Articles
എ ഐ പാഠ്യപദ്ധതി പാരയാകരുത്
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി എ ഐ പഠനം നിര്‍ബന്ധമാക്കുമ്പോള്‍, രാജ്യത്തിന്റെ ഭാവിക്കായുള്ള വാതിലുകളാണ് നാം തുറന്നിടുന്നത്. എന്നാല്‍, പാഠ്യപദ്ധതിയുടെ വേഗം നമ്മുടെ അടിസ്ഥാന സൗകര്യങ്ങളുടെ യാഥാര്‍ഥ്യങ്ങളെ മറികടക്കാന്‍ പാടില്ല. എല്ലാ കുട്ടികള്‍ക്കും തുല്യ അവസരം ലഭിക്കുന്നുണ്ടെന്നും സാങ്കേതികവിദ്യയുടെ 'അടിമ'കളാകാതെ സമര്‍ഥരായ 'ഉപയോക്താക്കള്‍' ആയി വളരാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ടെന്നും ഉറപ്പുവരുത്താന്‍ ഗൗരവമായ ചര്‍ച്ചകള്‍ ഇനിയും ഉയരേണ്ടതുണ്ട്.
ആധുനിക വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ കാല്‍വെപ്പാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്ന് ഈയിടെയുണ്ടായത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ (202526) മൂന്നാം തരം മുതല്‍ കുട്ടികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പഠനം നല്‍കാനാണ് തീരുമാനം. ലോകം സാങ്കേതിക വിദ്യയില്‍ അതിവേഗം കുതിച്ചുയരുമ്പോള്‍, അതിനൊപ്പം നമ്മുടെ വിദ്യാര്‍ഥികളെ സജ്ജമാക്കുക എന്ന ലക്ഷ്യമാണ് ഈ നീക്കത്തിന് പിന്നിലുള്ളത്. അതിന് മുന്നോടിയായി, കഴിഞ്ഞ ജൂലൈയില്‍ ‘സ്‌കില്ലിംഗ് ഫോര്‍ എ ഐ റെഡിനെസ്സ്’ എന്ന പദ്ധതിക്ക് സി ബി എസ് ഇ സ്‌കൂളുകളില്‍ തുടക്കം കുറിച്ചിരുന്നു.
എങ്കിലും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ലോകത്തേക്ക് ഇത്ര ചെറുപ്പത്തില്‍ തന്നെ കുട്ടികളെ കൈപിടിച്ചുയര്‍ത്തുന്നത് ശരിയായ നടപടിയാണോ? കളിപ്പാട്ടങ്ങളും കഥകളും കൂട്ടുകാരുമായി കഴിയേണ്ട കുട്ടികള്‍ക്കു മേല്‍ കോഡിംഗിന്റെ ഭാരം അടിച്ചേല്‍പ്പിക്കുകയാണോ? അതോ, നാളത്തെ ലോകത്തെ നിയന്ത്രിച്ചേക്കാവുന്ന സാങ്കേതികവിദ്യയുടെ അടിസ്ഥാനപാഠങ്ങള്‍ ഒരു അത്യാവശ്യ സാക്ഷരതയുടെ ഭാഗമായി കണക്കാക്കേണ്ടതുണ്ടോ? തുടങ്ങിയ ഈ വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ സാധ്യതകളും വെല്ലുവിളികളും ഗൗരവമായിത്തന്നെ നാം പരിഗണിക്കേണ്ടതുണ്ട്.
എ ഐ സാക്ഷരതയും വൈദഗ്ധ്യവും
എ ഐ പഠനത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍, എ ഐ സാക്ഷരതയെയും എ ഐ വൈദഗ്ധ്യത്തെയും വേര്‍തിരിച്ച് മനസ്സിലാക്കേണ്ടതുണ്ട്. ഒരു സാധാരണ പൗരനെന്ന നിലയില്‍, എ ഐ സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസ്സിലാക്കാനും അതിന്റെ പ്രതികരണങ്ങളെയും ഉത്പന്നങ്ങളെയും യുക്തിസഹമായും വിമര്‍ശനാത്മകമായും വിലയിരുത്താനും പ്രാപ്തമാക്കുന്ന അടിസ്ഥാന അറിവാണ് എ ഐ സാക്ഷരത. എ ഐ ടൂളുകള്‍ വികസിപ്പിക്കുക, എ ഐ ഉത്പന്നങ്ങള്‍ നിര്‍മിക്കുക, അല്ലെങ്കില്‍ എ ഐ മൂല്യ ശൃംഖലയില്‍ സാങ്കേതികമായി സംഭാവന നല്‍കുക എന്നീ നിര്‍മാണപരമായ കാര്യങ്ങളെയാണ് എ ഐ വൈദഗ്ധ്യം കൊണ്ട്് വിവക്ഷിക്കുന്നത്.
പുതിയ പാഠ്യപദ്ധതിയുടെ ഉള്ളടക്കം പരിശോധിക്കുമ്പോള്‍ ഈ വേര്‍തിരിവ് വ്യക്തമാണ്. ആറാം ക്ലാസ്സിലെ പഠനം പ്രധാനമായും എ ഐ സാക്ഷരതയില്‍ ഊന്നിയുള്ളതാണ്. ഇവിടെ കുട്ടികളെ പരിശീലിപ്പിക്കുന്നത് സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനരീതികള്‍, ഡാറ്റാ സയന്‍സിന്റെ അടിസ്ഥാനങ്ങള്‍, എ ഐയുടെ ധാര്‍മികവശങ്ങള്‍ എന്നിവ മനസ്സിലാക്കാനാണ്. എല്ലാ വിദ്യാര്‍ഥികള്‍ക്കും എ ഐ ലോകത്ത് ജീവിക്കാനാവശ്യമായ ‘അത്യാവശ്യ അറിവ്’ നല്‍കുക എന്നതാണ് ഈ ഘട്ടത്തിലെ ലക്ഷ്യം.
എന്നാല്‍, 11ഉം 12ഉം ക്ലാസ്സുകളിലേക്ക് എത്തുമ്പോള്‍ പാഠ്യപദ്ധതിയുടെ ശ്രദ്ധ എ ഐ വൈദഗ്ധ്യങ്ങളിലേക്ക് മാറുന്നു. പൈത്തണ്‍ പ്രോഗ്രാമിംഗ്, നാച്വറല്‍ ലാംഗ്വേജ് പ്രോസസ്സിംഗ് പോലുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സാങ്കേതിക പരിശീലനം നല്‍കുന്നു. ശാസ്ത്ര-സാങ്കേതിക മേഖലയില്‍ കരിയര്‍ ലക്ഷ്യമിടുന്നവര്‍ക്ക് എ ഐ ഉത്്പന്നങ്ങളുടെ നിര്‍മാതാക്കളായി മാറാന്‍ ആവശ്യമായ അടിത്തറ ഇവിടെ ഒരുക്കുന്നു. ഇത് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കാഴ്ചപ്പാടുകള്‍ക്ക് അനുസൃതമായ ഒരു പരിഷ്‌കരണമാണ്.
പഠനത്തിലെ എ ഐ പ്രത്യാഘാതം
ആഗതമായിരിക്കുന്ന ഭാവിയില്‍ എ ഐ ചെലുത്തുന്ന സ്വാധീനം പരിഗണിച്ചെടുത്ത ഈ സുപ്രധാന തീരുമാനം രാജ്യത്തിന്റെ പുരോഗതിക്ക് അനിവാര്യമാണെങ്കിലും, ചെറുതല്ലാത്ത ആശങ്കകളും വെല്ലുവിളികളും ഇത്തരുണത്തില്‍ ഉയരുന്നുണ്ട്. ഈ സാങ്കേതികവിദ്യ പഠന രീതിയിലും കുട്ടികളുടെ പ്രവര്‍ത്തന സംസ്‌കാരത്തിലും വരുത്തുന്ന പ്രത്യാഘാതങ്ങള്‍ അതീവ ഗൗരവത്തോടെ കാണണം. എ ഐ ഒരു മികച്ച ടൂളായിരിക്കെ തന്നെ, പഠിക്കാനുള്ള സ്വാഭാവികമായ പ്രേരണയെ അത് ഇല്ലാതാക്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. ചില പഠനങ്ങളിലെ നിരീക്ഷണങ്ങള്‍ ഈ ആശങ്കയെ ബലപ്പെടുത്തുന്നു. എ ഐ ഉപയോഗിച്ച് ഉത്തരം കണ്ടെത്തിയ വിദ്യാര്‍ഥികളോട്, ആ ആശയം സ്വന്തം വാക്കുകളില്‍ പുനഃസൃഷ്ടിക്കാനോ വിശദീകരിക്കാനോ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ പരാജയപ്പെട്ടു. അതായത്, റെഡിമെയ്ഡ് ഉത്തരങ്ങളെ ആശ്രയിക്കുമ്പോള്‍, അവരുടെ മൗലികമായ ചിന്താശേഷിയും ആവിഷ്‌കാര ശേഷിയും നഷ്ടപ്പെടുന്നു.
