Kerala
വ്യക്തികളുടെ ലൈവ് ലൊക്കേഷനുകളും സി ഡി ആറും ചോര്‍ത്തിയ കേസ്; മുഖ്യപ്രതി അടൂര്‍ സ്വദേശിയുടെ സഹായി യുപി പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
അറസ്റ്റ് പത്തനംതിട്ട സൈബര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍
പത്തനംതിട്ട | പത്തനംതിട്ട സൈബര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉത്തര്‍പ്രദേശ് പ്രതാപ്ഗര്‍ ജില്ലയിലെ പോലീസ് സൂപ്രണ്ടിന്റെ കോള്‍ സര്‍വയലന്‍സ് ഓഫീസര്‍ അറസ്റ്റില്‍. വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും മൊബൈല്‍ നമ്പരുകളുടെ ലൈവ് ലൊക്കേഷനുകളും കോള്‍ ഡേറ്റ റിക്കാര്‍ഡുകളും ചോര്‍ത്തി നല്‍കിയതിനാണ് ഉത്തര്‍പ്രദേശ് മീററ്റ് സ്വദേശിയായ സോനു എന്നു വിളിക്കുന്ന പ്രവീണ്‍കുമാര്‍(36) നെ അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് വന്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ സൂത്രധാരകനാണ് അറസ്റ്റിലായ പോലിസ് ഉദ്യോഗസ്ഥന്‍.
കേസിലെ ഒന്നാം പ്രതിയായ അടൂര്‍ സ്വദേശി ജോയല്‍ വി ജോസിന്റെ മുഖ്യ സഹായിയാണ് അറസ്റ്റിലായ ഉത്തര്‍ പ്രദേശിലെ പോലിസ് ഉദ്യോഗസ്ഥന്‍. കേസിലെ രണ്ടാം പ്രതി ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി ഹിരാല്‍ ബെന്‍അനൂജ് പട്ടേല്‍ (37) നെയും അന്വേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൊബൈല്‍ നമ്പരുകളുടെ ലൈവ് ലൊക്കേഷനും കോള്‍ ഡേറ്റ റിക്കാര്‍ഡും എടുത്തു നല്കുണന്നതിനു സഹായിച്ചവരെ കണ്ടെത്തുന്നതനായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍ ആന്ദന് പ്രത്യേക അന്വേഷണസംഘം രൂപികരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. പ്രതി ഡല്‍ഹിയില്‍ ഉളളതായി മനസ്സിലാക്കിയതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലാ ക്രൈം റിക്കോര്‍ഡ് ബ്യൂറോ ഡിവൈ എസ് പി ബിനു വര്‍ഗീസിന്റെ മേല്‍നോട്ടത്തില്‍ പത്തനംതിട്ട സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സുനില്‍ കൃഷ്ണന്‍ ബി കെ, എസ് ഐ ആശ വി ഐ, എ എസ് ഐ ശ്രീകുമാര്‍ സി ആര്‍, സീനിയര്‍ സി പി ഒമാരായ രാജേഷ് ജെ, പ്രസാദ് എം ആര്‍, സിവില്‍ പോലീസ് ഓഫീസര്‍ സഫൂറാമോള്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു




