Connect with us

Kerala

മഹാധമനിയില്‍ അതീവ സങ്കീര്‍ണ ചികിത്സ; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നു പുതുജീവന്‍ നേടി തമിഴ് യുവാവ്

വാഹനാപകടത്തില്‍ മഹാധമനിക്ക് ഗുരുതര പരിക്കേറ്റ തമിഴ്‌നാട് തിരുപ്പത്തൂര്‍ സ്വദേശി 32 വയസുകാരനായ പ്രശാന്തിനാണ് ജീവിതം തിരിച്ചു പിടിക്കാനായത്

Published

|

Last Updated

കോഴിക്കോട് | മഹാധമനിയില്‍ അതീവ സങ്കീര്‍ണമായ എന്‍ഡോ വാസ്‌ക്കുലാര്‍ ചികിത്സ വഴി യുവാവിന് പുതുജീവന്‍ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി.

വാഹനാപകടത്തില്‍ മഹാധമനിക്ക് ഗുരുതര പരിക്കേറ്റ തമിഴ്‌നാട് തിരുപ്പത്തൂര്‍ സ്വദേശി 32 വയസുകാരനായ പ്രശാന്തിനാണ് ജീവിതം തിരിച്ചു പിടിക്കാനായത്. കേരളത്തില്‍ തീര്‍ഥയാത്രയ്‌ക്കെതിയ കുടുംബം കണ്ണൂരില്‍ നിന്ന് ശബരിമലയിലേക്കുള്ള യാത്രാമധ്യേ കോഴിക്കോട്ടുവച്ച് അപകടത്തില്‍ പെടുകയായിരുന്നു. വാഹനത്തിന്റെ മുന്‍ സീറ്റില്‍ ഇരുന്ന യുവാവ് സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല.

കാലിലെ എല്ലുകള്‍ക്കും വാരിയെല്ലുകള്‍ക്കും ഒടിവ് സംഭവിച്ചു. ശ്വസിക്കാന്‍ കഴിയാത്തവിധമാണ് പ്രശാന്തിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം ഐ സി യുവില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് സി ടി സ്‌കാന്‍ പരിശോധനയിലാണ് അയോര്‍ട്ട എന്ന സുപ്രധാന രക്തക്കുഴലിനു മുറിവ് പറ്റി ശ്വാസകോശത്തിലേക്കു രക്തസ്രാവം ഉണ്ടായ അവസ്ഥ കണ്ടെത്തിയത്. ഹൃദയത്തില്‍ നിന്ന് തലച്ചോറടക്കം ശരീരത്തിന്റെ പ്രധാന ഭാഗങ്ങളിലേക്ക് രക്തമെത്തിക്കുന്ന മഹാധമനിയാണ് അയോര്‍ട്ട.

റേഡിയോളജി വകുപ്പിലെ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗത്തിലേക്ക് വിദഗ്ധ ചികിത്സക്ക് റഫര്‍ ചെയ്യുകയും ഉടനടി ഫെനിസ്‌ട്രേഷന്‍ ഈവാര്‍ എന്ന ചികിത്സ നടത്തുകയുമായിരുന്നു. കാലിലെ രക്തക്കുഴലില്‍ ഉണ്ടാക്കുന്ന ആറു മില്ലിമീറ്റര്‍ മാത്രം വലിപ്പമുള്ള പിന്‍ ഹോളിലൂടെ സ്റ്റെന്റ് കടത്തിവിടുന്ന ചികിത്സയാണ് ഈവാര്‍. ചില രോഗികളില്‍ ഈ സ്റ്റെന്റില്‍ സൂക്ഷ്മതയോടെ ചെറിയ ദ്വാരമിട്ടു മറ്റൊരു സ്റ്റെന്റ് കടത്തിവിടുന്ന ചികിത്സയാണ് ഫെനിസ്‌ട്രേഷന്‍ ഈവാര്‍. ചികിത്സക്ക് ശേഷം ക്രിട്ടിക്കല്‍ അവസ്ഥയില്‍ നിന്ന് മോചിതനായ യുവാവിന് കാലിലെ എല്ലുകള്‍ക്ക് ഓര്‍ത്തോ വിഭാഗം ചികിത്സ നല്‍കി.

ഈ സങ്കീര്‍ണമായ ചികിത്സയിലൂടെ ജീവന്‍ തിരിച്ചു കിട്ടിയ യുവാവ് പൂര്‍ണ ആരോഗ്യവാനായി നാട്ടിലേക്ക് മടങ്ങിയതായി പ്രിന്‍സിപ്പല്‍ ഡോ. സജീത്കുമാര്‍ അറിയിച്ചു. സര്‍ജറി വിഭാഗം മേധാവിയും ആശുപത്രി സൂപ്രണ്ടുമായ ഡോ. ശ്രീജയന്‍, റേഡിയോളജി വിഭാഗം മേധാവി ഡോ. ദേവരാജന്‍, ഓര്‍ത്തോ വിഭാഗം യൂണിറ്റ് മേധാവി ഡോ. സിബിന്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റ് ഡോ. രാഹുല്‍ എന്നിവര്‍ നേതൃത്വം നല്‍കിയ ഡോക്ടര്‍മാരുടെയും നേഴ്‌സ്, റേഡിയോളജി കാത്ത് ലാബ് സ്റ്റാഫ് എന്നിവരുടെയും ടീമാണ് ചികിത്സ നല്‍കിയത്.

 

---- facebook comment plugin here -----

Latest