Articles
ഇന്ത്യയിലെ തൊഴില്‍ സുരക്ഷ അരക്ഷിതമാകുമോ?
പുതിയ നാല് ലേബര്‍ കോഡുകള്‍ ഇന്ത്യയിലെ കോടിക്കണക്കായ തൊഴിലാളികളുടെ ജീവിതത്തെ, തൊഴില്‍ സാഹചര്യത്തെ, അവരുടെ വേതന വ്യവസ്ഥകളെയെല്ലാം ബാധിക്കുമെന്നതില്‍ സംശയമില്ല. പുതിയ നിയമങ്ങള്‍ ഇന്ത്യയിലെ ഏതാണ്ട് എല്ലാ തൊഴിലാളികളുടെയും തൊഴില്‍ സാഹചര്യങ്ങളില്‍ എത്ര ആഴത്തില്‍ സ്വാധീനമുണ്ടാക്കുമെന്നതാണ് സമൂഹം കാത്തിരുന്ന് കാണേണ്ടത്.
കോടിക്കണക്കിന് മനുഷ്യര്‍ വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്ന രാജ്യമാണ് ഇന്ത്യ. നിശ്ചിത സമയം ജോലി ചെയ്ത് ശമ്പളം പറ്റുന്ന ഈ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്താനുമായി രാജ്യത്ത് നിലവിലുണ്ടായിരുന്ന 29 തൊഴില്‍ നിയമങ്ങളെയും മറ്റ് നിരവധി തൊഴില്‍ ചട്ടങ്ങളെയും ഏകീകരിച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി നാല് പുതിയ ലേബര്‍ കോഡുകള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നിരിക്കുന്നത്. ഈ സുപ്രധാന പരിഷ്‌കാരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്വാതന്ത്ര്യത്തിനു ശേഷം കൊണ്ടുവന്ന ഏറ്റവും വലിയ തൊഴില്‍ പരിഷ്‌കാരം എന്നാണ് വിശേഷിപ്പിച്ചത്. ഈ നാല് കോഡുകള്‍ ഇന്ത്യന്‍ തൊഴിലാളികളുടെ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരും എന്നതില്‍ സംശയമില്ല. തൊഴിലാളികള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ ഉറപ്പാക്കുന്നതോടൊപ്പം തന്നെ, തൊഴിലാളികളെ നിയമിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന കമ്പനികള്‍ക്ക് വേണ്ടി നിയമങ്ങള്‍ കൂടുതല്‍ ലളിതമാക്കുന്ന കോഡുകളാണ് കൊണ്ടുവന്നിട്ടുള്ളതെന്നാണ് സര്‍ക്കാര്‍ പക്ഷം. 2020ല്‍ പാര്‍ലിമെന്റ്പാസ്സാക്കിയ തൊഴില്‍ കോഡുകളാണ് അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം നടപ്പില്‍ വരുന്നത്.
പുതിയ തൊഴില്‍ നിയമങ്ങളെ പ്രധാനമായും നാല് കോഡുകളായാണ് വര്‍ഗീകരിച്ചിരിക്കുന്നത്. ഒന്നാമത്തേത്, വേതന വ്യവസ്ഥകള്‍ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്ന കോഡ് ഓണ്‍ വേജസ് (2019) ആണ്. ഇത് പഴയ പെയ്‌മെന്റ്ഓഫ് വേജ് ആക്ട്, മിനിമം വേജ് ആക്ട് അടക്കമുള്ള നാല് നിയമങ്ങള്‍ ഒന്നിച്ചുചേര്‍ത്താണ് രൂപവത്കരിച്ചത്. മിനിമം വേതനം, തുല്യ ജോലിക്ക് തുല്യ വേതനം, ബോണസ്, ഓവര്‍ടൈം തുടങ്ങിയ കാര്യങ്ങള്‍ ഈ കോഡില്‍ പറയുന്നു. രണ്ടാമത്തേത്, വ്യവസായബന്ധം വിശദീകരിക്കുന്ന ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് ആണ്. ഇത് പഴയ ട്രേഡ് യൂനിയന്‍ ആക്ട്, ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്മെന്റ്സ്റ്റാന്‍ഡിംഗ് ഓര്‍ഡേഴ്‌സ് ആക്ട് തുടങ്ങിയ മൂന്ന് നിയമങ്ങളെ ഉള്‍ക്കൊള്ളിക്കുന്നു. മൂന്നാമത്തേത്, സാമൂഹിക സുരക്ഷയെക്കുറിച്ച് പരാമര്‍ശിക്കുന്ന കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി ആണ്. ഇ പി എഫ്, ഇ എസ് ഐ, മെറ്റേര്‍ണിറ്റി ബെനഫിറ്റ്, ഗ്രാറ്റുവിറ്റി തുടങ്ങിയവ ഉള്‍പ്പെടെ ഒമ്പത് പഴയ നിയമങ്ങള്‍ ഒന്നിച്ചുചേര്‍ത്താണ് ഈ കോഡ് നിര്‍മിച്ചിട്ടുള്ളത്. നാലാമത്തേത്, തൊഴിലാളികളുടെ ഫാക്ടറി സുരക്ഷ വിവരിക്കുന്ന ഒക്യുപ്പേഷനല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിംഗ് കണ്ടീഷന്‍സ് കോഡ് (സുരക്ഷാ കോഡ്) ആണ്. ഫാക്ടറീസ് ആക്ട് അടക്കമുള്ള പഴയ 13 നിയമങ്ങള്‍ ഒന്നിച്ചു ചേര്‍ത്താണ് ഈ നിയമം ഉണ്ടാക്കിയിട്ടുള്ളത്.
പുതിയ കോഡുകള്‍ പ്രകാരം തൊഴിലാളികള്‍ക്ക് സുപ്രധാന സാമ്പത്തിക ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നുണ്ട്. ഗ്രാറ്റുവിറ്റി ആനുകൂല്യത്തിന് അര്‍ഹത ലഭിക്കുന്നതിനുള്ള കാലപരിധി ലഘൂകരിച്ചതാണ് അതില്‍ പ്രധാനം. നേരത്തേ അഞ്ച് വര്‍ഷം ജോലി ചെയ്ത ജീവനക്കാര്‍ക്കായിരുന്നു അര്‍ഹതയെങ്കില്‍, പുതിയ നിയമപ്രകാരം ഒരു വര്‍ഷം തുടര്‍ച്ചയായി ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന എല്ലാ സ്ഥിരം ജീവനക്കാര്‍ക്കും ഗ്രാറ്റുവിറ്റി ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. എല്ലാ മേഖലയിലെയും തൊഴിലാളികള്‍ക്ക് ദേശീയതലത്തില്‍ തന്നെ മിനിമം വേതനം നടപ്പാക്കാന്‍ ഈ കോഡില്‍ പറയുന്നു. ഈ മിനിമം വേതനം അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ പരിഷ്‌കരിക്കാനും തീരുമാനമായിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിശ്ചയിക്കുന്ന വേതനത്തില്‍ അധികം ശമ്പളം കിട്ടാത്ത ആളുകള്‍ക്ക് കമ്പനികള്‍ ബോണസ് തുകയും നല്‍കണമെന്ന് പുതിയ കോഡ് പറയുന്നു. വേതനം എന്ന് പറയുമ്പോള്‍ അതില്‍ അടിസ്ഥാന വേതനം മാത്രമല്ല, ഡി എ, എച്ച് ആർ എ എന്നിവയെല്ലാം ഉള്‍പ്പെടുമെന്നും പുതിയ ലേബര്‍ കോഡ് പറയുന്നു. മറ്റൊരു സുപ്രധാന മാറ്റം സ്വിഗ്ഗി, സൊമാറ്റോ, ഇൻസ്റ്റമാര്‍ട്ട് തുടങ്ങിയ ഡെലിവറി ജോലികള്‍ ചെയ്യുന്ന ഗിഗ് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരും ഇനി “തൊഴിലാളി’ എന്ന നിര്‍വചനത്തിന്റെ പരിധിയില്‍ വരുമെന്നതാണ്.
തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിനും തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പുതിയ നിയമങ്ങളില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കാന്‍ 40 വയസ്സിന് മുകളിലുള്ള തൊഴിലാളികള്‍ക്ക് തൊഴിലുടമകള്‍ വര്‍ഷംതോറും മെഡിക്കല്‍ പരിശോധനകള്‍ നിര്‍ബന്ധമായും സൗജന്യമായി നല്‍കേണ്ടതുണ്ടെന്നും ഈ കോഡില്‍ പറയുന്നു. അപകടകരമായ ജോലി ചെയ്യുന്നവര്‍ക്ക് ഇ എസ് ഐ ഇന്‍ഷ്വറന്‍സുണ്ട്. ഇ എസ് ഐ സിയില്‍ ചേരല്‍ നിര്‍ബന്ധവുമാണ്. ജോലിക്കായി പോകുമ്പോഴോ തിരിച്ചു വരുമ്പോഴോ അപകടത്തില്‍ പെട്ടാല്‍ അത് തൊഴിലുമായി ബന്ധപ്പെടുത്തി ഇന്‍ഷ്വറന്‍സിന്റെ പരിധിയില്‍ വരും. നഷ്ടപരിഹാരം നല്‍കാന്‍ കമ്പനികള്‍ ബാധ്യസ്ഥരുമാണ്. രേഖാമൂലമുള്ള അപ്പോയിന്റ്മെന്റ് ലെറ്റര്‍ കൂടാതെ ഒരു തൊഴിലാളിയെയും നിയമിക്കാന്‍ കഴിയില്ലെന്നും സ്ഥിരം ജീവനക്കാര്‍ക്ക് ലഭിക്കുന്ന അതേ അവധി, നിയന്ത്രിത ജോലി സമയം, മെഡിക്കല്‍ ആനുകൂല്യങ്ങള്‍ ഇവയെല്ലാം കരാര്‍ ജീവനക്കാര്‍ക്കും ലഭിക്കേണ്ടതുണ്ടെന്നും ഈ കോഡ് വ്യക്തമാക്കുന്നു. എല്ലാ കമ്പനികളും കൃത്യസമയത്ത് ശമ്പളം നല്‍കണമെന്നും അത് മാസത്തിലെ ഏഴാം തീയതിക്കകം ഉറപ്പാക്കണമെന്നും പുതിയ കോഡില്‍ നിര്‍ദേശങ്ങളുണ്ട്. സുരക്ഷ ഉറപ്പാക്കുന്ന പക്ഷം, സ്ത്രീകള്‍ക്ക് രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെ ഏത് മേഖലയിലും, ഖനനം പോലുള്ള വ്യവസായങ്ങളില്‍ പോലും, നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ സാധിക്കുമെന്നാണ് ഈ കോഡ് വ്യക്തമാക്കുന്നത്. ഓവര്‍ടൈം ചെയ്യുന്നവര്‍ക്ക് ഇരട്ടി വേതനം ലഭിക്കണമെന്നതും സുരക്ഷാ കോഡിന് കീഴില്‍ വരുന്ന പ്രധാന വ്യവസ്ഥയാണ്.
സര്‍ക്കാറും വ്യവസായ സംഘടനകളും ഈ പരിഷ്‌കാരങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോള്‍, ട്രേഡ് യൂനിയനുകള്‍ പ്രധാനമായും തൊഴില്‍ സുരക്ഷയെയും യൂനിയന്‍ പ്രവര്‍ത്തനങ്ങളെയും പരിമിതപ്പെടുത്തുന്നതിനെ വിമര്‍ശിക്കുന്നു. തൊഴിലാളികളുടെ തൊഴില്‍ സുരക്ഷ ഇല്ലാതാകുമെന്നാണ് ഒരു പ്രധാന ആശങ്ക. പുതിയ കോഡ് പ്രകാരം, ഒരു സ്ഥാപനത്തില്‍ 300ല്‍ താഴെ തൊഴിലാളികള്‍ മാത്രമേ ഉള്ളൂവെങ്കില്‍ സര്‍ക്കാറിന്റെ അനുമതി വാങ്ങാതെ തന്നെ എപ്പോള്‍ വേണമെങ്കിലും തൊഴിലാളികളെ പിരിച്ചുവിടാം (ലേ ഓഫ്/ക്ലോഷര്‍). നേരത്തേ 100 തൊഴിലാളികള്‍ എന്നതായിരുന്നു മാനദണ്ഡം. യൂനിയന്‍ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതും ട്രേഡ് യൂനിയന്‍ രൂപവത്കരിക്കാന്‍ ഒന്നുകില്‍ 100 തൊഴിലാളികള്‍ മെമ്പര്‍ഷിപ്പ് വേണം അല്ലെങ്കില്‍ ആകെ ജീവനക്കാരില്‍ 10 ശതമാനം പേര്‍ അംഗങ്ങളായിരിക്കണം എന്നുള്ളതും മുമ്പുള്ള നിയമത്തെ അപേക്ഷിച്ച് തൊഴിലാളികളുടെ സ്വാതന്ത്ര്യത്തെ വെട്ടിക്കുറക്കുന്നതാണ്. നേരത്തേ ഏഴ് തൊഴിലാളികളുള്ള സ്ഥാപനത്തില്‍ സംഘടന രൂപവത്കരിക്കാമായിരുന്നു. പുതിയ കോഡ് അനുസരിച്ച് തൊഴിലാളികള്‍ അല്ലാത്തവര്‍ ട്രേഡ് യൂനിയന്‍ ഭാരവാഹിത്വത്തില്‍ വരാന്‍ പാടില്ല. സമരം തുടങ്ങണമെങ്കില്‍ 14 ദിവസം മുമ്പ് നോട്ടീസ് നല്‍കണം. നോട്ടീസ് നല്‍കി ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് സമരം നടത്താന്‍ പാടില്ല എന്നതൊക്കെ പുതിയ കോഡില്‍ കൊണ്ടുവന്നത് തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്നു. ഈ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ 50,000 രൂപ പിഴയും ഒരു മാസം തടവും ശിക്ഷയായി ലഭിക്കും. പുതിയ നിയമപ്രകാരം 12 മണിക്കൂര്‍ വരെ ജോലി സമയം അനുവദിക്കുന്നുണ്ട്. ഇത് തൊഴിലാളികളെ ചൂഷണം ചെയ്യാനുള്ള സാധ്യത തുറന്നിടുകയാണ്.
പുതിയ നാല് ലേബര്‍ കോഡുകള്‍ നിലവില്‍ വന്നത് കേന്ദ്ര സര്‍ക്കാറിന്റെ വ്യവസായ ആനുകൂല്യ നയത്തോട് ചേര്‍ന്നുകൊണ്ടാണ്. നിയമങ്ങള്‍ ലളിതമാകുന്നതിലൂടെ കമ്പനികളിലേക്ക് കൂടുതല്‍ നിക്ഷേപം വരുമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നുമാണ് സര്‍ക്കാറും വ്യവസായ സംഘടനകളും പറയുന്നത്. ഈ പരിഷ്‌കരണങ്ങള്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ സുരക്ഷ, മിനിമം വേതനം, സോഷ്യല്‍ സെക്യൂരിറ്റി, ഗ്രാറ്റുവിറ്റി എന്നിവ ഉറപ്പാക്കും. അതേസമയം, ജോലി സുരക്ഷ ഇല്ലാതാകുമെന്നും സമരം ചെയ്യാനുള്ള അവകാശം പരിമിതപ്പെടുമെന്നും ട്രേഡ് യൂനിയനുകള്‍ ചൂണ്ടിക്കാണിക്കുന്നു.
പുതിയ നാല് ലേബര്‍ കോഡുകള്‍ ഇന്ത്യയിലെ കോടിക്കണക്കായ തൊഴിലാളികളുടെ ജീവിതത്തെ, അവരുടെ തൊഴില്‍ സാഹചര്യത്തെ, അവരുടെ വേതന വ്യവസ്ഥകളെയെല്ലാം ബാധിക്കുമെന്നതില്‍ സംശയമില്ല. പുതിയ നിയമങ്ങള്‍ ഇന്ത്യയിലെ ഏതാണ്ട് എല്ലാ തൊഴിലാളികളുടെയും തൊഴില്‍ സാഹചര്യങ്ങളില്‍ എത്ര ആഴത്തില്‍ സ്വാധീനമുണ്ടാക്കുമെന്നതാണ് സമൂഹം കാത്തിരുന്ന് കാണേണ്ടത്.




