റെ രചന സമർപ്പിക്കുന്നത് താരീഖ്, ഇദ്‌രീസ്, നൂർ എന്നീ പേരക്കിടാങ്ങൾക്കാണ്. 21ാം നൂറ്റാണ്ടിൽ പിറന്ന ഈ കുഞ്ഞുങ്ങൾക്ക് നൂറുവർഷത്തെ യുദ്ധത്തിന്റെ അന്ത്യം കാണാനാകുമെന്ന പ്രതീക്ഷയോടെ. 1917ലെ ബാൽഫർ പ്രഖ്യാപനത്തിന്റെ നൂറാം വർഷികകത്തിൽ, 2017ൽ പുറത്തുവന്ന ഫലസ്തീനിലെ അധിനിവേശ കൊളോണിയലിസത്തിന്റെ ഭീകര കഥ പറയുന്ന പുസ്തകം പടിഞ്ഞാറൻ ശക്തികൾ ഇസ്റാഈലിന്റെ പേരിൽ നടത്തിയ കൊടും ക്രൂരതകളുടെയും കൂട്ടക്കൊലകളുടെയും വംശഹത്യയുടെയും നെഞ്ച് പിളർക്കുന്ന ദുരന്തപരമ്പര വരച്ചുകാട്ടുന്നുണ്ട് ജറൂസലമിലെ അഭിജാതകുലജാതനായ റാശിദ് ഖാലിദി.
2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ത്വൂഫാനുൽ അഖ്സ എന്ന ലോകത്തെ ഞെട്ടിച്ച പ്രത്യാക്രമണത്തിന്റെ നിമിഷം തൊട്ട് ഇസ്റാഈൽ തുടരുന്ന രണ്ട് വർഷത്തെ വംശഹത്യക്ക് 2025 ഒക്ടോബർ ഒന്പതിന് താത്കാലിക വിരാമം വരുമ്പോൾ റാശിദിന്റെ പേരക്കിടാങ്ങൾ ജീവിച്ചിരിപ്പുണ്ടോ എന്ന് നിശ്ചയമില്ല. രണ്ട് വർഷം നീണ്ട ഫലസ്തീൻ വിരുദ്ധ വംശ വിച്ഛേദന അതിക്രമങ്ങളുടെ കാളിമ ലോകത്തെ ഞെട്ടിച്ചു എന്ന് മാത്രമല്ല, ജൂതരാഷ്ട്രത്തിന്റെ പിറവി തൊട്ട് ഫലസ്തീൻ ജനത സഹിക്കുന്ന യാതനകളും വേദനകളും കണ്ടില്ലെന്ന് നടിച്ച ലോകമനസ്സാക്ഷിയെ പിടിച്ചുകുലുക്കാൻ അതിന് സാധിച്ചു. ആധുനിക ലോക ചരിത്രത്തിൽ ഒരു കൊച്ചുരാജ്യത്ത് യുദ്ധവിരാമം ഉണ്ടാകാൻ പോകുന്നുവെന്ന് കേൾക്കുമ്പോഴേക്കും ലോകമൊന്നടങ്കം ആശ്വാസത്തിന്റെ നെടുവീർപ്പിടുന്നുണ്ടെങ്കിൽ ആഹ്ലാദത്തിന്റെ അശ്രു പൊഴിക്കുന്നുണ്ടെങ്കിൽ അതിനു കാരണം അത്രക്കും ഭയാനാകവും രാക്ഷസീയവുമായിരുന്നു 730 ദിവസം ഇടതടവില്ലാതെ മനുഷ്യരെ കൊന്നൊടുക്കുകയും അവരുടെ ആവാസവ്യവസ്ഥ തകർത്തെറിയുകയും പിഞ്ചുപൈതങ്ങൾക്ക് വെള്ളവും ഭക്ഷണവും ചികിത്സയും നിഷേധിച്ച് കൂട്ടമരണത്തിന് വിട്ടുകൊടുക്കുകയും ചെയ്ത നെതന്യാഹു എന്ന അഭിനവ ഫറോവ ചെയ്തുകൂട്ടിയ അതിക്രമങ്ങൾ.
അതിന് അന്ത്യം കുറിക്കാൻ പോകുന്നുവെന്ന വാർത്ത ആരെയാണ് സന്തോഷിപ്പിക്കാതിരിക്കുക?
ചഞ്ചലചിത്തനും ഒരളവോളം ഭ്രാന്തനും സ്വന്തം പ്രതിച്ഛായയിൽ അഭിരമിച്ച് സായൂജ്യം കൊള്ളുകയും ചെയ്യുന്ന രാഷ്ട്രീയക്കച്ചവടക്കാരനായ ഡൊണാൾഡ് ട്രംപ് എന്ന യു എസ് പ്രസിഡന്റാണ് ഇസ്റാഈൽ-ഹമാസ് പോരാട്ടത്തിന് പകലറുതി കാണാൻ വേദിയൊരുക്കിയത് എന്ന വിരോധാഭാസം മുന്നിൽ വെച്ചാണ് ഇപ്പോഴത്തെ സമാധാന പുനഃസ്ഥാപന ശ്രമങ്ങളെ വിലയിരുത്തേണ്ടത്. ഒരാഴ്ച മുമ്പ് വരെ ഫലസ്തീൻ എന്നൊരു രാജ്യമില്ലെന്നും ജോർദാൻ നദിയുടെ പടിഞ്ഞാറെ കര ഇസ്റാഈൽ ജനതയുടെതാണെന്നും പറഞ്ഞ് ഗ്രൈറ്റർ ഇസ്റാഈൽ എന്ന സയണിസ്റ്റ് അജൻഡ ഭ്രാന്തമായ ആവേശത്തോടെ ഉയർത്തിക്കാട്ടിയ നെതന്യാഹുവിന് ഒരു സമാധാന സന്ധിക്ക് പച്ചക്കൊടി കാട്ടാൻ ഇത്ര പെട്ടെന്ന് എന്തു സംഭവിച്ചു? അതിന്റെ ഉത്തരം കണ്ടെത്തിയാൽ ഇപ്പോഴത്തെ വെടിനിർത്തൽ കരാറിന്റെ ഭാവിയെ കുറിച്ച് ചില നിഗമനങ്ങളിൽ എത്താൻ സാധിച്ചേക്കാം. സമാധാന നൊബേൽ സമ്മാനം നേടിയെടുത്ത് ഒന്ന് തിളങ്ങാനുള്ള ട്രംപിന്റെ ജീവിതസ്വപ്നം ഇന്ത്യ-പാക് യുദ്ധത്തിനു പിന്നാലെ മറ്റൊരു യുദ്ധത്തിന് അന്ത്യം കുറിക്കാൻ ഉന്മാദാവേശത്തിലേക്ക് നയിച്ചിട്ടുണ്ടാവാം. (പക്ഷേ, നൊബേൽ സമ്മാനമെന്ന മോഹം പൂവണിഞ്ഞില്ല.)
ട്രൂത്ത് സോഷ്യൽ വഴി വെടിനിർത്തൽ കരാറിനെ കുറിച്ച് ആത്മവിശ്വാസത്തോടെയുള്ള വാക്കുകളാണ് അദ്ദേഹം ലോകത്തിനു കൈമാറിയത്: “നമ്മുടെ സമാധാന പദ്ധതിയിലെ ഒന്നാം ഘട്ടത്തിന് ഇസ്റാഈലും ഹമാസും ഒപ്പുവെച്ചുകഴിഞ്ഞ വിവരം അഭിമാനത്തോടെ ഞാൻ പ്രഖ്യാപിക്കുകയാണ്. എല്ലാ ബന്ദികളെയും പെട്ടെന്ന് വിട്ടയക്കുമെന്നും ശക്തവും ശാശ്വതവുമായ സമാധാനത്തിന് ഇസ്റാഈൽ അവരുടെ സൈന്യത്തെ പരസ്പരം സമ്മതിച്ച അതിർത്തിയിലേക്ക് ആദ്യഘട്ടമെന്ന നിലയിൽ പിൻവലിക്കുമെന്നുമാണ് ഇതിനർഥം. അറബ് -മുസ്്ലിം ലോകത്തിനും ഇസ്റാഈലിനും ചുറ്റുപാടുമുള്ള രാജ്യങ്ങൾക്കും അമേരിക്കക്കും ഇത് മഹത്തായ ദിനമാണ്. ഈ സംഭവം സാധ്യമാക്കുന്നതിൽ പ്രവർത്തിച്ച ഖത്വർ, ഈജിപ്ത്, തുർക്കിയ എന്നിവിടങ്ങളിൽ നിന്നുള്ള മധ്യസ്ഥർക്ക് ഞങ്ങൾ നന്ദി പറയുന്നു. സമാധാനസ്ഥാപകർ അനുഗൃഹീതരാണ്’
ഈജിപ്ത്, ഖത്വർ, തുർക്കിയ രാഷ്ട്രങ്ങളുടെ മുൻകൈയാൽ യു എസ്- ഇസ്റാഈൽ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഈജിപ്തിലെ ശർമുശൈഖിൽ മൂന്ന് ദിവസം മുമ്പ് തുടങ്ങിവെച്ച സമാധാന ചർച്ച പെട്ടെന്ന് തന്നെ ഇരുഭാഗത്തുമുള്ള ബന്ദികളെ വിട്ടയക്കാനുള്ള ധാരണയിലെത്തി എന്ന് ട്രംപ് ലോകത്തെ അറിയിക്കുമ്പോൾ നല്ല ഗൃഹപാഠത്തോട് കൂടിയാണ് യു എസ്-തെൽഅവീവ് ടീം ചർച്ചക്ക് എത്തിയതെന്ന് വ്യക്തമാകുന്നു. ഹമാസിന്റെ പക്കൽ ബാക്കിയുള്ള 48 ഇസ്റാഈലി ബന്ദികളെയും (അതിൽ എത്ര പേർക്ക് ജീവനുണ്ടെന്ന് ഒരു നിശ്ചചയവുമില്ല) മോചിപ്പിക്കുന്ന നിമിഷം സയണിസ്റ്റ് തടവറയിൽ നിന്ന് ഫലസ്തീനികളിൽ ഒരു വിഭാഗത്തെ വിട്ടയക്കുന്ന പ്രക്രിയക്കാണ് ഈ ഘട്ടത്തിൽ ഒത്തുതീർപ്പിലെത്തിയിട്ടുള്ളത്. അതോടൊപ്പം ഗസ്സയുടെ പ്രധാന മേഖലകളിൽ നിന്ന് സൈനിക പിന്മാറ്റത്തിന് നെതന്യാഹു തയ്യാറായിട്ടുണ്ടെങ്കിലും 20,000 കുഞ്ഞുങ്ങളടക്കം 67,100 ഫലസ്തീനികളെ കൊന്നൊടുക്കിയ 92ശതമാനം (4,36,000) പാർപ്പിടങ്ങളും കെട്ടിടങ്ങളും ധൂമപടങ്ങളാക്കിയ ഗസ്സയിൽ നിന്ന് പൂർണമായും പിൻമാറാൻ സയണിസ്റ്റ് സേന സന്നദ്ധമാകുമെന്ന് ഈ ഘട്ടത്തിൽ പ്രതീക്ഷിക്കേണ്ടതില്ല.