ബെര്‍ക്ക്ലി യൂനിവേഴ്സിറ്റിയിലെ പ്രശസ്ത കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനായ പ്രൊഫസര്‍ സ്റ്റുവര്‍ട്ട് റസ്സല്‍ ഈ പ്രതിഭാസത്തെ ‘അപ-വിദ്യാഭ്യാസം’ (ഉശെലറൗരമശേീി) എന്നാണ് വിശേഷിപ്പിക്കുന്നത്. തലമുറകള്‍ തമ്മിലുള്ള അറിവിന്റെ കൈമാറ്റം എന്ന അടിസ്ഥാന പ്രക്രിയ തന്നെ ഇല്ലാതാക്കുമോ എന്ന ഭയം അദ്ദേഹം പങ്കുവെക്കുന്നു. എ ഐയെ ഒരു ടൂളായി മാത്രം ഉപയോഗിക്കാനും അതിന് അടിപ്പെടാതിരിക്കാനും കുട്ടികളെ പഠിപ്പിക്കേണ്ടത് എ ഐ വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യമാകണമെന്നതിന് ഇത് അടിവരയിടുന്നു.
അടിസ്ഥാന സൗകര്യങ്ങളും അധ്യാപക സജ്ജീകരണവും
ഈ പരിഷ്‌കാരം നടപ്പാക്കുന്നതിലെ ഏറ്റവും വലിയ വെല്ലുവിളികള്‍ അടിസ്ഥാന സൗകര്യങ്ങളുടെയും അധ്യാപക പരിശീലനത്തിന്റെയും കാര്യത്തിലാണ്. ഏകദേശം ഒമ്പത് ശതമാനത്തോളം സ്‌കൂളുകളില്‍ ഒരു അധ്യാപകന്‍ മാത്രമേ ഉള്ളൂ ഈ വിഷയം കൈകാര്യം ചെയ്യാന്‍ സാധിക്കുന്നവര്‍. 35 ശതമാനത്തോളം സ്‌കൂളുകളില്‍ 50ല്‍ കുറവ് വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും മാത്രമാണുള്ളത്. പകുതിയോളം അധ്യാപകര്‍ക്ക് മതിയായ യോഗ്യതയില്ല എന്നതും ഗുരുതരമായ വിഷയമാണ്. ഇലക്ട്രിസിറ്റിയില്ലാത്ത സ്‌കൂളുകളുടെ എണ്ണം ചെറുതല്ല. ഗ്രാമീണ മേഖലയില്‍ ഡിജിറ്റല്‍ വിടവ് ഇന്നും നിലനില്‍ക്കുന്നു.
മതിയായ അധ്യാപകരോ അടിസ്ഥാന വൈദ്യുത സജ്ജീകരണങ്ങളോ ഇല്ലാത്ത സ്‌കൂളുകളില്‍ എങ്ങനെയാണ് ഇത്തരമൊരു പരിഷ്‌കാരം സാധ്യമാകുന്നത്? എ ഐയുടെ സ്വാധീനത്തെയോ ഉത്പന്നങ്ങളെയോ വിമര്‍ശനാത്മകമായി വിലയിരുത്താന്‍ സാധിക്കാത്ത അധ്യാപകര്‍ക്ക് എങ്ങനെയാണ് അത്തരം കഴിവുകള്‍ വിദ്യാര്‍ഥികളിലേക്ക് കൈമാറാന്‍ സാധിക്കുക? 12 വയസ്സ് വരെയുള്ള പ്രായം വിമര്‍ശനാത്മക ചിന്താശേഷിയും അടിസ്ഥാന സാക്ഷരതയും സംഖ്യാജ്ഞാനവുമൊക്കെ ഉറപ്പിക്കേണ്ട സമയമാണ് എന്ന് കരുതുന്നു. ഒരു മിഡില്‍ സ്‌കൂള്‍ തലം മുതലാകാം എ ഐ സാക്ഷരത നല്‍കിത്തുടങ്ങേണ്ടത്. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ എത്തുമ്പോള്‍ താത്പര്യമുള്ളവര്‍ക്ക് എ ഐ വൈദഗ്ധ്യ പരിശീലനം നല്‍കാം.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി എ ഐ പഠനം നിര്‍ബന്ധമാക്കുമ്പോള്‍, രാജ്യത്തിന്റെ ഭാവിക്കായുള്ള വാതിലുകളാണ് നാം തുറന്നിടുന്നത്. എന്നാല്‍, പാഠ്യപദ്ധതിയുടെ വേഗം നമ്മുടെ അടിസ്ഥാന സൗകര്യങ്ങളുടെ യാഥാര്‍ഥ്യങ്ങളെ മറികടക്കാന്‍ പാടില്ല. എല്ലാ കുട്ടികള്‍ക്കും തുല്യ അവസരം ലഭിക്കുന്നുണ്ടെന്നും സാങ്കേതികവിദ്യയുടെ ‘അടിമ’കളാകാതെ സമര്‍ഥരായ ‘ഉപയോക്താക്കള്‍’ ആയി വളരാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ടെന്നും ഉറപ്പുവരുത്താന്‍ ഗൗരവമായ ചര്‍ച്ചകള്‍ ഇനിയും ഉയരേണ്ടതുണ്ട്.




