Kerala
മുകേഷിന് സംരക്ഷണം തീര്‍ക്കാന്‍ സിപിഐഎം ഇറങ്ങിയതു പോലെ രാഹുലിനുവേണ്ടി യൂത്ത് കോണ്‍ഗ്രസ് ഇറങ്ങില്ല: ഓ ജെ ജനീഷ്
ഏത് അന്വേഷണം ഉണ്ടെങ്കിലും നടക്കട്ടെ. കോടതിയാണ് ശിക്ഷ വിധിക്കേണ്ടത്. പരാതിക്കാരിക്ക് നീതികിട്ടണമെന്നും ജനീഷ്
തിരുവനന്തപുരം|പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഔദ്യോഗിക പരാതികള്‍ വരും മുമ്പേ കോണ്‍ഗ്രസ് നടപടിയെടുത്തുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനിഷ്. യൂത്ത് കോണ്‍ഗ്രസ് സ്ഥാനത്തുനിന്ന് മാറ്റി എടുക്കാവുന്ന നടപടികള്‍ പാര്‍ട്ടി നേരത്തെ എടുത്തതാണ്. രാഹുലിനെതിരെ പരാതി ഇപ്പോഴാണ് വന്നത്. ഏത് അന്വേഷണം ഉണ്ടെങ്കിലും നടക്കട്ടെ. കോടതിയാണ് ശിക്ഷ വിധിക്കേണ്ടത്. പരാതിക്കാരിക്ക് നീതികിട്ടണമെന്നും ജനീഷ് പറഞ്ഞു.
നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാം. അതിന് യൂത്ത് കോണ്‍ഗ്രസ് എതിര് നില്‍ക്കില്ല. മുകേഷിന് സംരക്ഷണം തീര്‍ക്കാന്‍ സിപിഐഎം ഇറങ്ങിയത് പോലെ രാഹുലിനുവേണ്ടി യൂത്ത് കോണ്‍ഗ്രസ് ഇറങ്ങില്ലെന്നും ജനീഷ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ലൈംഗിക പീഡനക്കേസ് ചുമത്തിയതിന് പിറകെ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി പോലീസ്. പ്രതി വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെരെ എഫ്‌ഐആറില്‍ ഗുരുതര പരാമര്‍ശങ്ങളുണ്ട്. വിവിധ ഇടങ്ങളില്‍ എത്തിച്ചു ബലാത്സംഗം ചെയ്തു എന്നും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ ഉണ്ട്. തിരുവനന്തപുരത്തും പാലക്കാടും വെച്ച് മൂന്നുതവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.



