Kerala
എസ് ഐ ആര്‍ ജോലി സമ്മര്‍ദം: വീണ്ടും ആത്മഹത്യ; മരിച്ചത് യു പിയിലെ ഗോണ്ട സ്വദേശി
ആത്മഹത്യാ ശ്രമം നടത്തിയതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ വിപിന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ലക്നോ | എസ് ഐ ആര്‍ ജോലിക്കിടെ ആത്മഹത്യക്കു ശ്രമിച്ച ബി എല്‍ ഒ മരിച്ചു. യു പിയിലെ ഗോണ്ടയിലാണ് സംഭവം. ജയിത്പുര്‍ മജയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകനായ വിപിന്‍ യാദവ് എന്നയാളാണ് മരിച്ചത്. വിഷം അകത്തു ചെന്നാണ് മരണം.
ആത്മഹത്യാ ശ്രമം നടത്തിയതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ വിപിന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വിപിനെ ആദ്യം ഗോണ്ട മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് ലക്‌നോയിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിപിന്‍ ജോലി സമ്മര്‍ദം തുറന്നുപറയുന്ന വീഡിയോ പുറത്തായിട്ടുണ്ട്. മേലുദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനം നേരിട്ടതായി വീഡിയോയില്‍ ആരോപിക്കുന്നു. രാജ്യത്ത് എസ് ഐ ആര്‍ ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദം കാരണം രണ്ടാഴ്ചക്കിടെ ആറുപേരാണ് ജീവനൊടുക്കിയത്.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 2552056).