മിഡിൽ ഈസ്റ്റ് രാഷ്ട്രീയത്തെ നിഷ്‌ക്രിഷ്ടമായി അപഗ്രഥിക്കാറുള്ള, അൽ ജസീറയുടെ മുതിർന്ന മാധ്യമപ്രവർത്തകൻ മർവാൻ ബിഷാറ ചൂണ്ടിക്കാട്ടിയത് പോലെ സംഘർഷ ഭരിതമായ അന്തരീക്ഷത്തിലാണ് ചർച്ച നടക്കുന്നതെന്നും ബന്ദികളുടെ മോചനത്തെ കുറിച്ചുള്ള കാര്യങ്ങളിൽ മാത്രമാണ് ആദ്യഘട്ടത്തിൽ പരിഹാര നിർദേശങ്ങൾ അംഗീകരിക്കപ്പെട്ടതെന്നും സൈനിക പിന്മാറ്റത്തിന്റെ സമയക്രമവും യുദ്ധാനന്തര ഭരണസംവിധാനവും അതിൽ ഹമാസിന്റെ പങ്കുമെല്ലാം ഇനിയും ചർച്ച ചെയ്ത് തീരുമാനിക്കാനിരിക്കുന്നേയുള്ളൂവെന്നുമുള്ള റിപോർട്ടാണ് മുഖവിലക്കെടുക്കേണ്ടത്. തങ്ങളുടെ പക്കലുള്ള ബന്ദികളെ വിട്ടയക്കുന്നതോടെ യുദ്ധത്തിന് അന്ത്യമുണ്ടാകണം എന്ന ഹമാസിന്റെ ഉപാധി ഇസ്റാഈലിന് സ്വീകാര്യമാകണമെന്നില്ലെന്നും ഹമാസിന്റെ നിരായുധീകരണം തർക്കപരിഹാരത്തിനു മുന്നിൽ കടമ്പയായി നിലനിന്നേക്കാമെന്നുമാണ് ബിഷാറയുടെ നിരീക്ഷണം. സമാധാനത്തിന്റെ വഴിയിൽ ഉറക്കമൊഴിച്ച് അധ്വാനിക്കുമ്പോഴും വെടിനിർത്താനുള്ള ട്രംപിന്റെ ഒരാഴ്ച മുമ്പുള്ള ആജ്ഞ തള്ളിക്കൊണ്ട് ഗസ്സയിൽ ബോംബിംഗും കൊലയും തുടരുന്നുണ്ടെന്ന റിപോർട്ട് സമാധാന കരാറിന്റെ ഫലപ്രാപ്തിയിൽ സംശയങ്ങൾ ഉയർത്തിയേക്കാം.
ഡൊണാൾഡ് ട്രംപിനോ ബെഞ്ചമിൻ നെതന്യാഹുവിനോ പെട്ടെന്നുണ്ടായ ബോധോദയത്തിന്റെയും മാനസിക പരിവർത്തനത്തിന്റെയും ഫലശ്രുതിയാണ് ശർമുശൈഖിലെ സമാധാനശ്രമവും അതുവഴിയുള്ള വെടിനിർത്തൽ കരാറുമെന്ന് ആരും അവകാശപ്പെടില്ല. ആഭ്യന്തര പിരിമുറുക്കവും അന്താരാഷ്ട്ര സമ്മർദങ്ങളുമാണ് ട്രംപിനെയും “ബീബി’യെയും തങ്ങൾ കൊന്നുതീർക്കാൻ തീരുമാനിച്ചുറപ്പിച്ച ഹമാസ് നേതൃത്വവുമായി ചർച്ചക്ക് നിർബന്ധിതരാക്കിയത്.
ട്രംപിന്റെ നിർദേശപ്രകാരം സെപ്തംബർ ഒന്പതിന് ദോഹയിൽ സന്ധിച്ച സമാധാനദൂതരിൽ ഹമാസ് നേതാക്കളുടെ കഥ കഴിക്കാൻ നെതന്യാഹു നടത്തിയ ഭീരുത്വം നിറഞ്ഞ മിസൈലാക്രമണമാണ് ത്വൂഫാനുൽ അഖ്‌സക്ക് ശേഷം യു എസ് ഒത്താശയോടെ ഇസ്റാഈൽ തുറന്നുവിട്ട ഭീകരയുദ്ധത്തെ ഒരു വഴിത്തിരിവിലെത്തിച്ചത്. ഏത് സ്വതന്ത്ര, പരമാധികാര രാഷ്ട്രത്തെയും ആക്രമിക്കാനും സമാധാന ദൗത്യങ്ങളെ അട്ടിമറിക്കാനും അതിക്രൂരനായ നെതന്യാഹുവിന് ഒരു മടിയുമില്ല എന്ന ലോകത്തിന്റെ തിരിച്ചറിവ് അറബ് ഇസ്‌ലാമിക രാജ്യങ്ങളെ മാത്രമല്ല, കൊളോണിയൽ ചരിത്ര ഭാണ്ഡങ്ങൾ പേറുന്ന യൂറോപ്യൻ രാജ്യങ്ങളെയും ഇരുത്തിച്ചിന്തിപ്പിച്ചു. ട്രംപിന് സമനില വീണ്ടെടുക്കാനും തങ്ങൾ വാരിക്കോരി നൽകുന്ന അർഥവും ആയുധവും ഉപയോഗിച്ചാണ് ഇക്കണ്ട ക്രൂരതകളെല്ലാം അഴിച്ചുവിടുന്നതെന്നുമുള്ള തിരിച്ചറിവിന് പ്രേരിപ്പിക്കാനും നിമിത്തമായി. അവിടെനിന്ന് തുടങ്ങിയ കൗണ്ട്ഡൌണാണ് ശർമുശൈഖിലെ സമാധാന ചർച്ചയുടെ ഗതിവേഗം വർധിപ്പിച്ചത്.
സയണിസ്റ്റ് പട്ടാളത്തിന്റെ ഭാഗത്തുനിന്ന് നിർബാധം തുടരുന്ന കൈരാതങ്ങൾ ആഗോളതലത്തിൽ ഇസ്റാഈലിനെ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത വിധം ഒറ്റപ്പെടുത്തി. അതിന്റെ പ്രതിധ്വനി ലോകമാകെ മുഴങ്ങി. ഇതുവരെ ഇസ്റാഈലിനും അമേരിക്കക്കും ഹാലേലുയ്യ പാടിയ ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ ശക്തികൾ ദ്വിരാഷ്ട്ര ഫോർമുലയുടെ അടിസ്ഥാനത്തിൽ സ്വതന്ത്ര ഫലസ്തീനിനെ അംഗീകരികാൻ മുന്നോട്ടുവന്നതും ഇസ്റാഈലുമായുള്ള ആയുധകരാർ റദ്ദാക്കാൻ നീക്കങ്ങളാരംഭിച്ചതും നെതന്യാഹുവിന്റെ കാലിന്നടിയിലെ അവസാനത്തെ മണ്ണും ഒലിച്ചുപോകാൻ ഇടയാക്കി. കഴിഞ്ഞ ദിവസം ഇറ്റലിയിലെ ബാഴ്സിലോണയിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയും സയണിസ്‌റ്റ് രാജ്യത്തിന് ആയുധം വിലക്കുന്ന ഭരണനടപടിയും യൂറോപ്പിന്റെ മാറിയ ചിന്താഗതിയെയാണ് എടുത്തുകാട്ടുന്നത്. 193 യു എൻ അംഗരാജ്യങ്ങളിൽ 157ഉം (81 ശതമാനം) ഫലസ്തീനിനെ അംഗീകരിച്ചത് ഹമാസിന്റെ പോരാട്ടത്തിന് ലഭിച്ച ധാർമിക പിന്തുണയായാണ് പലരും കാണുന്നത്. മറ്റൊരു രാജ്യത്തിന്റെ പേരിൽ യൂറോപ്യൻ ജനത ഇത്ര ആവേശത്തോടെ തെരുവിലിറങ്ങിയ സംഭവം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. സെപ്തംബർ 23ന് യു എൻ പൊതുസഭയിൽ ലോകനേതാക്കൾ നടത്തിയ ഇസ്റാഈൽ വിമർശം മുമ്പൊരിക്കലും കേൾക്കാത്തതാണ്. ലാറ്റിനമേരിക്കൻ ഭരണകർത്താക്കൾ ശക്തമായ ഭാഷയിലാണ് സയണിസ്റ്റ് രാജ്യത്തെയും അവർക്ക് പിന്തുണ നൽകുന്ന യു എസിനെയും മനുഷ്യകുലത്തിന്റെ ശത്രുക്കളായി വിചാരണ ചെയ്തത്.
2023 ഒക്ടോബർ ഏഴിലെ “ത്വൂഫാനുൽ അഖ്സ’ എന്ന ഇസ്റാഈൽ വിരുദ്ധ ആക്രമണ പദ്ധതിക്ക് ശേഷം കടുത്ത പരീക്ഷണത്തിലും പ്രതിസന്ധിയിലുമായിരുന്നു ഹമാസ്. ഒന്നാംകിട നേതാക്കളിൽ പ്രമുഖരെ സൈന്യം കൊന്നൊടുക്കിയപ്പോൾ ഇനി എഴുന്നേറ്റ് നിൽക്കാൻ സാധിക്കില്ലെന്ന് വിധി എഴുതിയവരുണ്ട്. എന്നാൽ ഇപ്പോൾ അമേരിക്കയുടെ നേതൃത്വത്തിൽ ഇസ്റാഈൽ സമാധാന ശ്രമത്തിന് ഇറങ്ങിപ്പുറപ്പെട്ടപ്പോൾ ഹമാസിനെ അല്ലാതെ മറ്റൊരു കൂട്ടരെ പകരം വെക്കാനില്ല എന്ന യാഥാർഥ്യം അംഗീകരിച്ചിരിക്കുന്നു. ഹമാസില്ലാത്ത ഒരു ഫലസ്തീൻ ഭരണകൂടത്തെ കുറിച്ചാണ് ഇപ്പോഴും പടിഞ്ഞാറൻ ശക്തികളും ഭൂരിഭാഗം അറബ് രാജ്യങ്ങളും സ്വപ്നം കാണുന്നത്. പക്ഷേ ഇവരെല്ലാം ഒരു സത്യം വിസ്മരിച്ചുകളയുന്നു. ഹമാസ് എന്നത് ഒരു ആശയമാണ്. സയണിസ്റ്റ് സാമ്രാജ്യത്വ പ്രഹേളികക്കെതിരായ ചെറുത്തുനിൽപ്പിന്റെ മറുവാക്ക്. അതിനെ മിലീഷ്യ രൂപത്തിലേക്ക് മാറ്റിയെടുത്തത് സാഹചര്യമാണ്. ഇസ്റാഈൽ അധിനിവേശം തുടങ്ങിയ അന്ന് തൊട്ട് തുറന്നുവിട്ട കൈരാതവും നിഷ്ഠുരതയും ഓരോ കുഞ്ഞിന്റെ കൈയിലും വെച്ചുകൊടുക്കുന്ന കവണക്കല്ലുകളാണ് പിന്നീട് മാരകശേഷിയുള്ള ആയുധങ്ങളായി മാറുന്നത്.
70,000 സഹോദരങ്ങളെ ബലി കഴിക്കേണ്ടിവന്നിട്ടും പോരാട്ടഭൂമിയിൽ അചഞ്ചലചിത്തരായി നിൽക്കുന്ന ഹമാസ് പോരാളി സംഘത്തെ ഇതുവരെ ലോകത്തിനു വേണ്ടവിധം മനസ്സിലാക്കാനായിട്ടില്ല. മരണത്തെ ഭയമില്ലാത്ത ഈ സംഘമാണ് ഫലസ്തീൻ എന്ന സ്വപ്നത്തെ നിലനിർത്തുന്നതും യു എസ് -ഇസ്റാഈലി വൻശക്തികളെ ഭയപ്പെടുത്തുന്നതും എന്ന യാഥാർഥ്യം അരക്കിട്ടുറപ്പിക്കുന്നതാണ് അവസാനം പുലർന്നുകൊണ്ടിരിക്കുന്ന സമാധാനത്തിന്റെ അരുണോദയം. പക്ഷേ, ഇന്നേ വരെ പറഞ്ഞതെല്ലാം വിഴുങ്ങി ഫലസ്തീനെ അംഗീകരിക്കാനും ഹമാസിന്റെ ഭരണനേതൃത്വത്തെ അയൽപക്കത്ത് നിർത്താനും നെതന്യാഹു എന്ന കിരാതൻ തയ്യാറാകുമെന്ന് കരുതാൻ വളരെ പ്രയാസമുണ്ട്. ട്രംപിനെ ഉറക്കിക്കിടത്തി എന്തെങ്കിലും കാരണം പറഞ്ഞ് യുദ്ധമുഖം വീണ്ടും തുറന്നില്ലെങ്കിൽ തന്റെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞുവെന്ന് ചിന്തിക്കുന്ന മനുഷ്യനിൽ നിന്ന് ലോകത്തിന് എന്തും പ്രതീക്ഷിക്കാം.